ഹൈദരാബാദ്: കൊവിഡ് ബാധയുണ്ടെന്ന സംശയത്തില്‍ കൃത്യ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് തെലങ്കാനയിൽ അമ്മയും കുഞ്ഞും മരിച്ചു. ഗഡ്‌വാൾ സ്വദേശിയായ സ്‌ത്രീയിൽ വൈറസ് സാന്നിധ്യമുണ്ടെന്ന രീതിയിൽ പല ആശുപത്രികളിലേക്ക് മാറ്റിയതിനെ തുടർന്നാണ് പ്രസവത്തിന് ശേഷം അമ്മയും കുഞ്ഞും മരിച്ചത്.
ചികിത്സ വൈകിപ്പിച്ചതായി ആരോപണം; അമ്മയും കുഞ്ഞും മരിച്ചു
ഗർഭിണിയായ സ്‌ത്രീക്ക് സമയത്ത് ചികിത്സ നൽകാതെ പല ആശുപത്രികളിലേക്ക് മാറ്റിയതിനെ തുടർന്നാണ് പ്രസവ ശേഷം കുഞ്ഞും തൊട്ടടുത്ത ദിവസം അമ്മയും മരിച്ചത്.
പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഈ മാസം 24ന് ഗഡ്‌വാളിലെ ആശുപത്രിയിൽ സ്‌ത്രീയെ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ, വിളർച്ചയും രക്തസമ്മർദവും ഉള്ളതിനാൽ ഇരുപത് വയസുകാരി സ്ത്രീയെ 50 കിലോമീറ്റർ അകലെ, ആന്ധ്രാപ്രദേശിലെ കർണൂൽ ആശുപത്രിയിലെത്തിക്കാൻ നിർദേശിച്ചു. ലോക്ക് ഡൗൺ മൂലം കർണൂലിലേക്ക് കൊണ്ടുപോകാൻ സാധിക്കാത്തതിനാൽ ബന്ധുക്കൾ സ്ത്രീയെ മഹാബൂബ്‌നഗറിലെ സർക്കാർ ആശുപത്രിയിൽ എത്തിച്ചു. പക്ഷേ, രോഗിയെ ഹൈദരാബാദിലേക്ക് മാറ്റണമെന്നാണ് അവിടെ നിന്നും ലഭിച്ച നിർദേശം. ഹൈദരാബാദിലെ കോട്ടിയിൽ സർക്കാരിന്‍റെ കീഴിൽ പ്രവർത്തിക്കുന്ന, പ്രസവ ചികിത്സിക്കായുള്ള ആശുപത്രിയിൽ രോഗിയെ പ്രവേശിപ്പിച്ചുവെങ്കിലും കൊവിഡ് ബാധിത പ്രദേശമായ ഗഡ്‌വാളിൽ നിന്ന് വരുന്നതിനാൽ അവരെ വൈറസ് ബാധ പരിശോധനക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ടു. പിറ്റേ ദിവസം തന്നെ യുവതിക്ക് കൊവിഡ് ബാധയില്ലെന്നും കണ്ടെത്തി. തുടർന്ന് ഇവരെ പെറ്റ്‌ല ബുർജ് ആശുപത്രിയിലേക്ക് മാറ്റുകയും അവിടെ വച്ച് കഴിഞ്ഞ ഞായറാഴ്‌ച യുവതി ആൺകുട്ടിക്ക് ജന്മം നൽകുകയും ചെയ്‌തു. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ കാരണം നവജാതശിശുവിനെ നിലോഫർ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ, അന്ന് തന്നെ കുഞ്ഞ് മരിച്ചു. യുവതിയുടെ നില വഷളായതിനെ തുടർന്ന് ഒസ്മാനിയ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും തിങ്കളാഴ്‌ച സ്‌ത്രീയും മരിച്ചു.
ചികിത്സ വൈകിപ്പിച്ചതും ആശുപത്രി അധികൃതരിൽ നിന്നുള്ള അനാസ്ഥയും അമ്മയുടെയും ഒരു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്‍റെയും ജീവൻ നഷ്‌ടമാകാൻ കാരണമായെന്ന് മരിച്ച സ്‌ത്രീയുടെ ഭർത്താവ് ആരോപിക്കുന്നു. സംഭവത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് തെലങ്കാന മനുഷ്യാവകാശ കമ്മിഷൻ സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പിനോട് ഈ വിഷയത്തിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.