ഹൈദരാബാദ്: വനിതാ കൗൺസിലർ കൊവിഡ് ബാധിച്ച് മരിച്ചു. തെലങ്കാനയിലെ സങ്കറെഡ്ഡി സ്വദേശിയായ കൗൺസിലർ ഹൈദരാബാദിലെ ഗാന്ധി ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. വൈറസ് ബാധിച്ച് മരിക്കുന്ന ആദ്യത്തെ ജനപ്രതിനിധിയാണ് ഇവർ. കൊവിഡ് ലക്ഷണങ്ങളെ തുടർന്ന് ജൂൺ 30 ന് കൗൺസിലറെ ഹൈദരാബാദിലെ ചെസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ മാസം മൂന്നിന് രോഗം സ്ഥിരീകരിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന് ഗാന്ധി ആശുപത്രിയിലേക്ക് മാറ്റുകയും ഇന്ന് പുലർച്ചെ മരിക്കുകയും ചെയ്‌തു. കൊവിഡ് സ്ഥിരീകരിച്ച കൗൺസിലറുടെ മകനും ഹൈദരാബാദിൽ ചികിത്സയിൽ കഴിയുകയാണ്. കൗൺസിലറുടെ ബന്ധുക്കളിൽ 14 പേരെ ഐസൊലേഷനിലാക്കി.
തെലങ്കാനയിൽ വനിതാ കൗൺസിലർ കൊവിഡ് ബാധിച്ച് മരിച്ചു
കൊവിഡ് ലക്ഷണങ്ങളെ തുടർന്ന് ജൂൺ 30 ന് കൗൺസിലറെ ഹൈദരാബാദിലെ ചെസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന് ഗാന്ധി ആശുപത്രിയിലേക്ക് മാറ്റുകയും ഇന്ന് പുലർച്ചെ മരിക്കുകയും ചെയ്‌തു.
ഹൈദരാബാദിന് ശേഷം തെലങ്കാനയിൽ കൊവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ നഗരമാണ് സങ്കറെഡ്ഡി. സങ്കറെഡ്ഡിയിൽ തഹസിൽദാർക്കും ഭാര്യക്കും കൊവിഡ് സ്ഥിരീകരിച്ചു. അധികൃതർ ഇവരുടെ സമ്പർക്ക പട്ടിക തയ്യാറാക്കുകയാണ്. ബാങ്ക് മാനേജരായ സ്‌ത്രീക്കും കൊവിഡ് സ്ഥിരീകരിച്ചു. തെലങ്കാന ആഭ്യന്തരമന്ത്രി മുഹമ്മദ് മഹ്‌മൂദ് അലിയും തെലങ്കാന രാഷ്ട്ര സമിതിയിലെ മൂന്ന് എംഎൽഎമാർക്കും കഴിഞ്ഞ മാസം രോഗം സ്ഥിരീകരിച്ചു. ആഭ്യന്തരമന്ത്രി രോഗം ഭേദമായി കഴിഞ്ഞയാഴ്‌ച ആശുപത്രി വിട്ടു. 1,590 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ തെലങ്കാനയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 23,902 ആയി ഉയർന്നു. സങ്കറെഡ്ഡി ജില്ലയിൽ നിന്ന് 19 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. സംസ്ഥാനത്ത് ഇതുവരെ 295 പേർ മരിച്ചു.