തെലങ്കാനയില്‍ പന്നിപ്പനി പടരുന്നു; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ് - ഹൈദരാബാദ്:
150 പേര്‍ക്ക് പന്നിപ്പനി സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്. രോഗം പടരാതിരിക്കാൻ മുൻകരുതലുകള്‍ സ്വീകരിക്കണമെന്നും മുന്നറിയിപ്പ്
ഹൈദരാബാദ്: തെലങ്കാനയിൽ പന്നിപ്പനി പടരുന്നു. ഇതുവരെ 150 പേര്‍ക്ക് പന്നിപ്പനി സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. വരും ദിവസങ്ങളിൽ പനി ബാധിച്ചവരുടെ എണ്ണം വര്‍ധിക്കാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി. 370 പേരാണ് പന്നിപ്പനിയുടെ ലക്ഷണങ്ങളുമായി സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്. ഇതില്‍ 150 പേര്‍ക്കാണ് പനി സ്ഥിരീകരിച്ചത്. ഡെങ്കിപ്പനി കഴിഞ്ഞാല്‍ തെലങ്കാനയില്‍ പന്നിപ്പനി പതിവാണെന്നും ഫെബ്രുവരി വരെ ഇത് തുടരുമെന്നും തെലങ്കാന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിവന്റീവ് മെഡിസിൻ ഡയറക്ടർ ഡോ. ശങ്കർ പറഞ്ഞു. പന്നിപ്പനി ബാധിച്ചവരുടെ കണക്കെടുക്കാൻ സംസ്ഥാനത്തുടനീളം ആരോഗ്യ വകുപ്പ് ജീവനക്കാരെ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആളുകള്‍ മുൻകരുതലുകള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. വായുവിലൂടെ പടരുന്ന രോഗമാണ് പന്നിപ്പനി. പന്നിപ്പനി വൈറസ് ബാധയുള്ള ഒരു രോഗിയുടെ ശ്വാസകോശ സ്രവങ്ങളിൽക്കൂടിയാണ് ഇതു പകരുക. പനി, തൊണ്ടവേദന, ജലദോഷം, ശരീരവേദന, തലവേദന, ക്ഷീണം, തളർച്ച തുടങ്ങിയ ലക്ഷണങ്ങളാണ് ആദ്യ മണിക്കൂറുകളിലുണ്ടാകുക. അതോടൊപ്പം ചുമയും ചെറിയ രീതിയിലുള്ള കഫവും ശ്വാസംമുട്ടലും അനുഭവപ്പെടാം. വയറിളക്കവും ഛർദ്ദിയും പോലെയുള്ള ലക്ഷണങ്ങളും കണ്ടേക്കാം.