കേരളം

kerala

ETV Bharat / bharat

ഹൈദരാബാദില്‍ ആർക്കുമില്ല ഭൂരിപക്ഷം; കരുത്ത് കാട്ടി ബി.ജെ.പി

ആകെയുള്ള 150 വാർഡുകളില്‍ 100 വാർഡിലും ടിആർഎസ് - ബിജെപി നേർക്കുനേർ പോരാട്ടമാണ് നടന്നത്.

telangana election result  ഹൈദരാബാദ്  .ആർക്കുമില്ല ഭൂരിപക്ഷം; കരുത്ത് കാട്ടി ബി.ജെ.പി  കരുത്ത് കാട്ടി ബി.ജെ.പി
ഹൈദരാബാദ്; ആർക്കുമില്ല ഭൂരിപക്ഷം; കരുത്ത് കാട്ടി ബി.ജെ.പി

By

Published : Dec 4, 2020, 10:31 PM IST

ഹൈദരാബാദ്: ഏറെ നിർണായകമായ ഹൈദരാബാദ് കോർപറേഷൻ തെരഞ്ഞെടുപ്പിൽ ആർക്കും കേവല ഭൂരിപക്ഷം കിട്ടിയില്ല. ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രസമിതി ഒന്നാമതെത്തിയെങ്കിലും ടി ആർ എസിന്‍റെ ശക്തികേന്ദ്രങ്ങളിൽ പലതിലും ബിജെപി മുന്നേറി. 150 സീറ്റുകളിലെ ഫലം പുറത്തുവന്നപ്പോൾ 56 ഇടത്ത് ടിആർഎസും 48 ഇടത്ത് ബിജെപിയും 44 ഇടത്ത് എഐഎംഐഎമ്മും വിജയിച്ചു. കോൺഗ്രസിന് രണ്ടിടത്തേ വിജയിക്കാനായുള്ളൂ. ആർക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ സഖ്യചർച്ചകൾ ഉടൻ ആരംഭിച്ചേക്കും. എഐഎംഐഎമ്മിന്‍റെ പിന്തുണയോടെ ടിആർഎസ് വീണ്ടും ഭരണത്തിലേറാനാണ് സാധ്യതയെന്ന് രാഷ്‌ട്രീയ നിരീക്ഷകർ പറയുന്നു.

ടിആർഎസിന് ബദൽ തങ്ങൾ മാത്രമാണെന്ന് ബിജെപി നേതാവ് ഭൂപേന്ദ്ര യാദവ് അവകാശപ്പെട്ടു. മോദിയുടെ ഭരണത്തിന് ലഭിച്ച അംഗീകാരമാണ് ഈ വിജയമെന്ന് അദ്ദേഹം പറഞ്ഞു. അമിത് ഷാ, യോഗി ആദിത്യനാഥ് അടക്കമുള്ള കേന്ദ്രനേതാക്കളെ ഇറക്കി വൻ പ്രചാരണമാണ് ബിജെപി നടത്തിയത്. ജയിച്ചാൽ ഹൈദരാബാദിന്‍റെ പേര് മാറ്റി 'ഭാഗ്യനഗർ' ആക്കുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞത് വലിയ വിവാദമായിരുന്നു. ഒവൈസിയുടെ എഐഎംഐഎം 51 സീറ്റുകളിലാണ് മത്സരിച്ചത്. അതിൽ 42 ഇടത്തും ജയിക്കാനായത് അവർക്ക് വലിയ നേട്ടമായി അവകാശപ്പെടാം.

ആകെയുള്ള 150 വാർഡുകളില്‍ 100 വാർഡിലും ടിആർഎസ് - ബിജെപി നേർക്കുനേർ പോരാട്ടമാണ് നടന്നത്. മതാടിസ്ഥാനത്തിൽ വോട്ടുകൾ കൃത്യമായി പിളർത്താൻ ബിജെപിക്ക് കഴിഞ്ഞുവെന്നതാണ് വൻമുന്നേറ്റത്തിലൂടെ വ്യക്തമാകുന്നത്. തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തെ തുടർന്ന് തെലങ്കാന കോൺഗ്രസ് പ്രസിഡന്‍റ് സ്ഥാനം ഉത്തം കുമാർ റെഡ്ഡി രാജിവെച്ചിരുന്നു. 150 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസിന് രണ്ട് സീറ്റുകളിലാണ് വിജയിക്കാനായത്.

ഗ്രേറ്റർ ഹൈദരാബാദ് കോർപറേഷൻ മേഖലയിൽ 25 നിയമസഭാ മണ്ഡലങ്ങളും,നാല് ലോക്‌സഭാ സീറ്റുകളമുണ്ട്. അതുകൊണ്ടുതന്നെ, ബിജെപിക്കും ടിആർഎസ്സിനും അഭിമാനപോരാട്ടമായിരുന്നു ഈ തെരഞ്ഞെടുപ്പ്. കൗണ്ടിംഗ് കേന്ദ്രങ്ങളിൽ ഏറ്റവും മുതിർന്ന നേതാക്കളെത്തന്നെയാണ് ടിആ‌ർഎസും ബിജെപിയും എഐഎംഐഎമ്മും കോൺഗ്രസും നിയോഗിച്ചിരുന്നത്.

ABOUT THE AUTHOR

...view details