ഹൈദരാബാദ്: രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരത രത്ന മുൻ പ്രധാനമന്ത്രി പി.വി നരസിംഹ റാവുവിന് നൽകണമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു. രാജ്യത്തിന്‍റെ പുരോഗതിയിൽ അദ്ദേഹത്തിന്‍റെ പങ്ക് വളരെ പ്രധാനമാണെന്നും സംസ്ഥാന മന്ത്രിസഭയും നിയമസഭയും ഇക്കാര്യത്തിൽ പ്രമേയം പാസാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വ്യക്തിപരമായി കണ്ട് ഇക്കാര്യം അഭ്യർഥിക്കുമെന്നും അദ്ദേഹം അറിയിച്ചു. നരസിംഹ റാവുവിന്‍റെ ജന്മശതാബ്‌തിയോടനുബന്ധിച്ചുള്ള ആഘോഷങ്ങൾക്കായി പത്ത് കോടി രൂപ അനുവദിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
മുൻ പ്രധാനമന്ത്രി പി.വി നരസിംഹ റാവുവിന് ഭാരത രത്ന നൽകണമെന്നാവശ്യപ്പെട്ട് തെലങ്കാന മുഖ്യമന്ത്രി - ഭാരത രത്ന
രാജ്യത്തിന്‍റെ പുരോഗതിയിൽ പി.വി നരസിംഹ റാവുവിന്‍റെ പങ്ക് വളരെ പ്രധാനമാണെന്നും സംസ്ഥാന മന്ത്രിസഭയും നിയമസഭയും ഇക്കാര്യത്തിൽ പ്രമേയം പാസാക്കുമെന്നും തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു പറഞ്ഞു.
നിരവധി മേഖലകളിൽ ബഹുമുഖ വ്യക്തിത്വമെന്ന നിലയിൽ പിവി നൽകിയ സേവനങ്ങളുടെ ഓർമിക്കായി സംസ്ഥാന സർക്കാർ വർഷം മുഴുവൻ ആഘോഷങ്ങൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു. പിവിയുടെ ജന്മദിനമായ ജൂൺ 28 ന് ഹൈദരാബാദിലെ പിവി ജ്ഞാന ഭൂമിയിൽ പ്രധാന പരിപാടി സംഘടിപ്പിക്കുമെന്നും സമാന പരിപാടികൾ ലോകത്തെമ്പാടുമുള്ള 50 സ്ഥലങ്ങളിൽ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്‍റെ പേരിൽ സ്‌മാരകം പണിയുമെന്നും എം.പി ഡോ. കേശവ് റാവുവിന്‍റെ നേതൃത്വത്തിലുള്ള സംഘം രാമേശ്വരം സന്ദർശിക്കുമെന്നും പിവി സ്‌മാരകത്തിന് വേണ്ടി നിർദേശങ്ങൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹൈദരാബാദ്, വാറങ്കൽ, കരീംനഗർ, വങ്കര, ഡൽഹിയിലെ തെലങ്കാന ഭവൻ എന്നിവിടങ്ങളിൽ പിവിയുടെ പ്രതിമ സ്ഥാപിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
പിവിയുടെ ചിത്രം തെലങ്കാന നിയമസഭയിൽ സൂക്ഷിക്കുമെന്നും പിവിയുടെ ചിത്രം പാർലമെന്‍റിൽ സൂക്ഷിക്കാൻ സംസ്ഥാന സർക്കാർ കേന്ദ്രത്തോട് അഭ്യർഥിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യസമര സേനാനി, രാഷ്ട്രീയ നേതാവ്, പത്രപ്രവർത്തകൻ, ഭാഷ വിദഗ്‌ധൻ, എഴുത്തുകാരൻ എന്നീ നിലകളിൽ പിവി തന്‍റെ സേവനങ്ങൾ രാജ്യത്തിന് നൽകി. വിവിധ മേഖലകളിലെ പിവിയുടെ സംഭാവനകളെ പ്രതിഫലിപ്പിക്കുന്നതിനായി അന്താരാഷ്ട്ര നിലവാരത്തിന് തുല്യമായി ഒരു പ്രത്യേക സ്‌മാരകമാണ് വേണ്ടത്. കേശവ് റാവുവിന്‍റെ നേതൃത്വത്തിലുള്ള ശതാബ്‌ദിയാഘോഷ സമിതിയോട് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെയും മോദിയെയും ശതാബ്‌ദിയാഘോഷങ്ങൾക്ക് ക്ഷണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുമായും മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗുമായും പിവിക്ക് പ്രത്യേക ബന്ധമുണ്ടായിരുന്നതിനാൽ, ഇരുവരും പങ്കെടുക്കുന്ന പ്രത്യേക പരിപാടി തയ്യാറാക്കാൻ അദ്ദേഹം സമിതിയോട് ആവശ്യപ്പെട്ടു.