ന്യൂഡൽഹി: കൊവിഡ്-19 വൈറസിനെതിരായ വാക്‌സിന്‍റെ പ്രാഥമിക ഘട്ട പരീക്ഷണങ്ങളിൽ ബംഗ്ലാദേശിന് മുൻഗണന നൽകുമെന്ന ഉറപ്പ് നൽകി വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശ്രിംഗ്ല. ധാക്ക സന്ദർശനം അവസാനിപ്പിച്ചെങ്കിലും ടീസ്റ്റ നദീ തീര പരിപാലനത്തിനായി ധാക്കയ്ക്ക് ഒരു ബില്യൺ ഡോളർ വായ്പ നൽകാനുള്ള ബീജിംഗ് തീരുമാനമാണ് യാത്രയുടെ പ്രധാന അജണ്ട എന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിശ്വസിക്കുന്നു.
“ടീസ്റ്റ ജലപ്രശ്നം ശ്രിംഗ്ലയുടെ സന്ദർശനത്തിന്‍റെ അജണ്ടയിലുണ്ടായിരുന്നിരിക്കാം,” ഇന്ത്യ- ബംഗ്ലാദേശ് ബന്ധങ്ങളെ അടുത്ത് അറിയാവുന്ന രാഷ്ട്രീയ നിരീക്ഷകൻ ഇടിവി ഭാരതിനോട് വെളിപ്പെടുത്തി.
പകർച്ചവ്യാധിയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനു ശേഷം ചൊവ്വാഴ്ച ധാക്കയിലെത്തിയ ശ്രിംഗ്ല ബംഗ്ലാദേശ് വിദേശകാര്യ സെക്രട്ടറി മസൂദ് ബിൻ മോമെനുമായി നടത്തിയ കൂടിക്കാഴ്ചയെത്തുടർന്ന് മുൻഗണനാടിസ്ഥാനത്തിൽ ഇന്ത്യ, ബംഗ്ലാദേശിന് കൊവിഡ്-19 വാക്സിൻ നൽകുമെന്ന് മാധ്യമങ്ങളോട് പറഞ്ഞു.
“ഒരു വാക്സിൻ വികസിപ്പിച്ചെടുക്കുമ്പോൾ സുഹൃത്തുക്കൾക്കും പങ്കാളികൾക്കും അയൽക്കാർക്കും ഒന്നും പറയാതെ തന്നെ അത് ലഭിക്കും ... ഞങ്ങൾക്ക് ബംഗ്ലാദേശ് എല്ലായ്‌പ്പോഴും ഒരു മുൻഗണനയാണ്. തന്‍റെ പെട്ടെന്നുള്ള ഹ്രസ്വ സന്ദർശനം “വളരെ തൃപ്തികരമാണ്” എന്ന് വിശേഷിപ്പിച്ച് കൊണ്ട് ശ്രിംഗ്ല പറഞ്ഞു.
ലോകത്ത് 60 ശതമാനം വാക്സിനുകൾ ഉത്പാദിപ്പിക്കുന്ന ഇന്ത്യ ഇപ്പോൾ വാക്സിൻ പരീക്ഷിച്ചുനോക്കാനുള്ള ഘട്ടത്തിലെത്തിയിട്ടുണ്ടെന്ന് ബംഗ്ലാദേശിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായി പ്രവർത്തിച്ചിരുന്ന ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി പറഞ്ഞു. തന്‍റെ രാജ്യത്ത് വാക്സിൻ പരീക്ഷണങ്ങൾ ആരംഭിക്കുന്നതിന് ഇന്ത്യയെ സഹായിക്കാൻ ബംഗ്ലാദേശ് തയ്യാറാണെന്നും മോമെൻ പറഞ്ഞു.
വാക്സിൻ ഇന്ത്യയ്ക്ക് മാത്രമല്ല പ്രാഥമിക ഘട്ടത്തിൽ ബംഗ്ലാദേശിനും ലഭ്യമാക്കുമെന്ന് അവർ (ഇന്ത്യ) ഞങ്ങളോട് പറഞ്ഞു. മോമെന്‍ പറഞ്ഞു. പകർച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ഇന്ത്യ വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ (പിപിഇ), മറ്റ് ആരോഗ്യ ഉപകരണങ്ങൾ, ടാബ്‌ലെറ്റുകൾ എന്നിവ ബംഗ്ലാദേശിന് നൽകിയിരുന്നു. ചൈനീസ്, റഷ്യൻ, അമേരിക്കൻ എന്നിങ്ങനെയുള്ള എല്ലാ രാജ്യങ്ങളില്‍ നിന്നുള്ള വാക്സിനുകളും ബംഗ്ലാദേശ് ലഭ്യമാക്കുമെന്ന് മോമെൻ പറഞ്ഞിരുന്നു.
ധാക്കയിലെത്തിയ ശേഷം ദക്ഷിണേഷ്യൻ അയൽ രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ഊട്ടിയുറപ്പിക്കാൻ ശ്രിംഗ്ല പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപരമായ സന്ദേശം നൽകാനായി ബംഗ്ലാദേശ് പ്രധാനമന്ത്രിയുമായി സംസാരിച്ചിരുന്നു.
ഇന്ത്യ, ബംഗ്ലാദേശിന്‍റെ ഒരു പ്രധാന വികസന സഹായ പങ്കാളിയാണ്. രണ്ടു രാജ്യങ്ങളിലേയും ജനങ്ങളുമായുള്ള ബന്ധം ഉയർത്തുന്നതിനൊപ്പം പ്രധാന കണക്‌ടിവിറ്റി പദ്ധതികളിലും ഇരുപക്ഷവും പ്രവർത്തിക്കുന്നു. ബംഗ്ലാദേശ് സ്ഥാപക നേതാവ് ഷെയ്ഖ് മുജിബുർ റഹ്മാന്‍റെ ശതാബ്ദി ജന്മവാർഷികമായ മുജിബ് ബോർഷോ ആഘോഷിക്കുന്നതിനായി 2020-21 കാലഘട്ടത്തിൽ ഇരു രാജ്യങ്ങളും നിരവധി പരിപാടികൾ ആവിഷ്കരിച്ചിട്ടുണ്ട്. ഇതിനു പുറമെ ഇന്ത്യയും ബംഗ്ലാദേശും അടുത്ത വർഷം 50 വർഷത്തെ നയതന്ത്ര ബന്ധം ആഘോഷിക്കും. എന്നിരുന്നാലും കൊവിഡ്-19 വാക്സിൻ വികസിപ്പിക്കുന്നതിൽ ഇരുപക്ഷവും തമ്മിലുള്ള സഹകരണത്തിലാണ് ശ്രിംഗ്ലയുടെ സന്ദർശനത്തിന്‍റെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെങ്കിലും ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി സംഘർഷത്തിനിടയിൽ ബംഗ്ലാദേശില്‍ ചൈനയുടെ വർധിച്ചുവരുന്ന സ്വാധീനം ഇന്ത്യക്കു തലവേദന ആയേക്കുമെന്ന നിരീക്ഷണങ്ങള്‍ക്ക് കൂടുതല്‍ ശക്തി പ്രാപിച്ചു. ഈ പശ്ചാത്തലത്തില്‍ ശ്രിംഗ്ലയുടെ പെട്ടെന്നുള്ള സന്ദർശനത്തെ ചുറ്റി പറ്റി ധാരാളം ഊഹങ്ങള്‍ നിലവില്‍ ഉണ്ട്.
ചൈനയിലെ സിനോവാക് ബയോടെക് ലിമിറ്റഡ് വികസിപ്പിച്ചെടുത്ത കൊവിഡ്-19 വാക്സിൻ മൂന്നാം ഘട്ട പരീക്ഷണത്തിന് ബംഗ്ലാദേശ് സ്റ്റേറ്റ് മെഡിക്കൽ റിസർച്ച് ഏജൻസി നേരത്തെ അനുമതി നൽകിയിരുന്നു. എന്നാൽ ഇപ്പോൾ അനുമതി നിർത്തിവച്ചിരിക്കുകയാണ്. ടീസ്റ്റ നദീതീര പരിപാലനത്തിനായി ധാക്കയ്ക്ക് ഒരു ബില്യൺ ഡോളർ വായ്പ നൽകാനുള്ള ബീജിംഗിന്‍റെ തീരുമാനമാണ് ഡൽഹിക്ക് ഏറ്റവും പുതിയ തലവേദനയാകുന്നത്. ഒരു ദക്ഷിണേഷ്യൻ രാജ്യത്ത് ഇതാദ്യമായാണ് ചൈന നദീതട പരിപാലനത്തിൽ ഏർപ്പെടുന്നത്. ഇന്ത്യയുടെ ഏറ്റവും അടുത്ത അയൽരാജ്യങ്ങളിലൊന്നാണ് ബംഗ്ലാദേശ് എങ്കിലും ടീസ്റ്റ നദീതീരങ്ങൾ പങ്കിടുന്നത് പതിറ്റാണ്ടുകളായി ഇരുപക്ഷവും തമ്മിലുള്ള ഏറ്റവും വിവാദപരമായ വിഷയമായി തുടരുന്നു. 2011ൽ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്‍റെ ധാക്ക സന്ദർശന വേളയിൽ ഇന്ത്യയും ബംഗ്ലാദേശും ഒരു ടീസ്റ്റ ജല പങ്കിടൽ കരാറിൽ ഒപ്പുവെച്ചിരുന്നുവെങ്കിലും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ എതിർപ്പിനെത്തുടർന്ന് അവസാന നിമിഷം ഇത് ഉപേക്ഷിച്ചു.
കിഴക്കൻ ഹിമാലയത്തിൽ നിന്നാണ് ടീസ്റ്റ നദി ഉത്ഭവിക്കുന്നത്. ബംഗ്ലാദേശിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ഇന്ത്യൻ സംസ്ഥാനങ്ങളായ സിക്കിം, പശ്ചിമ ബംഗാൾ വഴി ഒഴുകുന്നു. നദി ബംഗ്ലാദേശ് സമതലങ്ങളിൽ വെള്ളപ്പൊക്കത്തിന്‍റെ കാരണമാകുമെങ്കിലും ശൈത്യകാലത്ത് രണ്ട് മാസത്തോളം ഇത് വരണ്ടതായിരിക്കും. 1996ലെ ഗംഗാ ജല ഉടമ്പടി പ്രകാരം ബംഗ്ലാദേശ് ഇന്ത്യയിൽ നിന്ന് ടീസ്റ്റയിലെ ജലം തുല്യമായി വിതരണം ചെയ്യാൻ ശ്രമിച്ചു. പരസ്പര അതിർത്തിക്കടുത്തുള്ള ഫറക്ക ബാരേജിൽ ഉപരിതല ജലം പങ്കിടാനുള്ള കരാർ എന്നാൽ ഫലം കണ്ടില്ല. ചില ഇന്ത്യൻ സംസ്ഥാനങ്ങൾ അതിര്‍ത്തി കരാറുകളിൽ കാര്യമായ സ്വാധീനം ചെലുത്തുന്നതിനാൽ പശ്ചിമ ബംഗാൾ ടീസ്റ്റ കരാർ അംഗീകരിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുകയും അതുവഴി വിദേശ നയരൂപീകരണത്തെ തടസ്സപ്പെടുത്തുകയും ചെയ്തു.
നിലവില്‍ ബംഗ്ലാദേശ് രംഗ്പൂർ മേഖലയിലെ ടീസ്റ്റ റിവർ കോംപ്രിഹെൻസീവ് മാനേജ്മെന്‍റ് ആൻഡ് റിസ്റ്റോറേഷൻ പ്രോജക്റ്റുമായി മുന്നോട്ട് പോകുകയും കൂടാതെ ചൈനയിൽ നിന്ന് 853 മില്യൺ ഡോളർ വായ്പ തേടുകയും തുടര്‍ന്ന് ബീജിംഗ് അനുമതി നല്കുകയും ചെയ്തിട്ടുണ്ട്. 983 മില്യൺ ഡോളർ ചിലവായേക്കാവുന്ന ഈ പദ്ധതി ടീസ്റ്റയിലെ ജലം സംഭരിക്കുന്നതിനായി ഒരു വലിയ ജലസംഭരണി സൃഷ്ടിക്കാൻ വിഭാവനം ചെയ്യുന്നു.
ചൈനയുടെ ധനസഹായമുള്ള ടീസ്റ്റ വാട്ടർ പ്രോജക്റ്റ് നമ്മുടെ രാജ്യത്തിന്‍റെ സുരക്ഷാ താൽപ്പര്യങ്ങൾക്ക് പ്രതികൂല പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് ഇന്ത്യ കരുതുന്നുവെങ്കിൽ ന്യൂഡൽഹി പ്രതിവാദ നടപടികൾ പരിഗണിക്കേണ്ടതുണ്ടെന്നും നിരീക്ഷകൻ പറഞ്ഞു.
കോക്സ് ബസാറിലെ പെക്വയിലെ ബിഎൻഎസ് ഷെയ്ഖ് ഹസീന അന്തർവാഹിനി താവളം വികസിപ്പിക്കുകയും രണ്ട് അന്തർവാഹിനികൾ ബംഗ്ലാദേശ് നാവികസേനയ്ക്ക് എത്തിക്കുകയും ചെയ്യുന്നതുൾപ്പെടെ ഇന്ത്യയുടെ കിഴക്കൻ അയൽ രാജ്യത്ത് ചൈന അതിവേഗ പ്രതിരോധ പദ്ധതികളാണ് നടപ്പാക്കുന്നത്. ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങിന്‍റെ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവിനെയും (ബിആർഐ) ബംഗ്ലാദേശ് പ്രധാനമന്ത്രി ഹസീന അംഗീകരിച്ചിട്ടുണ്ടെന്ന് ഉള്ളതാണ് ന്യൂഡൽഹിയെ സംബന്ധിച്ചിടത്തോളം മറ്റൊരു പ്രധാന കാര്യം. ചൈനയുടെ പ്രധാന പദ്ധതികളിലൊന്നായ ചൈന പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി പാകിസ്ഥാൻ അധിനിവേശ കശ്മീരിലൂടെ കടന്നുപോകുന്നതിനാൽ ഇന്ത്യ ബിആർഐയുടെ ഭാഗമാകാൻ വിസമ്മതിച്ചു. ദക്ഷിണേഷ്യൻ രാജ്യങ്ങൾക്കിടയിൽ ബംഗ്ലാദേശുമായുള്ള ഏറ്റവും അടുത്ത ബന്ധം ഇന്ത്യ ആസ്വദിക്കുന്നുണ്ടെങ്കിലും ബംഗാൾ ഉൾക്കടലിലെ സമുദ്ര മാനേജ്മെന്‍റ് പദ്ധതികളിൽ ചൈനയെ സഹായിക്കാൻ ധാക്ക സമ്മതിച്ചിട്ടുണ്ട്.