അമരാവതി : ആന്ധ്രയില്‍ മൂന്ന് തലസ്ഥാനമെന്ന ബില്‍ പാസാക്കിയതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് കര്‍ഷകര്‍ നടത്തിയ പ്രതിഷേധത്തില്‍ പങ്കെടുത്ത ടി.ഡി.പി എം.പി ഗല്ല ജയദേവിനെ പൊലീസ് അറസ്റ്റ് ചെയ്‌തതില്‍ പ്രതിഷേധം. എം.പിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്‌തത്. ജാമ്യം നിഷേധിക്കപ്പെട്ട അദ്ദേഹമിപ്പോള്‍ ഗുണ്ടൂര്‍ സബ് ജയിലാലാണ്.
ടിഡിപി എംപിയുടെ അറസ്റ്റ് ; പൊലീസ് നടപടിക്കെതിരെ പ്രതിഷേധം - ആന്ധ്രയില്‍ മൂന്ന് തലസ്ഥാനം
ആന്ധ്രയില്‍ മൂന്ന് തലസ്ഥാനമെന്ന ബില്‍ പാസാക്കിയതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് അമരാവതിയില്‍ കര്‍ഷകര്‍ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട് ടി.ഡി.പി എം.പി ഗല്ല ജയദേവിനെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.
ആന്ധ്രാപ്രദേശില്‍ മൂന്ന് തലസ്ഥാനമെന്ന ബില്‍ അംഗീകരിക്കപ്പെട്ടതോടെ ശക്തമായ പ്രതിഷേധങ്ങളാണ് ഉയര്‍ന്നുവരുന്നത്. അമരാവതിയെ തലസ്ഥാനമായി നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് നിയമസഭാമന്ദിരത്തിന് മുന്നില്‍ ആയിരക്കണക്കിന് കര്‍ഷകര്‍ പ്രതിഷേധിച്ചിരുന്നു. പൊലീസും കര്‍ഷകരും തമ്മില്‍ സംഘര്‍ഷമുണ്ടായതോടെ പൊലീസിനെതിരെ പ്രതിഷേധകര്‍ നടത്തിയ കല്ലേറില്‍ ആറ് പൊലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു. ഗുണ്ടൂര്‍ എം.പിയായ ഗല്ല ജയദേവിന്‍റെ അനുയായികളും പൊലീസിനു നേരെയുള്ള ആക്രമണത്തില്‍ പങ്കാളികളായിരുന്നു.
തെലുങ്കുദേശം പാര്‍ട്ടി എം.പിയെ അറസ്റ്റ് ചെയ്‌ത് തടങ്കലിട്ടതോടെ പ്രതിഷേധവുമായി പാര്‍ട്ടി നേതാക്കളും രംഗത്തെത്തി. ആന്ധ്രാപ്രദേശ് ഒരു പൊലീസ് സംസ്ഥാനമായി മാറിയിരിക്കുന്നുവെന്നും എം.പിയെ കൈയേറ്റം ചെയ്‌തതടക്കം പൊലീസിന് എന്തും ചെയ്യാനുള്ള ലൈസന്‍സ് ജഗന്‍ മോഹന്‍ റെഡ്ഢി സര്‍ക്കാര്‍ നല്‍കിയിരിക്കുന്നുവെന്നും മറ്റൊരു പാര്‍ട്ടി എം.പിയായ റാം മോഹന്‍ നായിഡു പറഞ്ഞു. ഒരു എം.പിക്ക് പ്രതിഷേധിക്കാനുള്ള അവകാശം ഉറപ്പ് നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ സാധാരണക്കാരന് എങ്ങനെ പ്രതിഷേധിക്കാന്‍ കഴിയുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു.