പാലക്കാട്/കോയമ്പത്തൂര്‍:തമിഴ്‌നാട്ടിലെ തിരുപ്പൂരിനടുത്ത് അവിനാശിയിൽ കെഎസ്ആർടിസി ബസും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ച് 19 പേർ മരിച്ചു. ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സിയുടെ ബസാണ് അപകടത്തില്‍ പെട്ടത്. ബസില്‍ 48 പേരുണ്ടായിരുന്നു.
തിരുപ്പൂർ - അവിനാശി അപകടത്തിന്‍റെ ഗ്രാഫിക്സ് ആവിഷ്കരണംതമിഴ്‌നാട്ടിൽ രണ്ട് വാഹനാപകടങ്ങളിലായി 25 മരണം ബുധനാഴ്ച പുലര്‍ച്ചെ 3.15നാണ് അപകടം. മരിച്ചവരില്‍ ബസിന്‍റെ ഡ്രൈവര്‍ കം കണ്ടക്‌ടര്‍മാരായ പെരുമ്പാവൂർ സ്വദേശി വി.ഡി ഗിരീഷ്, പിറവം സ്വദേശി ബൈജു എന്നിവരുമുണ്ട്. എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നിന്നുള്ളവരാണ് യാത്രക്കാര്‍. അപകടമുണ്ടാക്കിയ ട്രക്കിന്‍റെ ഡ്രൈവര്‍ പാലക്കാട് സ്വദേശി ഹേമരാജ് സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. പിന്നീട് ഇയാളെ ഈറോഡ് നിന്നും പൊലീസ് അറസ്റ്റ് ചെയ്തു. ട്രക്കിന്‍റെ ഡ്രൈവര്‍ ഉറങ്ങിയതുമൂലം നിയന്ത്രണം തെറ്റി എതിര്‍ദിശയില്‍ വന്ന ബസിലിടിക്കുകയായിരുന്നു. മരിച്ചവരിലധികവും ബസിന്‍റെ വലതു വശത്ത് ഇരുന്നവരാണ്. അപകടത്തില്‍ മരിച്ച ബസ് ജീവനക്കാര്‍ മാതൃകാ പ്രവര്‍ത്തനത്തിന് 2018ല്‍ കെ.എസ്.ആര്‍.ടി.സിയുടെ പ്രത്യേക ആദരം ഏറ്റുവാങ്ങിയിട്ടുള്ളവരാണ്.
കെ.എസ്.ആര്‍.ടി.സി ബസ് അപകടത്തില്‍ പെട്ട് 19 പേര്‍ മരിച്ചു ബസപകടത്തില്‍ പെട്ടവരെയും മരിച്ചവരുടെ മൃതദേഹങ്ങളും നാട്ടിലെത്തിക്കാന്‍ കേരള സര്‍ക്കാര്‍ വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മുഖ്യമന്ത്രി സംഭവത്തില്‍ നേരിട്ട് ഇടപെട്ടാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. മന്ത്രിമാരായ എ.കെ ശശീന്ദ്രനും വി.എസ് സുനില്‍കുമാറിനും സംഭവസ്ഥലത്ത് എത്തി.
പാലക്കാട് എസ്.പിയുടെ നേതൃത്വത്തില്‍ പൊലീസ് സംഘത്തെ തിരുപ്പൂരിലേക്ക് നിയോഗിച്ചിട്ടുണ്ട്. അപകടത്തില്‍ പെട്ടവരുടെ വിവരങ്ങള്‍ ബന്ധുക്കള്‍ക്ക് യഥാസമയം അറിയിക്കുന്നതിനായി ഹെല്‍പ് ലൈന്‍ തുറന്നു. സംസ്ഥാനത്ത് നിന്നും 20 ആംബുലന്‍സുകള്‍ അപകട സ്ഥലത്ത് എത്തിയതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു.
അപകട സ്ഥലത്ത് നിന്ന് ആളുകൾ പ്രതികരിക്കുന്നു മരിച്ചവരുടെ ബന്ധുക്കള്‍ തിരുപ്പൂരില്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ഇവര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കുമെന്ന് പാലക്കാട് എം.പി വി.കെ ശ്രീകണ്ഠന്‍ മാധ്യമങ്ങളോട് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. പരിക്കേറ്റവരെ കോയമ്പത്തൂരിലും പരിസര പ്രദേശങ്ങളിലുമുള്ള ഏഴ് ആശുപത്രികളിലായാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. മന്ത്രിമാരുടെ നേതൃത്വത്തിലുള്ള സംഘം ഇവര്‍ക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കുന്നുണ്ട്. ഇതുകൂടാതെ കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വിവിധ മലയാളി അസോസിയേഷനുകളും സര്‍ക്കാര്‍ സംവിധാനത്തെ സഹായിക്കാന്‍ രംഗത്തുണ്ട്. കോയമ്പത്തൂര്‍ പൊലീസിന്‍റെയും തമിഴ്നാട് സര്‍ക്കാരിന്‍റെയും പ്രതിനിധികളും കേരള സംഘത്തിന് എല്ലാവിധ സഹായങ്ങളും നല്‍കുന്നുണ്ട്.
അപകടത്തില്‍ മരിച്ച യാത്രക്കാര്‍
- രാഗേഷ് (35)- പാലക്കാട്
- ജിസ്മോൻ ഷാജു (24) -തുറവൂർ
- നസീഫ് മുഹമ്മദ് അലി(24)- തൃശ്ശൂര്‍
- ബൈജു (47)- അറക്കുന്നം
- ഐശ്വര്യ (28)
- ഇഗ്നി റാഫേൽ (39)-തൃശൂർ
- കിരൺ കുമാർ (33)
- ഹനീഷ് (25)- തൃശൂർ
- ശിവകുമാർ (35)- ഒറ്റപ്പാലം
- ഗിരീഷ് (29)- എറണാകുളം
- റോസ്‌ലി
- തങ്കച്ചൻ കെ (40) (എറണാകുളം)
- എമി മാത്യു (30 )(എറണാകുളം)
- ഗോബിക ഗോകുൽ (25) (എറണാകുളം)
- ജോഫി പോൾ (30) (തൃശൂർ)
- അനു കെ വി (25) (തൃശൂർ)
- റോഷന ജോൺ (പാലക്കാട്)
- ശിവശങ്കര്‍ (30) (എറണാകുളം)
- യേശുദാസ് (30) സ്ഥിരീകരിച്ചിട്ടില്ല