കേരളം

kerala

ETV Bharat / bharat

തമിഴ്നാട്ടിലെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ തമിഴ് ഔദ്യോഗികഭാഷയാക്കണം: സ്റ്റാലിന്‍ - tamilnadu

ഹിന്ദി ഔദ്യോഗിക ഭാഷയല്ലാത്ത സംസ്ഥാനങ്ങളില്‍ സ്‌കൂളുകളില്‍ ഇംഗ്ലീഷിനും പ്രാദേശിക ഭാഷക്കുമൊപ്പം ഹിന്ദിയും നിര്‍ബന്ധമാക്കണമെന്ന കേന്ദ്ര നിര്‍ദ്ദേശത്തിന് പിന്നാലെയാണ് സ്റ്റാലിന്‍റെ ആവശ്യം.

സ്റ്റാലിന്‍

By

Published : Jun 6, 2019, 3:29 AM IST

ചെന്നൈ: തമിഴ്നാട്ടിലെ എല്ലാ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിലും തമിഴ് ഔദ്യോഗിക ഭാഷയാക്കണമെന്ന് ആവശ്യവുമായി ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍. സ്കൂളുകളിലെ മൂന്നാം ഭാഷാ സംവിധാനം നിര്‍ബന്ധമാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തെ എതിര്‍ത്തതിന് പിന്നാലെയാണ് സ്റ്റാലിന്‍റെ പുതിയ നീക്കം. ഇതിനുവേണ്ടി ഡിഎംകെ പരമാവധി ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ്. തമിഴ് ഒരു ഭരണനിര്‍വഹണ ഭാഷയാവണം. എല്ലാ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളിലും അതു നിര്‍ബന്ധമാക്കണമെന്നും സ്റ്റാലിന്‍ പറഞ്ഞു.

തമിഴന്‍റെ രക്തത്തില്‍ ഹിന്ദിയില്ല. തമിഴ്നാട്ടില്‍ ഹിന്ദി നിര്‍ബന്ധമാക്കുന്നത് തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്നതിന് തുല്യമാണ്. എംപിമാര്‍ പാര്‍ലമെന്‍റില്‍ ഈ വിഷയമുയര്‍ത്തിക്കൊണ്ടുവരണം. ഇതിനെ പാര്‍ട്ടി ശക്തമായി തന്നെ എതിര്‍ക്കുമെന്നും സ്റ്റാലിന്‍ വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ പാര്‍ട്ടി ശക്തമായ പ്രതിരോധം തീര്‍ക്കുമെന്ന് ഡിഎംകെയുടെ നിയുക്ത എംപി കനിമൊഴിയും പറഞ്ഞു. ഒരുഭാഷയും അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലെന്നും താല്‍പര്യമുള്ളവര്‍ അവരവരുടെ ഇഷ്ടത്തിനനുസരിച്ച് പഠിക്കട്ടെയെന്നും മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ഹാസനും പ്രതികരിച്ചു.

രാജ്യത്തെ ഹിന്ദി ഔദ്യോഗിക ഭാഷയല്ലാത്ത സംസ്ഥാനങ്ങളില്‍ സ്‌കൂളുകളില്‍ ഇംഗ്ലീഷിനും പ്രാദേശിക ഭാഷയ്ക്കുമൊപ്പം ഹിന്ദി മൂന്നാം ഭാഷയായി സിലബസില്‍ നിര്‍ബന്ധമാക്കണമെന്നാണ് കേന്ദ്രത്തിന്‍റെ നിര്‍ദ്ദേശം. കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം പുറത്തിറക്കിയ ഡ്രാഫ്റ്റ് നാഷണല്‍ എഡ്യൂക്കേഷന്‍ പോളിസിയില്‍ ഹിന്ദിയില്‍ വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും പ്രാവീണ്യം നേടണമെന്നാണ് നിര്‍ദ്ദേശിക്കുന്നത്. കേന്ദ്രത്തിന്‍റെ വിദ്യാഭ്യാസ പരിഷ്‌കരണത്തിനെതിരെ തമിഴ്നാട്ടില്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

ABOUT THE AUTHOR

...view details