ലോക്ക് ഡൗണ്‍ ലംഘനത്തിന് പൊലീസ് പിടികൂടി; യുവാവ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചു
ചെക് പോസ്‌റ്റിലുണ്ടായിരുന്ന അഞ്ച് പൊലീസുകാരെ സ്ഥലം മാറ്റി.
ചെന്നൈ:ലോക്ക് ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയതിന് സ്വന്തം വാഹനം പിടിച്ചെടുത്ത പൊലീസിന് മുന്നില്‍ ആത്മഹത്യാ ശ്രമവുമായി 27കാരൻ. ആമ്പൂര്‍ ജില്ലയിലാണ് സംഭവം. മുഗിലൻ എന്ന യുവാവാണ് സ്വയം തീകൊളുത്തി ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. ലോക്ക് ഡൗണ്‍ ലംഘിച്ച് ബൈക്കില്‍ കറങ്ങി നടന്ന യുവാവിനെ പൊലീസ് ചെക് പോസ്‌റ്റില്‍ തടഞ്ഞു. തുടര്‍ന്ന് വാഹനം കസ്‌റ്റഡിയിലെടുത്ത പൊലീസ് പിന്നീട് മാത്രമേ വാഹനം വിട്ടുതരികയുള്ളു എന്ന് പറഞ്ഞ് യുവാവിനെ മടക്കിയയച്ചു. ആദ്യം തര്‍ക്കിച്ചെങ്കിലും പിന്നീട് യുവാവ് അവിടെ നിന്നും പോയി. തൊട്ടുപിന്നാലെ തിരിച്ചുവന്ന യുവാവ് പൊലീസിനോട് തന്‍റെ ബൈക്ക് വിട്ട് നല്‍കാൻ ആവശ്യപ്പെട്ടു. എന്നാല്‍ പൊലീസ് സമ്മതിച്ചില്ല. ഉടനെ ഇയാള്‍ ശരീരത്തിന് തീകൊളുത്തുകയായിരുന്നു. പൊലീസ് ഉടന്‍ ആശുപത്രിയിലെത്തിച്ചതിനാല്‍ യുവാവിന് ജീവൻ നഷ്‌ടമായില്ല. ഇയാള്‍ മദ്യപിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവം വിവാദമായയോടെ ചെക് പോസ്‌റ്റിലുണ്ടായിരുന്ന അഞ്ച് പൊലീസുകാരെ സ്ഥലം മാറ്റിയിട്ടുണ്ട്. ലോക്ക് ഡൗണ്‍ ലംഘനത്തിന്‍റെ പേരില്‍ ഇതുവരെ 6,30,662 വാഹനങ്ങളാണ് തമിഴ്‌നാട് പൊലീസ് പിടിച്ചെടുത്തത്. 17.84 കോടി രൂപ പിഴ ഇനത്തിലും ഈടാക്കി.