തമിഴ്‌നാട്ടില്‍ വീണ്ടും കസ്റ്റഡി മരണം; 25 വയസുകാരന് ദാരുണ അന്ത്യം
തെങ്കാശി പൊലീസ് അറസ്റ്റ് ചെയ്‌ത ഓട്ടോറിക്ഷ തൊഴിലാളിയായ എന്‍. കുമരേശനാണ് ഞായറാഴ്‌ച മരിച്ചത്.
ചെന്നൈ: തമിഴ്‌നാട്ടില്‍ പൊലീസിന്‍റെ ക്രൂര മര്‍ദനത്തെ തുടര്‍ന്ന് 25 വയസുകാരന് ദാരുണ അന്ത്യം. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസി നല്‍കിയ പരാതിയില്‍ തെങ്കാശി പൊലീസ് അറസ്റ്റ് ചെയ്‌ത ഓട്ടോറിക്ഷ തൊഴിലാളിയായ എന്‍. കുമരേശനാണ് ഞായറാഴ്‌ച മരിച്ചത്. കുമരേശനെ രണ്ട് തവണ പൊലീസ് കസ്റ്റഡിയില്‍ എടുത്തെന്നും ക്രൂരമായി മര്‍ദ്ദിച്ചെന്നും കുമരേശന്‍റെ പിതാവ് ആരോപിച്ചു. സംഭവത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ ചന്ദ്രശേഖരനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കുമരേശന്‍റെ പിതാവ് പരാതി നല്‍കിയിട്ടുണ്ട്. ലോക്ക്‌ഡൗണ്‍ ലംഘിച്ചതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത പിതാവും മകനും ദുരൂഹ സാഹചര്യത്തില്‍ മരിച്ചതിനെ തുടര്‍ന്ന് പ്രതിഷേധം ആളിക്കത്തുന്നതിനിടെയാണ് സംസ്ഥാനത്ത് വീണ്ടുമൊരു കസ്റ്റഡി മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. തൂത്തുക്കുടിയില്‍ പിതാവും മകനും പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് സിനിമ-സമൂഹ്യ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു.