ലക്‌നൗ: ആഗ്രയിലെ കാർഷിക വിളകൾക്ക് നാശം വിതച്ച് വെട്ടുകിളിക്കൂട്ടം. രാജസ്ഥാൻ, മധ്യപ്രദേശ് അതിർത്തികളിൽ വ്യാപകമായി വിളകൾ നശിപ്പിച്ച ശേഷമാണ് വെട്ടുകിളികൾ ഉത്തർപ്രദേശിലെത്തിയത്. അംബേദ്‌കർ നഗർ, പ്രയാഗ്‌രാജ്, ചിത്‌രാകൂട്ട്, പ്രതാപ്‌ഗഡ്, ഭദോനി, അസംഗഡ് എന്നിവയുൾപ്പെടെ നിരവധി ജില്ലകൾ കഴിഞ്ഞ 48 മണിക്കൂറുകളായി ആക്രമണം നേരിടുകയാണ്. വെട്ടുകിളി ആക്രമണം നേരിടുന്ന പ്രദേശങ്ങളിലെ കർഷകരുടെ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിനായി ഒരു സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്ന് ജില്ലാ കാർഷിക പ്രതിരോധ ഓഫീസർ ഡോ. റാംപ്രവേശ് പറഞ്ഞു. ആക്രമണങ്ങൾ നിയന്ത്രിക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുകയാണ്. മുമ്പ് എത്തിയ വെട്ടുകിളികളെ മുഴുവൻ നശിപ്പിച്ചു കഴിഞ്ഞു. എന്നാൽ പുതിയതായി എത്തിയവ ഒരു ജില്ലയിൽ നിന്നും മറ്റൊരു ജില്ലയിലേക്ക് കടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുപിയിൽ വെട്ടുകിളി ആക്രമണം രൂക്ഷം; വിളകൾ കൂട്ടത്തോടെ നശിപ്പിക്കുന്നു - ആഗ്ര
അംബേദ്‌കർ നഗർ, പ്രയാഗ്‌രാജ്, ചിത്‌രാകൂട്ട്, പ്രതാപ്‌ഗഡ്, ഭദോനി, അസംഗഡ് എന്നിവയുൾപ്പെടെ നിരവധി ജില്ലകൾ കഴിഞ്ഞ 48 മണിക്കൂറുകളായി വെട്ടുകിളി ആക്രമണം നേരിടുകയാണ്.
ഫത്തേപൂർ സിക്രിയിലെ ബറോലി അഹിർ ഗ്രാമത്തിലും പ്രതിരോധ സംഘത്തെ രൂപീകരിച്ചു. ഫിറോസാബാദിൽ നിന്നെത്തിയ വെട്ടുകിളികൾ ഇപ്പോൾ ഹത്രാസ് ജില്ലയിലേക്ക് പോയി. പീപ്പൽ മണ്ഡി, വിജയ് നഗർ, ഗാന്ധിനഗർ, ഗോശാല, മന്തോള, ജവഹർ ബ്രിഡ്‌ജ്, യമുന പാർ, സിക്കന്ദ്ര, താജ്‌ഗഞ്ച്, ഫത്തേഹാബാദ് റോഡ്, ബറൗലി അഹിർ എന്നിവിടങ്ങളിൽ വെട്ടുകിളികൾ വ്യാപിച്ചുകഴിഞ്ഞു. വെട്ടുകിളി പ്രതിസന്ധി പരിഹരിക്കുന്നതിൽ പാകിസ്ഥാൻ തുടർച്ചയായി പരാജയപ്പെടുന്നതുമൂലം പ്രശ്‌നം രൂക്ഷമാവുകയാണ്. വെട്ടുകിളി നിയന്ത്രണ മുൻകരുതലുകൾക്കുള്ള മറ്റൊരു ഭീഷണി കാലാവസ്ഥയാണ്.