തീവ്രവാദ ബന്ധം; ദേവീന്ദര്‍ സിംഗ് ഡൽഹി കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു - തീവ്രവാദ ബന്ധം
ദേവീന്ദര്‍ സിംഗും കേസിലെ മറ്റ് രണ്ട് പ്രതികളായ ഇർഫാൻ ഷാഫി മിർ, സയ്യിദ് നവീദ് മുഷ്‌താഖ് എന്നിവരും ചേർന്നാണ് അപേക്ഷ സമർപ്പിച്ചത്.
ന്യൂഡൽഹി: ജമ്മു കശ്‌മീർ മുൻ ഡിഎസ്‌പി ദേവീന്ദര്‍ സിംഗ് ജാമ്യം തേടി ഡൽഹി കോടതിയെ സമീപിച്ചു. ഈ വർഷം ജനുവരി 11ന് ജമ്മു-ശ്രീനഗർ ദേശീയപാതയിൽ നിന്ന് രണ്ട് തീവ്രവാദികളെ രക്ഷപ്പെടുത്താൻ ശ്രമിച്ചതിനാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്‌തത്. സിംഗും കേസിലെ മറ്റ് രണ്ട് പ്രതികളായ ഇർഫാൻ ഷാഫി മിർ, സയ്യിദ് നവീദ് മുഷ്‌താഖ് എന്നിവരും ചേർന്നാണ് അപേക്ഷ സമർപ്പിച്ചത്. അപേക്ഷയിൽ കോടതി നാളെ വാദം കേൾക്കും. തിഹാർ ജയിലിൽ കഴിയുന്ന മൂന്ന് പ്രതികൾക്കായി അഭിഭാഷകൻ എം.എസ് ഖാനാണ് അപേക്ഷ സമർപ്പിച്ചത്. മാർച്ച് 14, 19, 27 തീയതികളിലാണ് മൂന്ന് പേരെയും അറസ്റ്റ് ചെയ്‌തത്. മൂന്ന് പേരെയും കേസിൽ കുടുക്കിയതാണെന്നും ഇവർക്കെതിരെ വ്യക്തമായ തെളിവുകളില്ലെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. അതിനാൽ കക്ഷികളെ ഇനി കസ്റ്റഡിയിൽ വെയ്‌ക്കുന്നതിൽ അർഥമില്ലെന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തു. കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് സിംഗിനെ സർവീസിൽ നിന്ന് പുറത്താക്കിയിരുന്നു. ഡൽഹിയിലും രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിലും ഭീകരാക്രമണം നടത്തുന്നതിന് ആസൂത്രണം ചെയ്‌തുവെന്ന് ആരോപിച്ച് ജമ്മു കശ്‌മീരിലെ ഹിര നഗർ ജയിലിൽ നിന്നും സിംഗിനെ ഡൽഹിയിലേക്ക് കൊണ്ടുവന്നു. ഹിസ്ബുൾ മുജാഹിദ്ദീന്‍റെ മറ്റ് കൂട്ടുപ്രതികളുമായും തീവ്രവാദികളുമായും സിംഗ് ചാറ്റ് ചെയ്യാറുണ്ടെന്ന് പൊലീസ് പറഞ്ഞു.