സൂററ്റ്: ഗുജറാത്തിൽ സൂറത്ത് മുനിസിപ്പൽ കോർപ്പറേഷന്‍റെ വനിതാ ക്ലറിക്കൽ ട്രെയിനി ജീവനക്കാരെ നഗ്നരാക്കി ദേഹ പരിശോധന നടത്തിയതായി പരാതി. പത്ത് ജീവനക്കാരെ ഒരുമിച്ച് നഗ്നരാക്കി ഗർഭ പരിശോധനക്കും വിധേയരാക്കിയെന്നാണ് പരാതി. സംഭവത്തിൽ അന്വേഷണം നടത്താൻ സൂറത്ത് മുനിസിപ്പൽ കമ്മീഷണർ ഉത്തരവിട്ടു.
ഗുജറാത്തിലെ ഭുജിൽ ഹോസ്റ്റൽ അധികൃതർ കോളജ് വിദ്യാർഥികളെ ആർത്തവ പരിശോധനക്ക് വിധേയമാക്കിയത് വിവാദമായതിന് പിന്നാലെയാണ് പുതിയ സംഭവം. അവിവാഹിതരായ യുവതികളേയും ഗർഭ പരിശോധനക്ക് വിധേയരാക്കിയെന്ന് പരാതിയിൽ പറയുന്നു. സൂറത്ത് മുനിസിപ്പൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യുക്കേഷൻ ആന്‍റ് റിസർച്ചിലാണ് സംഭവം. പരാതിയിൽ അന്വേഷണം നടത്താൻ മൂന്നംഗ സമിതി രൂപീകരിച്ചു. 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.