ന്യൂഡൽഹി:ഹത്രാസ് കൂട്ടബലാത്സംഗക്കേസിൽ ഉത്തർപ്രദേശ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്. സംസ്ഥാനത്തെ ക്രമസമാധാന പാലനത്തിന്‍റെ തകർച്ചയാണ് ഇതെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടി. പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തത് വളരെ വൈകിയാണെന്ന് കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനേറ്റ്. ക്രൂരമായി ബലാത്സംഗത്തിനിരയായ പെൺകുട്ടി സഫ്‌ദർജംഗ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു.
യോഗി ആദിത്യനാഥ് സർക്കാർ എട്ട് ദിവസം വരെ എന്തുകൊണ്ടാണ് കുറ്റവാളികൾക്കെതിരെ നടപടിയെടുക്കാഞ്ഞത്, കേസ് പുറംലോകമറിഞ്ഞപ്പോഴാണ് ഭരണകൂടം ഉണർന്നത്. പൊലീസുകാർ ഇക്കാര്യം വ്യാജമാണെന്നും ആരോപിച്ചു. എന്തുകൊണ്ടാണ് പെൺകുട്ടിയെ അടിയന്തരമായി എയിംസിൽ വിദഗ്‌ധ ചികിത്സക്കായി മാറ്റിയില്ല, എന്തുകൊണ്ടാണ് മുഖ്യമന്ത്രി മൗനം പാലിക്കുന്നത്, എപ്പോഴാണ് ഇത്തരം വാർത്തകൾ അവസാനിക്കുന്നത്, എപ്പോഴാണ് ഉത്തർപ്രദേശിലെ ജനങ്ങൾ നിയമവ്യവസ്ഥകളെ ബഹുമാനിക്കുക എന്നീ ചോദ്യങ്ങൾ സുപ്രിയ ശ്രീനേറ്റ് യുപി സർക്കാരിനെതിരെ ഉയർത്തി.
യുപിയെ ഇന്ത്യയുടെ ക്രൈം ക്യാപിറ്റൽ എന്ന് വിശേഷിപ്പിച്ച സുപ്രിയ 300 ലധികം ബിജെപി എംഎൽഎമാർ കൊലപാതകം, ബലാത്സംഗം തുടങ്ങിയ ഗുരുതരമായ ആരോപണങ്ങൾ നേരിടുന്നുണ്ടെന്ന് പറഞ്ഞു. സ്‌ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കേണ്ടത് തങ്ങളുടെ ധാർമിക കടമയാണെന്ന് കരുതിയ പ്രധാനമന്ത്രിയുടെയും ബിജെപിയുടെ വനിതാ നേതാക്കളുടെയും നിശബ്‌ദതയോടാണ് തന്‍റെ ചോദ്യമെന്നും പ്രതികരിക്കാത്തത് കുറ്റവാളികൾക്ക് പ്രോത്സാഹനം നൽകുന്നതിന് തുല്യമാണെന്നും സുപ്രിയ ശ്രീനേറ്റ് കൂട്ടിച്ചേർത്തു.
ഹാത്രാസിൽ ബലാത്സംഗത്തിന് ഇരയായ ഒരു ദലിത് പെൺകുട്ടി സഫ്‌ദർജംഗ് ആശുപത്രിയിൽ മരിച്ചു. രണ്ടാഴ്‌ചയോളം ജീവിതത്തിനും മരണത്തിനും ഇടയിൽ അവൾ കഷ്‌ടപ്പെട്ടു. യുപിയിലെ ക്രമസമാധാനം വഷളാവുകയാണെന്നും കുറ്റവാളികൾ പരസ്യമായി കുറ്റകൃത്യങ്ങൾ ചെയ്യുകയാണെന്നും ചൂണ്ടിക്കാട്ടി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി രംഗത്തെത്തി. ഹത്രാസ് കൂട്ടബലാത്സംഗം നിർഭാഗ്യകരമാണ്. നിർഭയ പോലും ഇന്ന് ലജ്ജിക്കും. പെൺകുട്ടിയുടെ ഒരേയൊരു തെറ്റ് അവൾ ബിജെപി ഭരിക്കുന്ന ഒരു സംസ്ഥാനത്ത് ജീവിച്ചു എന്നതാണെന്നും കോൺഗ്രസ് നേതാവ് പ്രമോദ് തിവാരി പ്രതികരിച്ചു.