അയോധ്യാ തർക്കഭൂമിക്കേസിൽ കോടതി നിരീക്ഷണത്തോടെ മധ്യസ്ഥരെ നിയമിക്കുന്നതിൽ സുപ്രീംകോടതി ഉത്തരവ് പിന്നീട്. രാമക്ഷേത്രം തർക്കഭൂമിയിൽ നിർമ്മിക്കുന്നതിനപ്പുറം ഒരു ഒത്തു തീർപ്പും പറ്റില്ലെന്ന് ഹിന്ദു മഹാസഭ കോടതിയില്‍ നിലപാടെടുത്തു. മധ്യസ്ഥ ചർച്ചക്ക് തയ്യാറാണെന്ന് സുന്നി വഖഫ് ബോർഡിനായി രാജീവ് ധവാന്‍ കോടതിയെ അറിയിച്ചു. മധ്യസ്ഥ ചർച്ച ഒത്തു തീർപ്പാകുമെന്നും പൊതുസമൂഹം അംഗീകരിക്കില്ലെന്നും രാംലീലാ പ്രതിനിധികൾ എതിർപ്പ് അറിയിച്ചു. ജനങ്ങളുടെ അഭിപ്രായം കേൾക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു.
അയോധ്യ കേസ്: മധ്യസ്ഥരെ നിയമിക്കുന്നതിൽ ഉത്തരവ് പിന്നീട് - സുപ്രീംകോടതി
രാമക്ഷേത്രം തർക്കഭൂമിയിൽ നിർമ്മിക്കുന്നതിനപ്പുറം ഒരു ഒത്തു തീർപ്പും പറ്റില്ലെന്ന് ഹിന്ദുമഹാസഭ. മധ്യസ്ഥ ചർച്ചക്ക് തയ്യാറാണെന്ന് സുന്നി വഖഫ് ബോർഡ്. മധ്യസ്ഥ ശ്രമത്തിന് ശേഷമുള്ള തീരുമാനം വിധിക്ക് സമാനമാകാൻ സാധ്യതയെന്ന് കോടതി.
എന്നാല്‍ മധ്യസ്ഥ ശ്രമത്തിനെതിരെ നിലപാടെടുത്ത ഹിന്ദു സംഘടനകളെ കോടതി വിമര്‍ശിച്ചു. മധ്യസ്ഥ ശ്രമം തുടങ്ങും മുമ്പേ പരാജയപ്പെടും എന്നാണോ പറയുന്നതെന്ന് ജസ്റ്റിസ് എസ് എ ബോബ്ടെ ചോദിച്ചു. മധ്യസ്ഥതയുടെ ഫലത്തെക്കുറിച്ച് കോടതി വ്യാകുലപ്പെടുന്നില്ല. ഇതിന് രഹസ്യസ്വഭാവം ഉണ്ടാകും. മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തുമെന്നും കോടതി അറിയിച്ചു.രഹസ്യ മധ്യസ്ഥ ശ്രമത്തിന് ശേഷമുള്ള തീരുമാനം വിധിക്ക് സമാനമാകാൻ സാധ്യതയുണ്ടെന്നും കോടതി പറഞ്ഞു.മധ്യസ്ഥതവഹിക്കുന്നതിന് ആളുകളെയോ പാനലിനെയോ കക്ഷികൾക്ക് നിർദേശിക്കാമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അറിയിച്ചു. അടുത്തു തന്നെ ഉത്തരവ് പാസാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിശ്വാസ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഒത്തുതീര്‍പ്പിലൂടെ ഒരു ശതമാനമെങ്കിലും പ്രശ്നപരിഹാരത്തിന് സാധ്യതയുണ്ടെങ്കില്‍ അത് ഉപയോഗിക്കണമെന്നാണു കോടതി നിലപാട്. മധ്യസ്ഥതക്ക് ഏറെസമയം വേണ്ടിവരും എന്നത് കൊണ്ടുതന്നെ വിധി ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് വരാനുള്ള സാധ്യത കുറവാണ്. വേഗത്തില്‍ വാദം കേട്ട് വിധി പറയണമെന്നാണ് കേന്ദ്രസര്‍ക്കാരിന്‍റെയും സംഘപരിവാര്‍ സംഘടനകളുടെയും ആവശ്യം.