ന്യൂഡൽഹി: പൊതു സ്ഥലങ്ങൾ കൈവശപ്പെടുത്തുന്ന ഷഹീന്‍ബാഗ് സമരരീതി അംഗീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി. അനിശ്ചിത കാലത്തേക്ക് പൊതു സ്ഥലങ്ങൾ കൈവശപ്പെടുത്താനാവില്ലെന്ന് സുപ്രീം കോടതി ഉത്തരവിൽ പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹീൻബാഗിൽ നടന്ന പ്രക്ഷോഭത്തിനെതിരായ ഹർജിയിലാണ് കോടതി വിധി.
ഷഹീന്‍ബാഗ് സമരരീതി അംഗീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി - പ്രതിഷേധങ്ങൾ സംഘടിപ്പാക്കാൻ ഭരണഘടനാപരമായ അവകാശം
ജനാധിപത്യവും വിയോജിപ്പിനുള്ള അവകാശവും ഒരുമിച്ച് പോകേണ്ടതാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.
പ്രതിഷേധങ്ങൾ നിയുക്ത സ്ഥലങ്ങളിൽ സംഘടിപ്പിക്കണമെന്നും പ്രകടനങ്ങൾ നിശ്ചിത സ്ഥലത്ത് നടത്തിയില്ലെങ്കിൽ ഇത്തരക്കാരെ നീക്കം ചെയ്യേണ്ടത് അധികാരികളുടെ കടമയാണെന്നും സുപ്രീം കോടതി ഉത്തരവിൽ പറയുന്നു. പ്രതിഷേധങ്ങൾ സംഘടിപ്പിക്കാൻ ജനങ്ങൾക്ക് ഭരണഘടനാപരമായ അവകാശമുണ്ടെന്നും എന്നാൽ ഈ പ്രതിഷേധങ്ങൾ സ്വാതന്ത്ര്യ സമരകാലത്തെ കൊളോണിയൽ കാലഘട്ടത്തിലെ രീതികൾ സ്വീകരിക്കേണ്ടതില്ലെന്നും കോടതി നിരീക്ഷിച്ചു.
ഷഹീൻബാഗിൽ നടന്ന പ്രതിഷേധത്തിൽ നിന്ന് ആളുകളെ നീക്കം ചെയ്യാൻ ഡൽഹി പൊലീസിന് അധികാരമുണ്ട്. ജനാധിപത്യവും വിയോജിപ്പിനുള്ള അവകാശവും ഒരുമിച്ച് പോകേണ്ടതാണ്. ഈ സാഹചര്യത്തിൽ അധികാരികൾ സ്വയം പ്രവർത്തിക്കേണ്ടതുണ്ടെന്നും അത്തരമൊരു സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ നിന്ന് കോടതികൾക്ക് പിന്നിൽ അധികൃതർക്ക് ഒളിക്കാൻ കഴിയില്ലെന്നും വിധിയിൽ പറയുന്നു.