ന്യൂഡൽഹി: ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്‌തിയെ തടങ്കലിൽ വെച്ചതിനെ ചോദ്യം ചെയ്ത് മകൾ ഇൽതിജ മുഫ്‌തി നൽകിയ ഹർജിയിൽ വാദം കേൾക്കൽ സുപ്രീം കോടതി ഒക്‌ടോബർ 15ലേക്ക് നീട്ടി. പൊതുസുരക്ഷാ നിയമത്തിനെതിരെയും (പിഎസ്‌എ) കരുതൽ തടങ്കൽ നീട്ടിയതിനെതിരെയും ഇൽതിജ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയാണ് കോടതി മാറ്റി വെച്ചത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് 5 മുതൽ മെഹ്‌ബൂബ മുഫ്‌തി വീട്ടിൽ കരുതൽ തടങ്കലിലാണ്. ജൂലൈയിൽ പൊതുസുരക്ഷാ നിയമപ്രകാരം (പിഎസ്‌എ) മുഫ്‌തിയുടെ തടവ് മൂന്ന് മാസത്തേക്ക് നീട്ടിയിരുന്നു. "എന്‍റെ അമ്മയുടെ തടങ്കൽ നിയമവിരുദ്ധമാണ്. പുറം ലോകവുമായുള്ള ബന്ധം ഏറെക്കുറെ നിഷേധിച്ചിരിക്കുകയാണ്. മാത്രമല്ല ലാൻഡ്‌ലൈൻ ഫോൺ പോലും വിച്ഛേദിക്കപ്പെട്ടിരിക്കുന്നു. വിചാരണ കൂടാതെ ഒരു വർഷമായി തടങ്കലിലാണ്" ഇൽതിജ ഇടിവി ഭാരതിനോട് പറഞ്ഞു.
മെഹ്ബൂബ മുഫ്‌തിയുടെ കരുതൽ തടങ്കലിനെതിരായ ഹർജി ഒക്‌ടോബർ 15ലേക്ക് മാറ്റി - supreme court of india
കഴിഞ്ഞ വർഷം ഓഗസ്റ്റ് അഞ്ച് മുതൽ മെഹ്‌ബൂബ മുഫ്‌തി വീട്ടിൽ കരുതൽ തടങ്കലിലാണ്. കരുതൽ തടങ്കൽ നീട്ടിയതിനെതിരെ മകൾ ഇൽതിജ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിലാണ് നടപടി.
കശ്‌മീരിന് പ്രത്യേക പദവി നൽകുന്ന ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെത്തുടർന്ന് മുഫ്‌തിയെയും കശ്മീരിലെ നിരവധി നേതാക്കളെയും കേന്ദ്രം കരുതൽ തടങ്കലിൽ ആക്കിയിരുന്നു. ആറുമാസത്തിനുശേഷം മുഫ്‌തിക്കെതിരെ പിഎസ്‌എ പ്രകാരം കേസെടുത്തു. ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മുഹമ്മദ് മുഫ്‌തി സെയ്‌തിന്‍റെ മകളായ മെഹ്‌ബൂബ മുഫ്‌തിയെ "അച്ഛന്‍റെ മകളും മോശം രാഷ്‌ട്രീയത്തിൽ വിശ്വസിക്കുന്നവളും" എന്നാണ് പിഎസ്‌എ ആക്‌ട് ചുമത്തിയപ്പോൾ രേഖപ്പെടുത്തിത്. ജമ്മു കശ്‌മീർ നാഷണൽ കോണഫറൻസ് പാർട്ടി നേതാക്കളും മുൻ മുഖ്യമന്ത്രിമാരുമായ ഫാറൂഖ് അബ്‌ദുല്ലയെയും മകൻ ഒമർ അബ്‌ദുല്ലയെയും മാർച്ചിൽ തടങ്കലിൽ നിന്ന് മോചിപ്പിച്ചിരുന്നു.