ഗാന്ധിനഗർ: വിമാനത്താവളത്തിൽ വൈകി എത്തിയതിനാൽ വിമാനത്തിൽ കയറാൻ അനുവദിക്കാത്തതിന്‍റെ പേരിൽ സബ് ഇൻസ്പെക്‌ടർ റാങ്കിലുള്ള ഉദ്യോഗസ്ഥൻ സ്‌പൈസ് ജെറ്റ് എയർലൈൻ ജീവനക്കാരനെ മർദിച്ചുവെന്ന് പരാതി. ഡൽഹിയിലേക്കുള്ള സ്പൈസ് ജെറ്റ് എസ്‌ജി-8194 വിമാനത്തിലിവർ ടിക്കറ്റ് ബുക്ക് ചെയ്‌തിരുന്നുവെങ്കിലും കൗണ്ടറിൽ വൈകി എത്തിയതിനാൽ ബോർഡിങ് പാസുകൾ നൽകാൻ എയർലൈൻ ജീവനക്കാർ വിസമ്മതിച്ചു. തുടർന്ന് ടിക്കറ്റ് കൗണ്ടറിലെ എയർലൈൻ ജീവനക്കാരുമായി തർക്കമുണ്ടാവുകയും മർദിക്കുകയായിരുന്നുവെന്ന് അധികൃതർ പറയുന്നു.
അഹമ്മദാബാദ് വിമാനത്താവളത്തിൽ എസ്ഐ എയർലൈൻ ജീവനക്കാരനെ മർദിച്ചു
വിമാനത്താവളത്തിൽ വൈകി എത്തിയതിനാൽ ബോർഡിംഗ് പാസ് നൽകാൻ വിസമ്മതിച്ചതിനായിരുന്നു മർദനം.
ഇവർ തമ്മിലെ തർക്കം വിമാനത്താവളത്തിൽ പരിഭ്രാന്തി സൃഷ്‌ടിക്കുകയും തുടർന്ന് സ്ഥിതിഗതികൾ നിയന്ത്രിക്കാൻ എയർപോർട്ട് സെക്യൂരിറ്റി സിഐഎസ്എഫിനെ വിളിക്കുകയും യാത്രക്കാരെയും എയർലൈൻ സ്റ്റാഫിനെയും പ്രാദേശിക പൊലീസിന് കൈമാറുകയുമായിരുന്നു.
സിഐഎസ്എഫ് കസ്റ്റഡിയിലുള്ള യാത്രക്കാരും എയർലൈൻ സ്റ്റാഫും പരസ്‌പര ധാരണയിലെത്തിയതായും സബ് ഇൻസ്പെക്‌ടർ ഉൾപ്പെടെയുള്ള യാത്രക്കാർക്കെതിരായ പരാതി പിൻവലിച്ചതായും വൃത്തങ്ങൾ അറിയിച്ചു. എന്നാൽ സബ് ഇൻസ്പെക്‌ടർ ഉൾപ്പെടെയുള്ള യാത്രക്കാരെ വിമാനത്തിൽ കയറാൻ അനുവദിച്ചില്ല.