പ്രധാനമന്ത്രിയോട് സഹായം അഭ്യർഥിച്ച് ജപ്പാനിൽ കുടുങ്ങിയ മറൈൻ ഓഫീസർ - മീററ്റ്
ഉത്തർപ്രദേശിലെ മീററ്റ് സ്വദേശിയായ അഭയ് സോം (26) 20 ദിവസമായി കപ്പലിൽ കുടുങ്ങി കിടക്കുകയാണ്. 11 ചൈനീസ് പൗരന്മാരുള്ള കപ്പലിലെ ഏക ഇന്ത്യക്കാരനാണ് അഭയ് സോം. തന്നെ രക്ഷിക്കണമെന്ന് അഭ്യർഥിച്ച് പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രാലയത്തിനുമാണ് വീഡിയോ സന്ദേശം പകര്‍ത്തിയിരിക്കുന്നത്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് തന്നെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ജപ്പാനിലെ ഫൂനാഭാഷിയിൽ കപ്പലിൽ കുടുങ്ങിയ ഇന്ത്യൻ മറൈൻ ഓഫീസർ. ഉത്തർപ്രദേശിലെ മീററ്റ് സ്വദേശിയായ അഭയ് സോം (26) 20 ദിവസമായി കപ്പലിൽ കുടുങ്ങി കിടക്കുകയാണ്. 11 ചൈനീസ് പൗരന്മാരുള്ള കപ്പലിലെ ഏക ഇന്ത്യക്കാരനാണ് അഭയ് സോം. കപ്പലിൽ വച്ച് അദ്ദേഹം വിദേശകാര്യ മന്ത്രാലയത്തോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും തന്നെ രക്ഷിക്കണമെന്ന് അഭ്യർഥിച്ച് വീഡിയോ പകര്‍ത്തി. “ഞാൻ ജപ്പാനിലെ കപ്പലിൽ കുടുങ്ങിക്കിടക്കുകയാണ്. എന്‍റെ ജീവനിൽ ഞാൻ ഭയപ്പെടുന്നു. എത്രയും പെട്ടന്ന് എന്നെ രക്ഷിക്കണം. പ്രത്യേകിച്ച് പ്രധാനമന്ത്രിയോട്. ഇതുവരെ തനിക്ക് വൈറസ് ബാധിച്ചിട്ടില്ലെന്നും കപ്പലിൽ തുടരുകയാണെങ്കിൽ വൈറസ് ബാധയുണ്ടാകുമെന്നും" അദ്ദേഹം പറഞ്ഞു. ചൈനീസ് ഷിപ്പിങ് കമ്പനിയായ ബ്ലൂ വെയിൽ മാരിടൈമിൽ 2019 ജനുവരി മുതൽ 10 മാസത്തെ കരാറിലാണ് അദ്ദേഹം ജോലിചെയ്തത്. ചൈനയിൽ നിന്ന് ജപ്പാനിലേക്ക് പോവുകയായിരുന്ന കപ്പൽ വൈറസ് ബാധ കാരണം ജപ്പാനിലേക്ക് പ്രവേശിക്കുന്നത് തടഞ്ഞു. തൊഴില്‍ കരാർ അവസാനിച്ചെങ്കിലും അവസാനിച്ചിട്ടില്ലെന്ന് ജപ്പാനിലെ ഇന്ത്യൻ എംബസിയെയും കുടുംബത്തെയും കമ്പനി തെറ്റിദ്ധരിപ്പിച്ചു. കപ്പലിൽ നിന്ന് പുറത്തുപോകരുതെന്ന് നിരന്തരം സമ്മർദ്ദം ചെലുത്തുകയാണെന്നും അഭയ് സോം വീഡിയോയില്‍ പറയുന്നു.