അഞ്ചാംഘട്ട പോളിങ് തുടരുന്നു: ബംഗാളിലും കശ്മീരിലും ബോംബേറ് - ബംഗാളിൽ വ്യാപക അക്രമം
ബംഗാളിലെ ബാരഖ് പുരയിൽ ബൂത്തിന് നേരെ ബോംബാക്രമണം ഉണ്ടായി. ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ ബൂത്തിന് നേരെ ഗ്രനേഡ് ആക്രമണം. കഴിഞ്ഞ ഘട്ടത്തിലും ബംഗാളിൽ വ്യാപക അക്രമമാണ് തെരഞ്ഞെടുപ്പിനിടെ ഉണ്ടായത്.
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള അഞ്ചാംഘട്ട പോളിങ് പുരോഗമിക്കുന്നതിനിടെ ബംഗാളിലും ജമ്മുകശ്മീരിലും വ്യാപക അക്രമം. ബംഗാളിലെ ബാരഖ് പുരയില്‍ ബൂത്തിന് നേരെ ബോംബേറ്. അക്രമത്തിന് പിന്നില്‍ തൃണമൂല്‍ പ്രവർത്തകരെന്ന് ബിജെപിയുടെ ആരോപണം. ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ ബൂത്തിന് നേരെ ഗ്രനേഡ് ആക്രമണം. ആർക്കും പരിക്കില്ലെന്ന് പ്രാഥമിക റിപ്പോർട്ട്. ചില ബൂത്തുകൾക്ക് നേരെ കല്ലേറ് നടന്നതായും റിപ്പോർട്ടുണ്ട്. ആദ്യ രണ്ട് മണിക്കൂർ പിന്നിടുമ്പോൾ 10 ശതമാനമാണ് മണ്ഡലങ്ങളിലെ ശരാശരി പോളിങ് എന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ.
ഭരണം നിലനിറുത്താൻ ബിജെപിക്കും അധികാരത്തില്‍ തിരിച്ചെത്താൻ കോൺഗ്രസിനും ഒരു പോലെ നിർണായകമാകുന്ന അഞ്ചാംഘട്ടത്തില്‍ വിധിയെഴുതുന്നത് 51 മണ്ഡലങ്ങൾ. ഏഴ് സംസ്ഥാനങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ പോളിങ് നടക്കുന്നത് അധികവും ഹിന്ദി മേഖലയിലാണ്. ഈ മാസം 12നും 19നും നടക്കാനിരിക്കുന്ന രണ്ട് ഘട്ടങ്ങളോടെ വോട്ടെടുപ്പ് പൂർത്തിയാകും.
കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി, യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, സ്മൃതി ഇറാനി, രാജ് വർധൻ സിങ് റാത്തോഡ്, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ പൂനം സിൻഹ, രാജീവ് പ്രതാപ് റൂഡി, അർജുൻ മുണ്ട, രാം വിലാസ് പാസ്വാന്‍റെ മകൻ ചിരാഗ് പാസ്വാൻ തുടങ്ങിയ പ്രമുഖർ ഇന്ന് ജനവിധി തേടുന്നുണ്ട്. 2014ല്‍ മോദി തരംഗത്തില്‍ ബിജെപിക്ക് വലിയ മുൻതൂക്കം നല്‍കിയ ഹിന്ദി മേഖലയില്‍ നടക്കുന്ന വോട്ടെടുപ്പ് ഭരണത്തുടർച്ചയ്ക്ക് ബിജെപിക്കും ഭരണം തിരിച്ചുപിടിക്കാൻ കോൺഗ്രസിനും നിർണായകമാണ്.