ബര്‍ഗഢ്: ഒരു കാലത്ത് ഒഡീഷയുടെ നെല്ലറയെന്ന പേരില്‍ അറിയപ്പെട്ടിരുന്ന ബര്‍ഗഢ് ജില്ല ഇന്ന് വർധിച്ച് വരുന്ന അര്‍ബുദ രോഗികളുടെ പേരില്‍ കുപ്രസിദ്ധമായിരിക്കുന്നു. സംസ്ഥാനത്തെ മറ്റ് ജില്ലകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ ജില്ലയിലെ അര്‍ബുദ രോഗികളുടെ എണ്ണം വളരെ കൂടുതലാണ്. ബര്‍ഗഢ് മാത്രം എന്തുകൊണ്ട് ഇത്രയധികം അര്‍ബുദ രോഗികളുടെ കേന്ദ്രമായി മാറിയിരിക്കുന്നു എന്നതിനെ കുറിച്ച് സംസ്ഥാന സര്‍ക്കാരിന് ഒരെത്തും പിടിയും കിട്ടാതെ നില്‍ക്കുന്നു. എന്നാൽ കൃഷിക്ക് വേണ്ടി വന്‍ തോതില്‍ രാസവളങ്ങളും കീടനാശിനികളുമൊക്കെ ഉപയോഗിക്കുന്നതാണ് ഇതിന് പ്രധാന കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഒഡീഷയുടെ നെല്ലറയില്‍ നിന്നും അര്‍ബുദത്തിന്‍റെ വിളനിലത്തിലേക്കുള്ള മാറ്റം അന്തരീക്ഷം, വായു എന്നിവ മലിനമാക്കുന്നതും അതോടൊപ്പം മലിനമായ ജലവും വിനാശകാരികളായ രാസവസ്‌തുക്കള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നതും ഇവിടത്തെ അര്‍ബുദ രോഗികളുടെ എണ്ണം വർധിക്കുവാനുള്ള കാരണമായി വിദഗ്‌ധർ അഭിപ്രായപ്പെടുന്നു. 1950 മുതല്‍ തന്നെ ബര്‍ഗഢിൽ നെല്ലും മറ്റ് പച്ചക്കറികളും കൃഷി ചെയ്യുന്നത് വന്‍ തോതില്‍ വർധിച്ചു വന്നിരുന്നു. ഹിരാകുഡ് അണക്കെട്ടിന്‍റെ ജലസംഭരണിയില്‍ നിന്നുള്ള വെള്ളം കൃഷിയിടങ്ങളില്‍ ജലസേചനത്തിനായി കനാലുകളിലൂടെ ലഭിച്ച് തുടങ്ങിയതിന് ശേഷമാണ് ബര്‍ഗഢില്‍ കൃഷി വ്യാപകമായി മാറിയത്. ആന്ധ്രാപ്രദേശ് പോലുള്ള മറ്റ് സംസ്ഥാനങ്ങളിലെ നിരവധി കര്‍ഷകര്‍ ഇവിടെ വന്ന് സ്ഥിര താമസമാക്കിയ ശേഷം കൃഷി ചെയ്യുവാന്‍ ആരംഭിച്ചു. ജലസേചന സൗകര്യം വർധിച്ചതോടെയാണ് ഈ മാറ്റം ഉണ്ടായത്.
നല്ലവിള ലഭിക്കുന്നതിന് വേണ്ടി കര്‍ഷകര്‍ രാസവളങ്ങളും കീടനാശിനികളുമെല്ലാം വന്‍ തോതില്‍ ഇവിടെ ഉപയോഗിച്ചു എന്നാണ് അറിയപ്പെടുന്നത്. രാസവസ്‌തുക്കള്‍ വന്‍ തോതില്‍ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന പാര്‍ശ്വഫലങ്ങളെ കുറിച്ച് അവര്‍ക്ക് അറിയില്ലായിരുന്നു. ഓരോ വര്‍ഷം കടന്നു ചെല്ലുന്തോറും ഈ ജില്ലയിലെ ഭൂഗര്‍ഭ ജലം കൂടുതല്‍ മലിനമായികൊണ്ടിരുന്നു. ചുരുങ്ങിയത് 64 ശതമാനം കര്‍ഷകരെങ്കിലും കയ്യുറകള്‍, ബൂട്ടുകള്‍, അല്ലെങ്കില്‍ മുഴുകൈയ്യന്‍ ഷര്‍ട്ടുകള്‍ പോലുള്ള സംരക്ഷണ മാര്‍ഗങ്ങള്‍ ഉപയോഗിക്കാതെയാണ് കീടനാശിനികള്‍ തളിക്കുന്നത്. 2016-ല്‍ 440.702 ടണ്‍ കീടനാശിനിയാണ് തളിച്ചതെങ്കില്‍ 2017 ആയപ്പോൾ അത് 713.867 ടണ്ണായി ഉയര്‍ന്നു. ഇതിന് പുറമേ വര്‍ഷത്തില്‍ ഒരുതവണ ചെയ്‌തിരുന്ന കൃഷി, ജല ലഭ്യത വര്‍ധിച്ചുവെന്ന കാരണത്താല്‍ രണ്ട് തവണയായി മാറ്റി.
2018-ലെ ഖാരിഫ് വിളവെടുപ്പ് കാലയളവില്‍ കൃഷി ചെയ്യാന്‍ അനുയോജ്യമായ 0.34 ദശലക്ഷം ഹെക്‌ടര്‍ ഭൂമിയില്‍ 0.24 ദശലക്ഷം ഹെക്‌ടറില്‍ മുഴുവന്‍ നെല്ല് കൃഷി ചെയ്‌തു. ചില കര്‍ഷകര്‍ ഇപ്പോള്‍ ജൈവ കൃഷിയിലേക്ക് മാറിയിട്ടുണ്ടെങ്കിലും സംഭവിക്കാവുന്ന നാശനഷ്‌ടങ്ങള്‍ സംഭവിച്ച് കഴിഞ്ഞിരിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്താത്തിടത്തോളം കാലം കീടനാശിനികളുടെ ഉപയോഗം തുടരുക തന്നെ ചെയ്യുമെന്നാണ് വിലയിരുത്തല്‍. ബര്‍ഗഢ് മേഖലയില്‍ കീടനാശിനിയുടെ ഉപയോഗം വളരെ ഉയര്‍ന്ന തോതിലാണെന്നും ഇത് കീടനാശിനിയുമായുള്ള ബന്ധത്തെ വ്യക്തമാക്കുന്നതാണെന്നും പടിഞ്ഞാറന്‍ ഒഡീഷയിലെ കര്‍ഷക സംഘടനയുടെ നേതാക്കളില്‍ ഒരാളായ ലിംഗരാജ് പ്രധാന്‍ ഇടിവി ഭാരതിനോട് പറഞ്ഞു.
രാജ്യത്തെ ഹരിത വിപ്ലവം തുടക്കമിട്ട കാര്‍ഷിക രീതി നമ്മെ സ്വയം പര്യാപ്‌തമാക്കി എന്നുള്ളത് സത്യമാണ്. പക്ഷെ ഈ നയം വിളവ് വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായി കീടനാശിനികളെ അമിതമായി നമ്മള്‍ ആശ്രയിക്കുന്നത് വർധിപ്പിച്ചുവെന്ന് ലിംഗരാജ് പറഞ്ഞു. നിലവിലുള്ള കാര്‍ഷിക രീതിക്ക് ഒരു ബദല്‍ മാര്‍ഗം നമുക്ക് ഇപ്പോള്‍ ആവശ്യമാണ്. കീടനാശിനികള്‍ മൂലം ഉണ്ടാകുന്ന അര്‍ബുദം കര്‍ഷകരെ ഏറെ ഉല്‍കണ്‌ഠപ്പെടുത്തുന്ന കാര്യമാണ്. അതിനാല്‍ സര്‍ക്കാര്‍ പുതിയ നയം കൊണ്ടു വന്ന് ഇതിന് ഒരു ബദല്‍ ഉണ്ടാക്കി തരേണ്ടിയിരിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാര്‍ഷിക വൃത്തി വളരെ അധികം മെച്ചപ്പെട്ടതോടെ ഒട്ടേറെ അനുബന്ധ വ്യവസായങ്ങളും ഇവിടെ ഉയന്ന് വന്നു. അങ്ങനെ ഉയര്‍ന്നു വന്ന നൂറിലധികം അരി മില്ലുകള്‍ പുറന്തള്ളുന്ന കറുത്ത പുക കടുത്ത വായു മലിനീകരണം സൃഷ്‌ടിച്ചു കൊണ്ട് പ്രദേശ വാസികള്‍ക്ക് കൂടുതല്‍ ദുരിതങ്ങള്‍ നല്‍കി. ബര്‍ഗഢ് ജില്ലയില്‍ മാത്രം 130ലധികം അരി മില്ലുകള്‍ ഉണ്ടെന്നാണ് പ്രദേശവാസികള്‍ ഇടിവി ഭാരതിനോട് വ്യക്തമാക്കിയത്. 2014-15 കാലയളവില്‍ 1017 അര്‍ബുദ രോഗികളെ ഈ ജില്ലയില്‍ കണ്ടെത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍. 2015-16-ല്‍ അവരുടെ എണ്ണം 1065 ആയും 2016-17-ല്‍ 1098 ആയും തുടര്‍ന്നുള്ള വര്‍ഷത്തില്‍ 1100 ആയും ഉയര്‍ന്നു.
ബര്‍ഗഢിലെ അര്‍ബുദ രോഗികളില്‍ ഏറ്റവും കൂടുതലായിട്ടുള്ളത് ആമാശയ അര്‍ബുദവും സ്‌തനാര്‍ബുദവുമാണ്. ഇത് മേഖലയിലെ ഭക്ഷണവും അര്‍ബുദ രോഗവുമായുള്ള ബന്ധം വളരെ വ്യക്തമായി സൂചിപ്പിക്കുന്നതാണ്. ഇടിവി ഭാരതുമായി സംസാരിക്കവേ ഈ പ്രദേശത്തെ താമസക്കാരനായ റോഷന്‍ ആരാ ഖാന്‍ പറഞ്ഞത്, അവര്‍ക്ക് രണ്ട് കൈകളിലും മള്‍ട്ടിപ്പിള്‍ മൈലോമ എന്ന അര്‍ബുദം ബാധിച്ചുവെന്നും അര്‍ബുദ രോഗം ബാധിച്ചതോടെ ഇനി മരണമാണ് മുന്നില്‍ എന്നുള്ള ചിന്തയാണ് മനസ്സിലുണ്ടായിരുന്നത്. രണ്ട് കൈകളിലേയും സംവേദനക്ഷമത നഷ്‌ടപ്പെട്ടിരിക്കുന്നു. ഭുവനേശ്വറിലെ എഐഐഎംഎസ്സില്‍ നടത്തിയ ശസ്ത്രക്രിയക്ക് ശേഷം മൂന്ന് മാസത്തോളം കിടപ്പായി. ഒടുവില്‍ രോഗമുക്തി നേടിയെന്നും അവര്‍ പറഞ്ഞു.
റേഡിയേഷന്‍ തെറാപ്പിക്ക് വിധേയമായതോടു കൂടി ഒട്ടേറെ മറ്റ് കടുത്ത ബുദ്ധിമുട്ടുകളും റോഷന്‍ ആരാ ഖാന് അനുഭവപ്പെടുകയുണ്ടായി. മുട്ടുകളില്‍ വേദന, വായ്ക്കകത്തെ പാളികള്‍ക്ക് ഇടക്കിടെ മാറ്റം സംഭവിക്കുക, ഉമിനീര്‍ ഗ്രന്ധികള്‍ക്ക് തകരാറുകള്‍ ഉണ്ടായി പല്ലുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുക എന്നിവയൊക്കെ അതില്‍ ഉള്‍പ്പെടുന്നു. ഗുഡ്‌ക അല്ലെങ്കില്‍ മറ്റ് പുകയില ഉല്‍പന്നങ്ങള്‍ ഒന്നും തന്നെ ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത മിനാട്ടി പടി എന്ന വ്യക്തിക്കും 2014-ല്‍ അര്‍ബുദം ഉണ്ടെന്ന് കണ്ടെത്തുകയുണ്ടായി. അവരും ചികിത്സിച്ച് രോഗം പൂര്‍ണമായും ഭേദമായി. ഈ മേഖലയിലെ ഒരു പത്രപ്രവര്‍ത്തകനായ പ്രസന്ന മിശ്രയും രക്താര്‍ബുദ ബാധിതനാണ്. രോഗം വളരെ നേരത്തെ തന്നെ കണ്ടെത്തുവാന്‍ കഴിഞ്ഞതിനാല്‍ മുംബൈയിലെ ടാറ്റാ മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സ തേടുകയും രോഗം പൂര്‍ണമായി ഭേദമാവുകയും ചെയ്‌തു. പക്ഷെ അര്‍ബുദത്തെ മറി കടക്കുവാന്‍ കഴിഞ്ഞ ന്യൂനപക്ഷങ്ങളില്‍ ഉള്‍പ്പെടുന്നവരാണ് ഇവരൊക്കെയും.
2017ല്‍ അന്നത്തെ ബിജാപൂര്‍ എംഎല്‍എയായിരുന്ന സുബല്‍ സാഹു വര്‍ഷങ്ങളോളം ചികിത്സക്ക് വിധേയമായെങ്കിലും അര്‍ബുദത്തിന് കീഴടങ്ങി. പടിഞ്ഞാറന്‍ ഒഡീഷ വികസന കൗണ്‍സിലിന്‍റെ ചെയര്‍മാനായ സുബാഷ് ചൗഹാനും അര്‍ബുദം ബാധിച്ചതായി കണ്ടെത്തി. രോഗം നിര്‍ണയിക്കപ്പെട്ട് നാല് മാസങ്ങള്‍ക്കുള്ളില്‍ അദ്ദേഹവും മരണത്തിന് കീഴടങ്ങി. ബര്‍ഗഢിലെ അര്‍ബുദ രോഗ മുക്തി നേടിയവര്‍ “ഫൈറ്റേഴ്‌സ് ഗ്രൂപ്പ്'' എന്നൊരു സംഘടനക്ക് രൂപം നല്‍കി. നിരവധി അര്‍ബുദ രോഗികള്‍ക്ക് ഈ സംഘടന സഹായം നല്‍കുന്നുണ്ട്. ബര്‍ഗഢില്‍ ഒരു അര്‍ബുദ രോഗ ആശുപത്രി നിര്‍മിക്കണമെന്ന് 2017 മുതല്‍ സംഘടന ആവശ്യം ഉന്നയിക്കുന്നുണ്ട്. അര്‍ബുദ രോഗത്തിനുള്ള ആശുപത്രി നിര്‍മ്മിക്കണമെന്ന ആവശ്യം ഭരണകൂടത്തിനെതിരെയുള്ള സമരമായി മാറുമെന്ന ഘട്ടം വന്നതോടെ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കുകയും ഘട്ടക്കിലെ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിനെ (ഐസിഎംആര്‍) ആശുപത്രി നിർമാണത്തിന്‍റെ ഉത്തരവാദിത്തം ഏല്‍പ്പിക്കുകയും ചെയ്തു. ഈ പ്രദേശം സന്ദര്‍ശിച്ച ഐസിഎംആറിന്‍റെ ഒരു സംഘം ഉദ്യോഗസ്ഥര്‍ കേദാപള്ളിയിലെ പുതുതായി നിര്‍മ്മിച്ച ജില്ലാ തലസ്ഥാന ആശുപത്രിയില്‍ അര്‍ബുദ രോഗികള്‍ക്ക് കീമോതെറാപ്പിക്കും റേഡിയോ തെറാപ്പിക്കും വേണ്ട സൗകര്യങ്ങള്‍ ഉടന്‍ ഒരുക്കണമെന്ന് വിലയിരുത്തി.
അര്‍ബുദ രോഗം സംബന്ധിച്ച വിവരങ്ങള്‍ വളരെ കൃത്യമായ രീതിയില്‍ ശേഖരിച്ച് വരുന്ന നാഷണല്‍ ക്യാൻസര്‍ രജിസ്റ്ററിയുടെ ഭാഗമല്ല ഒഡീഷ. ഇത് സാധ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഉടനെ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി നവീന്‍ പട്‌നായിക് പ്രഖ്യാപിച്ചുവെങ്കിലും ഇക്കാര്യത്തില്‍ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. എന്നിരുന്നാലും നിലവില്‍ അടിയന്തരമായി ചെയ്യേണ്ട കാര്യം കീടനാശിനി വിപണിയില്‍ കാതലായ മാറ്റങ്ങള്‍ നടപ്പില്‍ വരുത്തുകയും ജൈവ കൃഷിയിലേക്ക് തിരിയാന്‍ കര്‍ഷകരെ പ്രോത്സാഹിപ്പിക്കുകയുമാണ്.