ജയ്‌പൂർ: ജയ്‌സല്‍മീര്‍ ജില്ലയിലെ കുല്‍ധാര കബ റോഡില്‍ ദേധ ഗ്രാമത്തിലാണ് ചരിത്ര പ്രസിദ്ധമായ ജസേരി തലാബ് (കുളം) സ്ഥിതി ചെയ്യുന്നത്. പലിവാല്‍ സംസ്‌കാരത്തിന്‍റെ പ്രതീകമാണ് ഈ കുളം. സമീപത്ത് സ്ഥിതിചെയ്യുന്ന അനേകം ഗ്രാമങ്ങളുടെ ദാഹമകറ്റുന്നത് ജസേരി തലാബാണ്. ജസ്ബായ് എന്ന സ്ത്രീയുടെ പേരിൽ നിന്നാണ് കുളം ജസേരി തലാബായത്. കുളം ഉണ്ടായതിന് പിന്നിൽ ഗ്രാമീണർക്കും ചരിത്രകാരന്മാർക്കും ജസ്ബായിയുടെ കഥയാണ് പറയാനുള്ളത്..
നാല് നൂറ്റാണ്ടുകൾക്ക് മുൻപ് ഭര്‍തൃ സഹോദരനിൽ നിന്ന് ജസ്ബായിക്ക് ഏൽക്കേണ്ടി വന്ന പരിഹാസം കുളം നിർമിക്കുന്നതിലേയ്ക്ക് നയിച്ചെന്നാണ് ചരിത്രം. ജസ്ബായിയുടെ ഭർതൃപിതാവാണ് നിർമാണത്തിന് പിന്നില്‍. അദ്ദേഹം നിർമിച്ചതായി കരുതുന്ന ജസേരി കുളത്തിന് നിരവധി പ്രത്യേകതകളുമുണ്ട്. രൂക്ഷമായ വേനലുകൾ എത്രയോ കടന്നുപോയിട്ടും ഇതുവരെ ജസേരി കുളം വറ്റിയിട്ടില്ല. കുളത്തിന്‍റെ അടിത്തട്ടിൽ പിച്ചള ഷീറ്റ് ഘടിപ്പിച്ചിരിക്കുന്നുവെന്നാണ് ഗ്രാമീണർ പറയുന്നത്. 1971ലുണ്ടായ കനത്ത ജലക്ഷാമത്തിലും ജസേരി കുളത്തിൽ അൽപം വെള്ളം നിലനിന്നിരുന്നു. അക്കാലത്തും കുളത്തിന്‍റെ അടിത്തട്ട് ആരും തന്നെ കണ്ടിട്ടില്ലെന്നാണ് ഗ്രാമീണർ പറയുന്നത്. ചരിത്രകാരന്മാരും ഇത് ശരിവയ്ക്കുന്നു.