രാജ്യത്തെ 130 കോടി ജനങ്ങളുടേയും മൂത്രം ശേഖരിച്ചാൽ രാജ്യത്തേക്കുള്ള യൂറിയയുടെ ഇറക്കുമതി ഒഴിവാക്കാനാകുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. നാഗ്പുരിൽ നടന്ന മേയര്‍ ഇന്നവോഷന്‍ പുരസ്‌കാര ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജൈവ മാലിന്യങ്ങളിൽ നിന്ന് ജൈവ ഇന്ധനം നിർമിക്കുന്നതിനെക്കുറിച്ച് ഉദാഹരണ സഹിതമാണ് മന്ത്രി വിശദീകരിച്ചത്. മനുഷ്യന്‍റെ മൂത്രം പോലും ജൈവ ഇന്ധനമാക്കാമെന്നും അതിൽ നിന്ന് അമോണിയം സൾഫേറ്റും നൈട്രജനും വേർതിരിക്കാനാകുമെന്നും ഗഡ്കരി തന്‍റെ പ്രസംഗത്തിൽ പറഞ്ഞു.
രാജ്യത്തെ എയർപോർട്ടുകളിൽ യാത്രക്കാരുടെ മൂത്രം ശേഖരിക്കാൻ നിർദേശം കൊടുത്തതായും അത്തരത്തിൽ രാജ്യത്തെ ജനതയുടെ മുഴുവൻ മൂത്രവും ശേഖരിച്ചാൽ രാജ്യത്തേക്കുള്ള യൂറിന്‍റെ ഇറക്കുമതി പൂർണ്ണമായും നിർത്താനാകുമെന്നും രാജ്യത്ത് ഒന്നും തന്നെ പാഴായി പോകില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഇത്തരത്തിലുള്ള അതിശയകരമായ ആശയങ്ങൾ താൻ അവതരിപ്പിക്കുന്നതിനാൽ സർക്കാരും പൊതു സമൂഹവും തന്നോട് സഹകരിക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.