ബംഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പിലെ വമ്പൻ തോല്‍വിക്ക് പിന്നാലെ കർണാടകയില്‍ അധികാരം നഷ്ടപ്പെടുമെന്ന ഭീതിയില്‍ കോൺഗ്രസ് - ജെഡിഎസ് സർക്കാർ. കർണാടകയില്‍ അധികാരം തിരിച്ചുപിടിക്കാൻ ഓപ്പറേഷൻ കമലയുമായി ബിജെപി നേതൃത്വം ശക്തമായ ഇടപെടല്‍ നടത്തുകയാണ്. അതിന്‍റെ തുടർച്ചയെന്നോണം കോൺഗ്രസ് വിമത എംഎൽഎമാരായ രമേഷ് ജാർക്കോളിയും, സുധാകറും കർണാടകയിലെ ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. കോൺഗ്രസ് മുൻ മുഖ്യമന്ത്രിയും പിന്നീട് ബിജെപിയിലേക്ക് കൂറുമാറിയ നേതാവുമായ എസ് എം കൃഷ്ണയുടെ ബംഗളൂരുവിലെ വസതിയിൽ വെച്ച് ബിജെപി നേതാവ് ആർ അശോകിനോടൊപ്പമാണ് വിമത കോൺഗ്രസ് എംഎല്‍മാർ കൂടിക്കാഴ്ച നടത്തിയത്.
കുമാരസ്വാമിയുടെ കസേര പിടിക്കാൻ ഓപ്പറേഷൻ കമല വീണ്ടും
ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് - ജെഡിഎസ് സർക്കാർ താഴെ വീഴുമെന്ന് കർണാടകയിലെ ബിജെപി അധ്യക്ഷൻ ബി എസ് യഡ്യൂരപ്പ് പറഞ്ഞിരുന്നു.
എന്നാൽ സന്ദർശനം രാഷ്ടീയമല്ലെന്നാണ് ജർക്കോളിയുടെ വിശദീകരണം. നേരത്തെ ജർക്കോളി ഉൾപ്പെടെ ആറ് വിമത എംഎൽഎമാരുടെ പട്ടിക ബി എസ് യെഡിയൂരപ്പയ്ക്ക് കൈമാറിയെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. അതേ സമയം മെയ് 29 മുതൽ ബിജെപി ഓപ്പറേഷൻ കമലയുമായി വീണ്ടുമെത്തുമെന്നും, അത് തടയാനുള്ള പ്രതിരോധ നടപടികൾ കോൺഗ്രസ് സ്വീകരിച്ചിട്ടുണ്ടെന്നും രമേഷ് ജാർക്കോളിയുടെ സഹോദരനും കർണാടക വനം മന്ത്രിയുമായ സതീഷ് ജാർക്കോളി പ്രതികരിച്ചു.
മാണ്ഡ്യ ലോക്സഭ മണ്ഡലത്തില്‍ മണ്ഡലത്തിൽ ജയിച്ച നടി സുമലത അമ്പരീഷ് ബിജെപി നേതൃത്വത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചതും കോൺഗ്രസിന് തലവേദനയാണ്. സുമലതയും എം എസ് കൃഷ്ണയെ നേരിൽ കണ്ടു. നേരത്തെ മാണ്ഡ്യയിൽ കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമി തോറ്റതിനെ ചൊല്ലി കോൺഗ്രസ്- ജെഡിഎസ് സഖ്യത്തിൽ വിള്ളൽ സംഭവിച്ചിരുന്നു.