ന്യൂഡൽഹി:ആഭ്യന്തര യാത്രയ്ക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി ആരോഗ്യ മന്ത്രാലയം. യാത്രക്കാർ മൊബൈലുകളിൽ ആരോഗ്യ സേതു ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ നിർദ്ദേശിക്കുകയും വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് ടെർമിനലുകൾ എന്നിവിടങ്ങളിൽ തെര്‍മല്‍ സ്‌ക്രീനിങ് ഉറപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു. പ്രകടമായ ലക്ഷണങ്ങളില്ലാത്ത ആളുകൾക്ക് 14 ദിവസത്തെ സ്വയം നിരീക്ഷണത്തിന് ശേഷം യാത്ര ചെയ്യാൻ അനുവാദം നൽകണമെന്നും മന്ത്രാലയം അറിയിച്ചു.
ബന്ധപ്പെട്ട ഏജൻസികൾ യാത്രക്കാർക്കുള്ള ടിക്കറ്റിനൊപ്പം ചെയ്യാൻ പാടില്ലാത്ത കാര്യങ്ങുടെയും ചെയ്യാവുന്ന കാര്യങ്ങളുടെയും വിശദീകരണം നൽകണമെന്നും ആഭ്യന്തര യാത്രയ്ക്കുള്ള മന്ത്രാലയത്തിന്‍റെ മാർഗ്ഗനിർദ്ദേശങ്ങളിൽ പറയുന്നു. ദുരന്തോ എക്‌സ്‌പ്രസ്, സമ്പര്‍ക്ക ക്രാന്തി, ജന ശതാബ്ദി, പൂർവ എക്‌സ്‌പ്രസ് എന്നിവയുൾപ്പെടെയുള്ള ട്രെയിനുകൾ ജൂൺ ഒന്ന് മുതൽ പ്രവര്‍ത്തിക്കുമെന്ന് ഇന്ത്യൻ റെയിൽവേ വ്യക്തമാക്കിയ ശേഷമാണ് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ആഭ്യന്തര വിമാന സർവീസ് മെയ് 25 മുതൽ പുനരാരംഭിക്കുമെന്ന് സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിംഗ് പുരി അറിയിച്ചു.
ആഭ്യന്തര യാത്രയ്ക്കുള്ള മാർഗ്ഗനിർദ്ദേശങ്ങളിൽ കൊവിഡ് -19 ന്‍റെ മുൻകരുതൽ നടപടികൾ ഉൾപ്പെടെ ഉചിതമായ പ്രഖ്യാപനം വിമാനത്താവളങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും ബസ് ടെർമിനലുകളിലും വിമാനങ്ങളിലും ട്രെയിനുകളിലും ബസുകളിലും പ്രഖ്യാപിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
എല്ലാ യാത്രക്കാരെയും പുറപ്പെടുന്ന സമയത്ത് തെർമൽ സ്‌ക്രീനിങ്ങിന് വിധേയമാക്കുന്നുണ്ടെന്ന് സംസ്ഥാനങ്ങൾ ഉറപ്പാക്കും, കൂടാതെ രോഗ ലക്ഷണങ്ങളില്ലാത്ത യാത്രക്കാർക്ക് മാത്രമേ വിമാനത്തിലോ ട്രെയിനിലോ ബസിലോ കയറാൻ അനുവാദമുള്ളൂ. യാത്രയ്ക്കിടെ എല്ലാ യാത്രക്കാരും മാസ്കുകൾ ഉപയോഗിക്കുകയും, കൈകളുടെ ശുചിത്വം, ശ്വസന ശുചിത്വം, പരിസ്ഥിതി ശുചിത്വം എന്നിവ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും മന്ത്രാലയം പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശങ്ങളിൽ പറയുന്നു.
വിമാനത്താവളങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും ബസ് ടെർമിനലുകളിലും സാമൂഹിക അകലം ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്ന് മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നു.