ന്യൂഡൽഹി: കൊവിഡിനെ ചെറുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാന മുഖ്യമന്ത്രിമാരോട് വീഡിയോ സമ്മേളനത്തിലൂടെ കൂടിക്കാഴ്‌ച നടത്തി. നിരവധി സംസ്ഥാനങ്ങള്‍ രാഷ്ട്രീയ ഭേദമന്യേ തങ്ങളുടെ ജിഎസ്‌ടി കുടിശിക ഉടന്‍ നല്‍കണമെന്നും കടമെടുക്കാനുള്ള പരിധി ഉയര്‍ത്തണമെന്നും ആവശ്യപ്പെട്ടു. ആഗോള മഹാമാരിയെ തടുക്കാൻ കൂടുതല്‍ വിഭവ സമാഹരണം നടത്താന്‍ ഇതല്ലാതെ വേറെ വഴിയില്ലെന്നും അവര്‍ അറിയിച്ചു.
മറ്റ് രാജ്യങ്ങളിലെ പോലെ രോഗ ബാധിതരുടെ എണ്ണം പെട്ടെന്ന് ഉയരാന്‍ തുടങ്ങിയാല്‍ ഉണ്ടാകാനിടയുള്ള കനത്ത വെല്ലുവിളി നേരിടുന്നതിനായി കൂടുതല്‍ പരിശോധനാ കിറ്റുകളും വെന്‍റിലേറ്ററുകളും വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. കൊവിഡ് 19 എന്ന കൊറോണ വൈറസ് ഇതുവരെ ഇന്ത്യയിലെ അറുപതിലധികം ജീവനുകള്‍ എടുത്തു കഴിഞ്ഞു. ആഗോള തലത്തില്‍ രോഗം ബാധിച്ചവരുടെ എണ്ണം മൂന്ന് മാസമായപ്പോഴേക്കും പത്ത് ലക്ഷത്തോടടുക്കുന്നു. 50,000 ലധികം പേര്‍ മരിച്ചു കഴിഞ്ഞു.
കേരളം, പശ്ചിമ ബംഗാള്‍, പഞ്ചാബ്, ആന്ധ്രാപ്രദേശ് എന്നീ നാല് സംസ്ഥാനങ്ങളിലെ ധനനമന്ത്രിമാർ ഇടിവി ഭാരതിനോട് സംസാരിച്ചു. ജിഎസ്‌ടി നഷ്‌ടപരിഹാര കുടിശിക ഉടന്‍ തന്നെ നൽകണമെന്നും അതോടൊപ്പം എഫ്ആര്‍എംബി നിയമപ്രകാരം ജിഡിപി മൂന്ന് ശതമാനമാക്കി നിജപ്പെടുത്തിയിട്ടുള്ള മൊത്തം കടമെടുക്കല്‍ പരിധി വർധിപ്പിക്കണമെന്നും ധനമന്ത്രിമാർ പറഞ്ഞു.
ഏതാണ്ട് 6000 കോടി രൂപ വരുന്ന ജിഎസ്‌ടിയും കുടിശികയും കേന്ദ്രം നല്‍കിയാല്‍ തന്നെ കൊവിഡ് എന്ന മഹാമാരിയെ തങ്ങള്‍ സ്വയം നേരിടും എന്നാണ് പഞ്ചാബിലെ ധനകാര്യമന്ത്രി മന്‍പ്രീത് ബാദല്‍ പറഞ്ഞത്. കേരളത്തിന്‍റെ ജിഎസ്‌ടി നഷ്‌ടപരിഹാര കുടിശിക ഉടന്‍ തന്നെ നല്‍കണമെന്നും എഫ്ആര്‍എംബി നിയമപ്രകാരം 27000 കോടി രൂപയായി നിജപ്പെടുത്തിയിട്ടുള്ള സംസ്ഥാനത്തിന്‍റെ കടമെടുപ്പ് പരിധി വർധിപ്പിക്കണമെന്നും കേരള ധനകാര്യ മന്ത്രി തോമസ് ഐസക്കും ആവശ്യപ്പെട്ടു.
കേരളത്തിന് ജിഎസ്‌ടി നഷ്‌ടപരിഹാര വകയില്‍ കിട്ടാനുള്ള പണം കൃത്യസമയത്ത് ലഭിക്കുന്നതിനായി കഴിഞ്ഞ വര്‍ഷം തന്നെ ധനകാര്യ മന്ത്രി നിർമല സീതാരാമിന് കത്തെഴുതുകയും അവരെ നേരില്‍ കണ്ട് സംസാരിക്കുകയും ചെയ്‌തതായി കേരള ധനകാര്യ മന്ത്രി തോമസ് ഐസക് പറഞ്ഞു. എന്നാല്‍ നിയമ പ്രകാരമുള്ള ബാധ്യതകള്‍ ലംഘിച്ചു കൊണ്ട് നിരവധി സംസ്ഥാനങ്ങളുടെ ജിഎസ്‌ടി വിഹിതം കേന്ദ്രം നല്‍കാതെ വെച്ചു താമസിപ്പിക്കുകയാണെന്നും കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ സംസ്ഥാനങ്ങള്‍ക്ക് വേണ്ടത്ര പിന്തുണ കേന്ദ്രം നല്‍കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
എല്ലാ സംസ്ഥാന സര്‍ക്കാരുകളും വളരെയധികം ബുദ്ധിമുട്ടുകയാണെന്നും അവരുടെയെല്ലാം നികുതി വരുമാനം കുത്തനെ ഇടിയുമ്പോള്‍ ചെലവ് മറുവശത്ത് വർധിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാൾ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും ഇതേ അഭിപ്രായത്തോട് യോജിച്ചു. മുഖ്യമന്ത്രി മമതാ ബാനര്‍ജി ബാക്കിയുള്ള 28000 കോടി രൂപ ജിഎസ്‌ടി നഷ്‌ടപരിഹാരം നല്‍കുവാന്‍ കേന്ദ്രത്തോട് അഭ്യർഥിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ കേന്ദ്ര പദ്ധതികളില്‍പ്പെട്ട മറ്റ് കുടിശികകളും ആവശ്യപ്പെട്ടിട്ടുണ്ട്. ബുള്‍ബുള്‍ കൊടുങ്കാറ്റ് സംസ്ഥാനത്ത് കനത്ത നാശനഷ്‌ടം ഉണ്ടാക്കിയത് കൈകാര്യം ചെയ്യാൻ ആശ്വാസ പാക്കേജും സർക്കാർ ആവശ്യപ്പെട്ടിരുന്നുവെന്ന് പശ്ചിമബംഗാളിൽ നിന്നുള്ള രാജ്യസഭാംഗം പറഞ്ഞു.
എന്നാല്‍ ജിഎസ്‌ടി നഷ്‌ടപരിഹാര ഫണ്ട് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ ആയി അനുവദിച്ചു നല്‍കിയാല്‍ അത് ഈ ആഗോള മഹാമാരിയെ നേരിടാൻ സംസ്ഥാനങ്ങളെ ശക്തരാക്കുമെന്നുള്ള അഭിപ്രായത്തോട് ആന്ധ്രാ പ്രദേശില്‍ നിന്നുള്ള യുവ ലോക്‌സഭ അംഗം ലവു ശ്രീകൃഷ്‌ണ ദേവരായലു വിയോജിച്ചു. ജിഎസ്‌ടി വിഹിതം കേന്ദ്ര സര്‍ക്കാര്‍ തീർക്കുക തന്നെ വേണം. പക്ഷെ വ്യവസായങ്ങളെ ഇപ്പോഴത്തെ പ്രതിസന്ധിയില്‍ നിന്ന് രക്ഷിക്കാനുള്ള വ്യക്തമായ പദ്ധതി ഇല്ലാത്തിടത്തോളം കാലം ആ പണം മതിയാകില്ല. ജിഎസ്‌ടി വിഹിതം കിട്ടിയതുകൊണ്ട് മാത്രം സംസ്ഥാനങ്ങള്‍ക്ക് കൊവിഡിനെതിരെ പോരാടാന്‍ കഴിയുകയില്ലെന്നും അദ്ദേഹം ഇടിവി ഭാരതിനോട് പറഞ്ഞു.
ലോക് ഡൗൺ മൂലം സംസ്ഥാനങ്ങള്‍ നേരിടുന്നത് കനത്ത വരുമാന നഷ്‌ടം
വൈകുന്ന ജിഎസ്‌ടി നഷ്‌ടപരിഹാര ഫണ്ടുകള്‍ പ്രശ്‌നങ്ങളുടെ ഒരു ഭാഗം മാത്രമാണ്. ചില സംസ്ഥാനങ്ങള്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കുന്നതിനും വിരമിച്ചവര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിനും വലിയ പ്രയാസമാണ് നേരിടുന്നത്. ജീവനക്കാർക്ക് ഈ മാസം ശമ്പളം നല്‍കാന്‍ സംസ്ഥാനത്തിന് സാധിച്ചാലും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നിലച്ചതുകൊണ്ട് അടുത്ത മാസം മുതല്‍ ശമ്പളം നല്‍കുവാന്‍ ബുദ്ധിമുട്ടുണ്ടാകുമെന്ന് പഞ്ചാബ് ധനമന്ത്രി മന്‍പ്രീത് ബാദല്‍ പറഞ്ഞു.
നികുതിയിനത്തില്‍ ഒറ്റപൈസ പോലും ലഭിക്കുന്നില്ല. പെട്രോളോ ഡീസലോ മദ്യമോ വിൽക്കാന്‍ കഴിയുന്നില്ല. അതുപോലെ തന്നെ സ്ഥല കൈമാറ്റങ്ങള്‍ ഒന്നും നടക്കുന്നില്ല. അതുവഴി ലഭിക്കേണ്ട സ്റ്റാമ്പ്, രജിസ്‌ട്രേഷന്‍ തീരുവകകളും ഇക്കാരണത്താല്‍ നിലച്ചു. ലോക് ഡൗൺ തുടർന്നാൽ വന്‍ തോതില്‍ നികുതി നഷ്‌ടം സംഭവിക്കാനുള്ള സാധ്യത കേരള ധനകാര്യ മന്ത്രി തോമസ് ഐസക്കും വ്യക്തമാക്കി. അതുകൊണ്ടു തന്നെയാണ് എല്ലാ സംസ്ഥാനങ്ങളും ഇപ്പോള്‍ ശമ്പളവും മറ്റും വെട്ടി കുറക്കുന്നത്. കൊവിഡിനെതിരെ പോരാടാന്‍, ഈ പോരാട്ടത്തെ നിങ്ങള്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നതെങ്കില്‍, സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ പണം ലഭ്യമാക്കണമെന്ന് തോമസ് ഐസക്ക് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.
സംസ്ഥാനങ്ങളുടെ ധനകമ്മി ലക്ഷ്യങ്ങളില്‍ ഇളവുകള്‍ വേണം
എഫ്ആര്‍എംബി നിയമപ്രകാരം ധനകമ്മിയില്‍ ഇളവ് നല്‍കണമെന്ന കാര്യത്തില്‍ ഒരേ അഭിപ്രായക്കാരാണ് കേരളം, പശ്ചിമ ബംഗാല്‍, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നുള്ള നേതാക്കന്മാര്‍. ഈ അവസ്ഥ മറികടക്കാൻ കൂടുതല്‍ വിഭവ സമാഹരണത്തിന് സംസ്ഥാനങ്ങളെ സഹായിക്കുമെന്നും അവര്‍ പറയുന്നു. കേരളത്തിലെയും പശ്ചിമ ബംഗാളിലെയും നേതാക്കന്മാർ ധനകമ്മി പരിധിയായ മൂന്ന് ശതമാനം അഞ്ച് ശതമാനമാക്കി ഉയര്‍ത്തണമെന്ന് വ്യക്തമാക്കി പറയുമ്പോള്‍ പഞ്ചാബ് ധനകാര്യ മന്ത്രി മന്‍പ്രീത് ബാദല്‍ കണക്കുകളൊന്നും എടുത്തു പറയുന്നില്ല. പക്ഷെ കേന്ദ്രസര്‍ക്കാരിനെ പോലെ സംസ്ഥാനങ്ങള്‍ക്ക് സ്വയം ധനകമ്മി ലക്ഷ്യത്തില്‍ ഇളവ് വരുത്തുവാന്‍ കഴിയില്ല എന്ന് അദ്ദേഹം ചൂണ്ടി കാട്ടുന്നു. മാത്രമല്ല, കൂടുതല്‍ വിഭവ സമാഹരണത്തിനായി നോട്ടുകള്‍ അച്ചടിക്കുവാനും കഴിയില്ലെന്ന് അദ്ദേഹം പറയുന്നു.
മുഖ്യമന്ത്രി മമതാ ബാനര്‍ജി ധനകമ്മി ലക്ഷ്യം അഞ്ച് ശതമാനമാക്കി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തെഴുതി കഴിഞ്ഞതായി തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാംഗം വ്യക്തമാക്കി. എഫ്ആര്‍എംബി പരിധി മൂന്ന് ശതമാനത്തില്‍ നിന്നും അഞ്ച് ശതമാനമാക്കി ഇളവ് നല്‍കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ട് കഴിഞ്ഞതാണ്. പക്ഷെ ഇതുവരെ പ്രതികരണമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത ആഴ്‌ചകളില്‍ കൊവിഡ് കേസുകള്‍ ഉയര്‍ന്നാല്‍ പ്രതിരോധിക്കുന്നതിനായി മൂന്ന് സംസ്ഥാനങ്ങൾ കൂടുതല്‍ പരിശോധനാ കിറ്റുകളും വെന്‍റിലേറ്ററുകൾ ആവശ്യമാണെന്ന് പറഞ്ഞു. സര്‍ക്കാരിന്‍റെ പക്കല്‍ വേണ്ടത്ര പരിശോധനാ കിറ്റുകള്‍ ഇല്ലാത്തതിനാല്‍ പത്ത് ലക്ഷം പേരെ അത് സാധിക്കുന്നില്ലെന്നും ധനകാര്യ മന്ത്രി തോമസ് ഐസക് പറഞ്ഞു. ഞങ്ങള്‍ക്ക് ഇപ്പോള്‍ ആവശ്യത്തിന് പരിശോധന കിറ്റുകള്‍ ഇല്ല. ഇനിയും കൂടുതല്‍ ആവശ്യമാണ്. 10 ലക്ഷം പേരെ പരിശോധിക്കേണ്ടതുണ്ട്. പക്ഷെ ഉള്ളത് രണ്ട് ലക്ഷം കിറ്റുകളാണെന്നും ധനകാര്യ മന്ത്രി തോമസ് ഐസക് പറഞ്ഞു.
മെഡിക്കല്‍ ജീവനക്കാര്‍ക്ക് വേണ്ട സംരക്ഷണ ഉപകരണങ്ങളും പരിശോധനാ കിറ്റുകളും സംഭരിക്കുന്നതില്‍ സംസ്ഥാനങ്ങള്‍ നേരിടുന്ന പ്രയാസങ്ങൾ ചൂണ്ടിക്കാണിക്കുകയാണ് ലോകസഭാംഗം ലവു ശ്രീകൃഷ്‌ണ ദേവരായലു. കൂടുതല്‍ പരിശോധനാ കിറ്റുകള്‍ ഇറക്കുമതി ചെയ്യുകയാണ് വേണ്ടത്. സംസ്ഥാനങ്ങള്‍ക്ക് വാങ്ങാവുന്ന കിറ്റുകള്‍ക്ക് കേന്ദ്രം അംഗീകാരം നല്‍കണം. നിലവില്‍ മരണസംഖ്യ അത്ര ഉയര്‍ന്നതല്ലെങ്കിലും പരിശോധനാ കിറ്റുകളുടേയും വെന്‍റിലേറ്ററുകളുടേയും ദൗര്‍ലഭ്യതയുണ്ടെന്നും അദ്ദേഹം ഇടിവി ഭാരതിനോട് പറഞ്ഞു.
കൊവിഡിനെ തടുക്കാൻ ആരോഗ്യ മേഖലക്കായി കേന്ദ്ര സര്‍ക്കാരിന്‍റെ ബജറ്റ് വകയിരുത്തല്‍ വർധിപ്പിക്കണമെന്നും തോമസ് ഐസക്ക് ആവശ്യപ്പെട്ടു. ദേശീയ ആരോഗ്യ മിഷന്‍റെ ഭാഗമായുള്ള വകയിരുത്തല്‍ വർധിപ്പിച്ചുകൊണ്ട് അവര്‍ കൂടുതല്‍ പണം സംസ്ഥാനങ്ങള്‍ക്ക് നല്‍കണം. എന്‍എച്ച്എമ്മിന്‍റെ വകയിരുത്തല്‍ ഇതുവരെ കേന്ദ്രസർക്കാർ വർധിപ്പിച്ചിട്ടില്ലെന്നും തോമസ് ഐസക്ക് കൂട്ടിച്ചേർത്തു.