കേരളം

kerala

ETV Bharat / bharat

പുതുച്ചേരി ഭരണപ്രതിസന്ധി: മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ ചര്‍ച്ച വൈകിട്ട് - വി. നാരായണസ്വാമി

പുതുച്ചേരി ഭരണപ്രതിസന്ധിയെ തുടര്‍ന്ന് മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ ചര്‍ച്ച ഇന്ന് വൈകിട്ട് ആറ് മണിക്ക്. സർക്കാർ പദ്ധതികൾക്ക് അംഗീകാരം നൽകുന്നില്ലെന്ന് ആരോപിച്ചാണ് മുഖ്യമന്ത്രിയുടെ സമരം. ട്വിറ്ററിലൂടെയാണ് ഇരുവരുടെയും വാദപ്രതിവാദങ്ങള്‍.

ലഫ്.ഗവർണർ കിരൺ ബേദിയുടെ ഔദ്യോഗിക വസതിക്കു മുന്നിൽ പുതുച്ചേരി മുഖ്യമന്ത്രി വി.നാരായണസാമി കുത്തിയിരിപ്പു സമരം തുടരുന്നു

By

Published : Feb 17, 2019, 6:07 PM IST

ഭരണപ്രതിസന്ധി തുടരുന്ന പുതുച്ചേരിയിൽ മുഖ്യമന്ത്രി വി. നാരായണസ്വാമിയും ലഫ്. ഗവർണർ കിരൺ ബേദിയും തമ്മിൽ ഇന്ന് ചർച്ച. വൈകിട്ട് ആറ് മണിക്ക് ലഫ്. ഗവർണറുടെ വസതിയായ രാജ് നിവാസിൽ ചർച്ച നടത്താമെന്ന് കിരൺ ബേദി നിർദേശം മുന്നോട്ടു വച്ചിരുന്നു. എന്നാല്‍ സെക്രട്ടേറിയറ്റില്‍ വച്ച് ചർച്ച നടത്തിയാല്‍ മതിയെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.

ട്വിറ്ററിലൂടെയാണ് ഇരുവരും ഭരണപരമായ തര്‍ക്കങ്ങളില്‍ പോലും വാക്പോര് നടത്തുന്നത്. ട്വിറ്ററിലൂടെ തന്‍റെ നിലപാടുകള്‍ വ്യക്തമാക്കുന്ന ലഫ്. ഗവര്‍ണര്‍ കിരണ്‍ബേദിക്ക് അതേ മാധ്യമത്തിലൂടെ തന്നെയാണ് നാരായണസ്വാമിയും മറുപടി നല്‍കുന്നത്. ചര്‍ച്ചയ്ക്ക് ക്ഷണിച്ചതും അതിനുള്ള മറുപടിയും ട്വിറ്ററിലൂടെ തന്നെയാണ് ഇരുവരും പങ്കുവെച്ചത്.
പൊതുജനങ്ങൾക്ക് മുന്നിൽ തുറന്ന സംവാദത്തിന് തയാറാണോ എന്ന് വെല്ലുവിളിച്ച കിരണ്‍ ബേദിയോട് തയ്യാറാണെന്ന് പറഞ്ഞ മുഖ്യമന്ത്രി വേദിയും സ്ഥലവും ട്വിറ്ററിലൂടെ തന്നെ പറഞ്ഞു. ഏത് സമയവും ചർച്ചയ്ക്ക് വരാം. സ്ഥലം പുതുച്ചേരി ബീച്ചിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ.
എന്നാൽ ഇരുവരും തമ്മിലുള്ള തർക്കത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസമായി പുതുച്ചേരിയിൽ ഭരണപരമായ കാര്യങ്ങളെല്ലാം സ്തംഭിച്ച അവസ്ഥയിലാണ്. പുതുച്ചേരിയില്‍ ലഫ്റ്റനന്‍റ് ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രി നടത്തുന്ന സമരം അഞ്ചാം ദിവസവും തുടരുകയാണ്. മന്ത്രിസഭാ തീരുമാനങ്ങളിൽ അനാവശ്യമായി ഇടപെടുന്നുവെന്നും, സർക്കാർ പദ്ധതികൾക്ക് അംഗീകാരം നൽകുന്നില്ലെന്നും ആരോപിച്ചാണ് മുഖ്യമന്ത്രി സമരം ആരംഭിച്ചത്. മുഖ്യമന്ത്രിക്ക് ഒപ്പം മന്ത്രിമാരും എംഎല്‍എമാരും ഗവര്‍ണറുടെ ഔദ്യോഗിക വസതിക്ക് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു. ഡല്‍ഹിയിലുള്ള ലഫ്റ്റനന്‍റ് ഗവര്‍ണര്‍ മടങ്ങിയെത്തി ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി.
ഇതേത്തുടർന്ന് ഉച്ചയോടെ ലഫ്. ഗവർണർ കിരൺ ബേദി പുതുച്ചേരിയിൽ മടങ്ങിയെത്തി. തുടർന്നാണ് മുഖ്യമന്ത്രിയെ ചർച്ചയ്ക്ക് ക്ഷണിച്ചത്. രാവിലെ സമരത്തിനിറങ്ങും മുമ്പ് മുഖ്യമന്ത്രി വീടിന് മുന്നിൽ കറുത്ത പതാക ഉയർത്തി പ്രതിഷേധിച്ചു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ, പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എന്നിവർ വി. നാരായണസ്വാമിക്ക് പിന്തുണ അറിയിച്ച് രംഗത്ത് വന്നിരുന്നു.


ABOUT THE AUTHOR

...view details