ന്യൂഡൽഹി:കർഷകരുടെ പ്രക്ഷോഭത്തിൽ പങ്കുചേരാനും പാർലമെന്‍റ് പാസാക്കിയ ഫാം ബില്ലുകളെ എതിർക്കാനും ജനങ്ങളോട് അഭ്യർത്ഥിച്ച് കോൺഗ്രസ്. ക്രൂരമായ നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന 62 കോടി കർഷകർക്കൊപ്പം രാജ്യം നിൽക്കണമെന്ന് കോൺഗ്രസ് നേതാവ് രൺദീപ് സിംഗ് സുർജേവാല പറഞ്ഞു. മുതലാളി വർഗത്തെ സഹായിക്കാനാണ് പ്രധാനമന്ത്രി ഇത് ചെയ്തതെന്നും "ദരിദ്രരെ അദ്ദേഹം പരിഗണിക്കുന്നില്ല" എന്നും അദ്ദേഹം ആരോപിച്ചു.
കർഷകരെ അടിമകളാക്കാനുള്ള നടപടികളാണ് നടക്കുന്നതെന്നും കർഷകർ അവരുടെ വയലുകളിൽ തൊഴിലാളികളാകുമെന്നും കർഷകർക്ക് എംഎസ്‌പിയോ ബഹുമാനമോ ലഭിക്കില്ലെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ട്വിറ്റിൽ കുറിച്ചു.
അതേസമയം, ബില്ലിനെതിരെ പഞ്ചാബിലെയും ഹരിയാനയിലെയും കർഷകരുടെ പ്രതിഷേധം വെള്ളിയാഴ്ച രാവിലെ ആരംഭിച്ചു. ഏത് സാഹചര്യത്തെയും നേരിടാൻ ഇരു സംസ്ഥാനങ്ങളിലും കനത്ത പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.