രാഹുല്‍ ഗാന്ധിയെയും മൻമോഹൻ സിംഗിനെയും സന്ദർശിച്ച് മഹീന്ദ രാജപക്സെ
അഞ്ച് ദിവസത്തെ ഇന്ത്യ സന്ദർശനത്തിെനെത്തിയതാണ് ശ്രീലങ്കൻ പ്രധാനമന്ത്രി മഹീന്ദ രാജപക്സെ.
ന്യൂഡല്‍ഹി: മുൻ പ്രധാനമന്ത്രി മൻ മോഹൻ സിംഗും കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി ശ്രീലങ്കൻ പ്രധാനമന്ത്രി മഹീന്ദ രാജപക്സെ കൂടിക്കാഴ്ച നടത്തി. വിവിധ വിഷയങ്ങൾ കൂടിക്കാഴ്ചയില്‍ ചർച്ചയായി. അഞ്ച് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയതാണ് മഹീന്ദ രാജപക്സെ. രാഹുല്‍ ഗാന്ധിക്കും മൻമോഹൻ സിംഗിനുമൊപ്പം ആനന്ദ് ശർമയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
രാജ്ഘട്ട് സന്ദർശിച്ച രാജപക്സെ മഹാത്മഗാന്ധിയുടെ സ്മാരകത്തില്‍ പുഷ്‌പാർച്ചന നടത്തി. ഞായറാഴ്ച വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായും കൂടിക്കാഴ്ച നടത്തും. ഇതിന് ശേഷം ഉത്തർപ്രദേശിലെ വാരണാസിയിലേക്ക് പുറപ്പെടുന്ന രാജപക്സെ വിശ്വനാഥ ക്ഷേത്രവും സാരനാഥ് ബുദ്ധ ക്ഷേത്രവും സന്ദർശിക്കും. രാജപക്സെ സന്ദർശനത്തിന് മുന്നോടിയായി വാരണാസിയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ഫെബ്രുവരി 10ന് രാവിലെ ബീഹാറിലെ ബോധ ഗയയിലേക്ക് പോകുന്ന രാജപക്സെ മഹാബോധി ക്ഷേത്രവും ബോധ ഗയ കേന്ദ്രവും സന്ദർശിക്കും. പിന്നീട് തിരുപ്പതിയിലേക്കും പോകുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.