റഷ്യൻ വാക്‌സിൻ ഇന്ത്യയിൽ പരീക്ഷിക്കാൻ അനുമതി - സ്‌പുട്‌നിക്ക് 5 വാക്‌സിൻ
റഷ്യ നിർമ്മിത വാക്‌സിനായ സ്‌പുട്‌നിക്ക് അഞ്ചിന്‍റെ രണ്ടും മൂന്നും ഘട്ടത്തിലെ മനുഷ്യരിലെ പരീക്ഷണങ്ങൾക്കാണ് അനുമതി
ഡൽഹി:ഡോ.റെഡ്ഡീസ് ഫാർമസ്യൂട്ടിക്കൽ കമ്പനിക്ക് റഷ്യൻ വാക്‌സിൻ ഇന്ത്യയിൽ പരീക്ഷിക്കാൻ ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകി. റഷ്യ നിർമ്മിത വാക്‌സിനായ സ്‌പുട്‌നിക്ക് അഞ്ചിന്‍റെ രണ്ടും മൂന്നും ഘട്ടത്തിലെ മനുഷ്യരിലെ പരീക്ഷണങ്ങൾക്കാണ് അനുമതി. സെപ്റ്റംബർ 16 ന് ആണ് റഷ്യൻ ഡയറക്‌ട് ഇൻവെസ്റ്റ്മെന്‍റ് ഫണ്ടും ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ലിമിറ്റഡും വാക്‌സിൻ പരീക്ഷണം സംബന്ധിച്ച ധാരണയിലെത്തിയത്. ഗഡാലിയ സയന്‍റിഫിക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജി വികസിപ്പിച്ചെടുത്ത അഡെനോ വൈറസ് വെക്റ്റർ അധിഷ്ഠിത വാക്സിൻ ഓഗസ്റ്റ് 11ന് ആണ് രജിസ്റ്റർ ചെയ്‌തത്. ക്ലിനിക്കൽ പരീക്ഷണങ്ങൾ ആരംഭിക്കാൻ അനുമതി ലഭിച്ചത് സുപ്രധാനമാണെന്നും പകർച്ചവ്യാധിയെ പ്രതിരോധിക്കാൻ സുരക്ഷിതവും ഫലപ്രദവുമായ വാക്സിൻ കൊണ്ടുവരാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും ഡോ. റെഡ്ഡീസ് ലബോറട്ടറീസ് കോ-ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ ജി.വി. പ്രസാദ് പറഞ്ഞു. സ്‌പുട്‌നിക്ക് അഞ്ചിന്‍റെ പത്ത് കോടി സാമ്പിളുകളാണ് റഷ്യ റെഡ്ഡീസ് ഫാർമസ്യൂട്ടിക്കലിന് നൽകുക.