ന്യൂഡൽഹി: പ്രിയങ്ക ഗാന്ധി വാർദ്രയുടെ വീട്ടിലുണ്ടായ സുരക്ഷാ ലംഘനം യാദൃശ്ചികമല്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടതായും മൂന്ന് പേരെ സസ്പെൻഡ് ചെയ്തതായും സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് നിയമ ഭേദഗതിയെ കുറിച്ച് നടന്ന ചർച്ചക്കിടെ അമിത് ഷാ അറിയിച്ചു. രാഹുൽ ഗാന്ധിയെ പ്രതീക്ഷിച്ചിരുന്ന സമയത്ത് കോൺഗ്രസ് പ്രവർത്തകർ അതെ കാറിൽ എത്തിയത് സംശയകരമാണെന്നും അദ്ദേഹം പറഞ്ഞു.
നവംബർ 25 ന് രാഹുൽ ഗാന്ധി പ്രിയങ്ക ഗാന്ധിയുടെ വീട് സന്ദർശിക്കേണ്ടതായിരുന്നു. എന്നാൽ രാഹുൽ ഗാന്ധി എത്തേണ്ട സമയത്ത് വീടിനുള്ളിലേക്ക് കയറിയ ഒരു കറുത്ത ടാറ്റാ സഫാരി വാഹനത്തിൽ രാഹുൽ ഗാന്ധിക്ക് പകരം കോൺഗ്രസ് പ്രവർത്തകയായ ശാരദ ത്യാഗിയും മറ്റ് മൂന്ന് പേരുമാണ് ഉണ്ടായിരുന്നത്.