ന്യൂഡല്‍ഹി: വിവാദങ്ങള്‍ക്കിടെ എസ്പിജി സുരക്ഷാ നിയമ ഭേദഗതി രാജ്യസഭ പാസാക്കി. ഭേദഗതി അനുസരിച്ച് ഇനിമുതല്‍ രാജ്യത്തെ പ്രധാനമന്ത്രിക്ക് മാത്രമായിരിക്കും എസ്പിജി സുരക്ഷ നല്‍കുക. 1988 ലെ സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് നിയമത്തിലെ അഞ്ചാമത്തെ ഭേദഗതിയാണ് കേന്ദ്രം പാസാക്കിയിരിക്കുന്നത്. നേരത്തെ ബില്‍ ലോക്‌സഭയും പാസാക്കിയിരുന്നു.
എസ്.പി.ജി സുരക്ഷ ഇനി പ്രധാനമന്ത്രിക്ക് മാത്രം
എസ്.പി.ജി സുരക്ഷ നിയമ ഭേദഗതി രാജ്യസഭ പാസാക്കി. പ്രതിഷേധിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ സഭ ബഹിഷ്കരിച്ചു.
നിയമം പാസാക്കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് സഭയില്‍ നിന്നും ഇറങ്ങിപ്പോയി. ബില്ലില്‍ വിശദീകരണം ആവശ്യപ്പെട്ട കോണ്‍ഗ്രസിനോട് ആഭ്യന്തര മന്ത്രി അമിത് ഷാ നല്‍കിയ മറുപടിയില്‍ അതൃപ്തി പ്രകടിപ്പിച്ചാണ് കോണ്‍ഗ്രസിന്‍റെ പ്രതിഷേധം. ഗാന്ധി കുടുംബത്തിന് എസ്പിജി സുരക്ഷയുള്ളതുകൊണ്ടാണ് ബില്‍ കൊണ്ടുവരുന്നത് എന്ന വിവാദങ്ങള്‍ക്ക് യാതൊരു പ്രസക്തിയുമില്ലെന്ന് അമിത് ഷാ മറുപടി നല്‍കിയതാണ് കോണ്‍ഗ്രസിനെ ചൊടിപ്പിച്ചത്. നിയമ ഭേഗതി കൊണ്ടു വരുന്നതിന് മുമ്പ് തന്നെ ഗാന്ധി കുടുംബത്തിന് നല്‍കിയ എസ്പിജി സുരക്ഷ പിന്‍വലിച്ചതാണെന്ന് അമിത് ഷാ പറഞ്ഞു. നിയമ ഭേഗതിയിലും എസ്പിജി സുരക്ഷ പിന്‍വലിച്ചതും തമ്മില്‍ യാതൊരു ബന്ധവുമില്ല. തങ്ങള്‍ കുടുംബങ്ങള്‍ക്കെതിരല്ല. എന്നാല്‍ കുടുംബാധിപത്യത്തിന് എതിരാണ്. എല്ലാവര്‍ക്കും ഒരേ നിയമമാണെന്നും അമിത് ഷാ സഭയില്‍ പറഞ്ഞു. ഇത് അഞ്ചാമത്തെ ഭേദഗതിയാണ് ഇതിന് മുമ്പ് നടത്തിയ നാല് ഭേദഗതികളും ഗാന്ധി കുടുംബത്തിന് വേണ്ടിയായിരുന്നുവെന്നും അമിത് ഷാ പറഞ്ഞു. കോണ്‍ഗ്രസിനെതിരെ രൂക്ഷമായ വിമര്‍ശം ഉന്നയിച്ചതിന് ശേഷമായിരുന്നു ബില്‍ അവതരണം.