സ്പെയിനിന്‍റെ ചരിത്രത്തിൽ ഇതുവരെ കാണാത്ത പ്രതിസന്ധിയാണ് കൊവിഡ് സൃഷ്‌ടിച്ചിരിക്കുന്നത്. പ്രായഭേദമന്യേ യുവാക്കൾക്കും, മധ്യവയസ്‌കർക്കും, വൃദ്ധർക്കും കൊവിഡ് ബാധിക്കുന്നു. 10 മുതൽ 14 ദിവസം വരെ നീണ്ടു നിൽക്കുന്ന ചികിത്സക്ക് ശേഷം യുവാക്കൾ സുഖം പ്രാപിക്കുന്നു. കൊവിഡ് രോഗികളെ ശുശ്രൂഷിക്കുന്ന സ്‌പാനിഷ് ഡോക്‌ടർ എഥേൽ സെക്യൂറയുടെ വാക്കുകളാണിത്. സ്പെയിനിലെ കാസനോവയിലെ പ്രൈമറി ഹെൽത്ത് കെയർ സെന്‍ററിൽ ഫിസിഷ്യനായി ജോലി ചെയ്യുകയാണ് എഥേൽ. അന്താരാഷ്ട്ര ആരോഗ്യ സഹകരണ സംഘടനയുടെ കോർഡിനേറ്റർ കൂടിയാണ് എഥേൽ. 2000 മുതൽ 2008 വരെ ആന്ധ്രാപ്രദേശിലെ അനന്തപുരിലെ ഗ്രാമവികസന ട്രസ്റ്റിൽ ഫിസിഷ്യനായി ജോലി അനുഷ്‌ഠിച്ചിരുന്നു. സ്പെയിനിലെ നിലവിലെ ആരോഗ്യ പ്രതിസന്ധിയെക്കുറിച്ച് എഥേൽ ഇടിവി ഭാരതുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന്‍റെ വിശദാംശങ്ങൾ.
സ്പെയിൻ ഇപ്പോഴും ലോക്‌ഡൗൺ തുടരുകയാണ്. 150000ത്തോളം പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 15,000 കടന്നു. അടിയന്തര ആവശ്യങ്ങൾക്ക് മാത്രമാണ് ജനങ്ങൾ പുറത്തേക്ക് പോകുന്നത്. ലോക്‌ഡൗണിനെ തുടർന്ന് മരണസംഖ്യ കുറയുന്നതും സ്‌പെയിനിൽ നമുക്ക് കാണാനാകും. ചൈനയിൽ പ്രായമായവർക്കാണ് കൊവിഡ് പെട്ടെന്ന് പിടിപെട്ടതെങ്കിൽ സ്പെയിനില്‍ ചെറുപ്പക്കാർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. കൊവിഡ് പരിശോധനയിലൂടെ രോഗം കണ്ടെത്തി ചികിത്സ നൽകുകയാണ് സ്‌പെയിനിലെ സർക്കാർ ചെയ്യുന്നത്. രോഗ ലക്ഷണം കാണിക്കുന്നവരെ കണ്ടെത്തി അവർക്ക് വീടുകളിലേക്ക് മെഡിക്കൽ സംവിധാനം എത്തിക്കുന്നു. പ്രാഥമിക ആരോഗ്യ പരിപാലന കേന്ദ്രങ്ങളിലെ ഡോക്‌ടർമാർ ഫോണിലൂടെയും മറ്റ് ഓൺലൈൻ മാര്‍ഗങ്ങളിലൂടെയുമാണ് 70 ശതമാനം കേസുകളിലും രോഗികളുടെ അവസ്ഥ മനസിലാക്കുന്നത്. ആരോഗ്യ പ്രവർത്തകരുടെയും മെഡിക്കൽ ഉദ്യോഗസ്ഥരുടെയും സഞ്ചാരം പോലും സർക്കാർ ശക്‌തമായി നിരോധിച്ചുട്ടുണ്ട്. രോഗികളുമായി സമ്പർക്കത്തിൽ വരാതെ വളരെ മികച്ച രീതിയിലാണ് ഡോക്‌ടർമാർ സാഹചര്യം കൈകാര്യം ചെയ്യുന്നത്. രോഗം മൂർച്ഛിച്ച കേസുകൾ മാത്രമാണ് ആശുപത്രികളിലെ ഐസിയു സംവിധാനത്തിലേക്ക് എത്തിക്കുന്നത്. ശ്വാസതടസം അനുഭവപ്പെടുന്നവർക്ക് വെന്‍റിലേറ്റർ സംവിധാനവും ഒരുക്കിയിട്ടുണ്ട്. എന്നാൽ ഇത്തരത്തിൽ ഐസിയുവിലേക്ക് വരുന്ന രോഗികളുടെ എണ്ണം ആനുപാതികമായി കുറഞ്ഞു വരുന്നുണ്ട്.