ന്യൂഡല്‍ഹി:പ്രാദേശിക സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ (ആർസിഇപി) ഒപ്പിടാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥക്ക് കനത്ത തിരിച്ചടിയാകുമെന്ന് കോണ്‍ഗ്രസ് പ്രസിഡന്‍റ് സോണിയാഗാന്ധി. ഈ കരാര്‍ പ്രാബല്യത്തില്‍ വന്നാല്‍ കര്‍ഷകര്‍, ചെറുകിട-ഇടത്തരം സംരഭകര്‍, വ്യാപാരികള്‍ എന്നിവരെ സാരമായി തന്നെ ബാധിക്കും. രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥ താളം തെറ്റിയ നിലയിലാണ്. സാമ്പത്തിക മാന്ദ്യം, കാര്‍ഷിക ദുരിതം, തൊഴിലില്ലായ്മ , ആർസിഇപി കരാര്‍ എന്നീ വിഷയങ്ങളില്‍ ബിജെപി സര്‍ക്കാരിന്‍റെ സമീപനങ്ങളില്‍ കോണ്‍ഗ്രസ് സ്വീകരിക്കേണ്ട പ്രക്ഷോഭ പരിപാടികള്‍ ഏകോപിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടത്തിയതിന് ശേഷമാണ് സോണിയാ ഗാന്ധിയുടെ പ്രതികരണം. നവംബര്‍ 5 മുതല്‍ 15 വരെ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ വിവിധ പ്രക്ഷോഭ പരിപാടികള്‍ക്കാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്.
ആര്‍സിഇപി കരാര്‍; കേന്ദ്ര തീരുമാനത്തിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി കോണ്‍ഗ്രസ് - bring untold hardships to farmers
ആര്‍സിഇപി കരാര്‍ ഒപ്പിടുന്നത് സമ്പദ് വ്യവസ്ഥക്ക് കനത്ത പ്രഹരമെന്ന് സോണിയാ ഗാന്ധി. കരാര്‍ കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും തിരിച്ചടിയാകും. നവംബര്‍ 5 മുതല്‍ 15 വരെ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ വിവിധ പ്രക്ഷോഭ പരിപാടികള്‍ക്കാണ് കോണ്‍ഗ്രസ് ആലോചന
യോഗത്തില്‍ മോദി സര്‍ക്കാരിനെതിരെ ശക്തമായ ഭാഷയിലാണ് സോണിയാ ഗാന്ധി ആഞ്ഞടിച്ചത്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ ഒമ്പത് ദശലക്ഷം തൊഴിലവസരങ്ങള്‍ നഷ്ടപ്പെട്ടുവെന്നും ഗ്രാമീണ സമ്പദ് വ്യവസ്ഥ തകര്‍ന്നുവെന്നും വളര്‍ച്ചാ നിരക്ക് രണ്ട് ശതമാനത്തില്‍ കുറവാണെന്നും അവര്‍ പറഞ്ഞു. വാണിജ്യ രംഗത്ത് വലിയ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുന്ന സമയത്ത് കയറ്റുമതി കുറയുകയാണ്. വികലമായ സാമ്പത്തിക നയമാണ് മോദി സര്‍ക്കാരിന്‍റേത്. ആര്‍സിഇപി വന്നാല്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി ഉല്‍പ്പന്നങ്ങള്‍ കൊണ്ട് രാജ്യം ഒരു മാലിന്യകൂമ്പാരമായി മാറും.
ആസിയാന്‍ രാജ്യങ്ങളിലെ പത്ത് അംഗരാജ്യങ്ങളും മറ്റ് ആറ് പങ്കാളിത്ത രാജ്യങ്ങളും തമ്മിലുള്ള നിർദ്ദിഷ്ട സ്വതന്ത്ര വ്യാപാര കരാറാണ് ആർസിഇപി. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ തകര്‍ച്ച തന്നെ വേദനിപ്പിക്കുകയാണ്.