സംശുദ്ധമായ ഊർജ ഉൽപാദത്തിന് ഊന്നൽ നൽകിയും 2030 ഓടുകൂടി എണ്ണ ഇറക്കുമതി 10 ശതമാനം കുറച്ചും പരിസ്ഥിതിയെ മെച്ചപ്പെടുത്താൻ തീരുമാനിച്ച കേന്ദ്രസർക്കാരിന് ഇതാ ഒരു സന്തോഷ വാർത്ത. രാജ്യത്തെ പ്രധാനപ്പെട്ട ജലസ്രോതസുകളുടെ ഉപരിതലങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് നമുക്ക് 280 ഗിഗാവാട്‌സ് (1000 മെഗാവാട്ട് ഒരു ഗിഗാവാട്ടിന് തുല്യം) സൗരോർജം ഉൽപാദിപ്പിക്കുവാൻ കഴിയുമെന്ന് പുതിയ ഗവേഷണ പഠനം വെളിപ്പെടുത്തുന്നു.
എനർജി ട്രാൻസ്‌മിഷൻ കമ്മിഷന്‍റെ (ഇടിസി) സുസ്ഥിര ഭാഗമായ എനർജി റിസോഴ്‌സ് കമ്മിഷൻ കണക്കാക്കുന്നത് ഇന്ത്യയിൽ 18,000 ചതുരശ്ര കിലോമീറ്റർ വലിപ്പത്തിലുള്ള ജലസ്രോതസുകളുടെ ഉപരിതലങ്ങൾ അക്ഷരാർഥത്തിൽ സൗരോർജ ഖനികളാണെന്നാണ്. ഒമ്പത് മാസം മുമ്പ് അന്താരാഷ്ട്ര തൊഴിൽ സംഘടന ഇന്ത്യയെ പ്രകീർത്തിക്കുകയുണ്ടായി. 2022 ഓടുകൂടി 100 ഗിഗാവാട്ട് സൗരോർജം ഉൽപാദിപ്പിക്കുക എന്ന ലക്ഷ്യമിടുന്ന ഇന്ത്യ അക്കാലയളവിനുള്ളിൽ 175 ഗിഗാവാട്ട് ഉൽപാദിപ്പിക്കുന്ന നിലയിലേക്ക് ഇപ്പോൾ തന്നെ കുതിക്കുകയാണെന്നാണ് ഇതിനുകാരണം. ജലോപരിതലത്തിന് മുകളിലുള്ള സൗരോർജ ഉൽപാദനം യാഥാർഥ്യമാവുകയാണെങ്കിൽ ഭാവിയിൽ കൂടുതൽ അത്ഭുതങ്ങൾ സംഭവിക്കാനുള്ള പ്രതീക്ഷകൾക്ക് തിളക്കം വർധിക്കും. ജൈവ ഇന്ധന ഉപഭോഗം വഴി പരിസ്ഥിതി നാശം വരുത്തികൊണ്ടിരിക്കുന്ന നിരവധി രാജ്യങ്ങൾ വർഷങ്ങളായി ബദൽ ഊർജസ്രോതസുകൾ തേടികൊണ്ടിരിക്കുകയാണ്. പുനരുൽപാദന ഊർജത്തിന്‍റെ കാര്യക്ഷമത വർധിപ്പിക്കുകയെന്ന പ്രക്രിയയുടെ ഭാഗമായി ഒരു ദശാംബ്ദം മുമ്പ് കാലിഫോർണിയയിൽ വെള്ളത്തിൽ (ഫ്ളോട്ടോഒൽടെയ്ക്) സൗരോർജ പദ്ധതി നിർമിക്കുകയുണ്ടായി. കാലക്രമേണ അത് മറ്റ് രാജ്യങ്ങളിലേക്കും വ്യാപിച്ചു. അമേരിക്കയിലെ മൊത്ത ഊർജ വിതരണത്തിന്‍റെ 10 ശതമാനവും ജലാശയങ്ങൾക്ക് മുകളിലാണ് ഉൽപാദിപ്പിക്കപ്പെടുന്നത് എന്ന് ലോക ബാങ്ക് കണക്കാക്കുന്നു. ലോകത്താകമാനം ഇത്തരത്തിലുള്ള സൗരോർജ ഉൽപാദനം 400 ഗിഗാവാട്ടായി ഉയരുമെന്നാണ് കണക്കാക്കുന്നത്. ഇതിൽ പകുതിക്ക് മുകളിൽ സൗരോർജവും ഇന്ത്യയിലെ ജലാശയ ഉപരിതലങ്ങളിൽ ഉൽപാദിപ്പിക്കപ്പെടും എന്ന് കണക്കാക്കുന്ന വിവിധ പഠനങ്ങൾ നമുക്ക് നൽകുന്നത് ഒട്ടനവധി അവസരങ്ങളും സാധ്യതകളുമാണ്!
മേൽക്കൂരകൾക്ക് മുകളിൽ സൗരോർജ ഉൽപാദനം ബദൽ ഊർജ സ്രോതസുകളെ കുറിച്ചുള്ള ജനങ്ങളുടെ പുത്തൻ അവബോധത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. വീടുകൾ, അപ്പാർട്ട്‌മെന്‍റുകൾ, ഗെയിറ്റഡ് കമ്മ്യൂണിറ്റി കോളനികൾ എന്നിവിടങ്ങളിൽ സൗരോർജ പാനലുകൾ സ്ഥാപിക്കുന്നതിനുള്ള നിരക്കുകളും ഇളവുകളും കേന്ദ്രസർക്കാർ നൽകുകയുണ്ടായി. യൂണിവേഴ്സിറ്റികളിലും സർക്കാർ ആശുപത്രികളിലും റെയിൽവേയിലും സൗരോർജം ഉൽപാദനത്തിലെ വിജയകഥകളെകുറിച്ച് നമ്മൾ ഇടക്കിടെ കേൾക്കാറുണ്ട്. ഏതാണ്ട് അഞ്ച് വർഷം മുമ്പ് ഗുജറാത്തിലെ വഡോദരയിൽ ഒരു കനാലിന് മുകളിൽ 10 മെഗാവാട്ട് സൗരോർജ പ്ലാന്‍റ് നിർമിച്ചത് വലിയ വാർത്തയായിരുന്നു. സാധാരണയായി ഭൂമിയിൽ അത്തരം ഒരു പ്ലാന്‍റ് നിർമിക്കാൻ 50,000 ഏക്കർ സ്ഥലമെങ്കിലും ഏറ്റെടുക്കേണ്ടതായിവരും. കനാലിനുമുകളിലുള്ള നിർമാണത്തിന് രണ്ട് ഗുണഫലങ്ങളുണ്ടായിരുന്നു. ഭൂമി ഏറ്റെടുക്കുക എന്ന പ്രശ്നം ഒഴിവാക്കിക്കുക, വെള്ളം നീരാവിയായി പോകുന്നത് നിയന്ത്രിക്കുക. ജർമനി പോലുള്ള രാജ്യങ്ങളിൽ അത്തരം പദ്ധതികൾക്ക് 10-15% കൂടുതല് ചെലവ് വരുന്നുണ്ട്. പക്ഷെ ദീർഘകാലാടിസ്ഥാനത്തിലുള്ള ഗുണഫലങ്ങൾ കണക്കിലെടുക്കുമ്പോൾ നാമമാത്രമായ ഈ വർധന അവഗണിക്കാവുന്നതേ ഉള്ളൂ എന്ന് വിദഗ്‌ദർ കരുതുന്നു.