പ്രണയദിനത്തിൽ പെൺകുട്ടിയെ ചൊല്ലി തർക്കം, മദ്രാസ് ഐഐടിയിയിൽ ഒരേ പെൺകുട്ടിയെ തന്നെ പ്രണയിച്ച സഹപാഠികൾ തമ്മിലുണ്ടായ തർക്കത്തിൽ ഒരാൾക്ക് കുത്തേറ്റു. കുത്തേറ്റ ഹരിയാണ സ്വദേശി പ്രമോദ് കൗശികിനെ അഡയാറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ സഹപാഠിയായ മനോജിനെ പൊലീസ് അറസ്റ്റുചെയ്തു.
രണ്ടാം വർഷ ബിരുദാനന്തരബിരുദ വിദ്യാർഥികളായ ഇരുവരും ഒരേ പെൺകുട്ടിയെ ഇഷ്ടപ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു. പ്രണയദിനത്തിൽ ആദ്യം ആര് പെൺകുട്ടിയോട് പ്രണയാഭ്യർഥന നടത്തുമെന്ന് പറഞ്ഞാരംഭിച്ച വാക്കേറ്റം അക്രമത്തിലേക്ക് കടക്കുകയായിരുന്നു. ഇതോടെ മനോജ് മൂർച്ചയേറിയ വസ്തു ഉപയോഗിച്ച് പ്രമോദിനെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.