കനത്ത മഞ്ഞുവീഴ്ച്ച ജമ്മു-ശ്രീനഗർ ദേശീയപാത രണ്ടാം ദിവസവും അടച്ചു
ഇതോടെ ദേശീയപാതയിലെ ഗതാഗതം സ്ഥാപിക്കാനുള്ള ശ്രമങ്ങളെ തടസ്സപ്പെട്ടു. മഞ്ഞുവീഴ്ചയും മണ്ണിടിച്ചിലും തിങ്കളാഴ്ച വൈകുന്നേരം ദേശീയപാതയിലെ വാഹന ഗതാഗതം നിർത്തിവച്ചിരുന്നു.
ന്യൂഡല്‍ഹി:കനത്ത മഞ്ഞുവീഴ്ച്ച കാരണം ജമ്മു-ശ്രീനഗർ ദേശീയപാത രണ്ടാം ദിവസവും അടച്ചു. കശ്മീരിനെ രാജ്യത്തെ മറ്റ് ഭാഗങ്ങളുമായി ബന്ധപ്പെടുത്തുന്ന ഏക പാതയാണ് രണ്ടാം ദിനവും അടഞ്ഞ് കിടക്കുന്നത്. കശ്മീർ താഴ്‌വരയിലേക്കുള്ള കവാടമായ ജവഹർ ടണൽ ഉൾപ്പെടെ പലയിടത്തും മഞ്ഞുവീഴ്ച തുടരുകയാണ്. പന്തിയാൽ റാസു ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ മഞ്ഞുവീഴ്ചയുണ്ടായി. ഇതോടെ ദേശീയപാതയിലെ ഗതാഗതം സ്ഥാപിക്കാനുള്ള ശ്രമങ്ങളെ തടസ്സപ്പെട്ടു. മഞ്ഞുവീഴ്ചയും മണ്ണിടിച്ചിലും തിങ്കളാഴ്ച വൈകുന്നേരം ദേശീയപാതയിലെ വാഹന ഗതാഗതം നിർത്തിവച്ചിരുന്നു.
രാംബാനും ബാനിഹാളിനും ഇടയിൽ 600ഓളം വാഹനങ്ങൾ കുടുങ്ങി. ജവഹർ ടണൽ പ്രദേശത്ത് തിങ്കളാഴ്ച മുതൽ എട്ട് ഇഞ്ച് മഞ്ഞ് അടിഞ്ഞുകൂടിയിരുന്നു. പന്തിയാൽ, ഡിഗ്‌ഡോൾ, മറൂഗ്, മൗംപാസ്സി എന്നിവിടങ്ങളിൽ ദേശീയപാതയ്ക്ക് മുകളിലുള്ള കുന്നുകളിൽ നിന്ന് കല്ലുകള്‍ പതിക്കുന്നുണ്ട്. കാലാവസ്ഥ അനിയോജ്യമായതിന് ശേഷമാകും പാതകള്‍ തുറക്കുകയുള്ളു എന്ന് അധികൃതര്‍ അറിയിച്ചു. റോഡ് വൃത്തിയാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ചൊവ്വാഴ്ച വൈകുന്നേരത്തോടെ കാലാവസ്ഥയിൽ ഗണ്യമായ പുരോഗതിയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എന്നാല്‍ ജനുവരി 12-13 തിയതികളില്‍ ജമ്മു കശ്മീർ, ലഡാക്ക് എന്നിവിടങ്ങളിൽ മഞ്ഞുവീഴ്ചയും മഴയും ഉണ്ടാകാൻ സാധ്യതയുണ്ട്.