കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനി ഉത്തര്‍പ്രദേശിലെ അമേഠിയില്‍ നാമനിര്‍ദ്ദേശ പത്രിക സമർപ്പിച്ചു. ജില്ലാ മജിസ്ട്രേറ്റ് ഓഫീസില്‍ പത്രിക സമര്‍പ്പിക്കുന്നതിന് മുമ്പ് സ്മൃതി ഇറാനി ഭര്‍ത്താവ് സുബിന്‍ ഇറാനിക്കൊപ്പം പൂജയില്‍ പങ്കെടുത്തിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേഠിയില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതിന് പിറ്റേന്നാണ് ഇരുവരും പൂജാ ചടങ്ങുകള്‍ സംഘടിപ്പിച്ചത്.
ഭർത്താവിനൊപ്പം പൂജ: സ്മൃതി ഇറാനി അമേഠിയില്‍ പത്രിക സമർപ്പിച്ചു - nomination
2014 ല്‍ ഗാന്ധി കുടുംബത്തിന്‍റെ ശക്തികേന്ദ്രമായ അമേഠിയില്‍ രാഹുല്‍ ഗാന്ധിയോട് പരാജയപ്പെട്ടെങ്കിലും രാഹുലിന്‍റെ ഭൂരിപക്ഷം കുറയ്ക്കാന്‍ സ്മൃതി ഇറാനിക്ക് കഴിഞ്ഞിരുന്നു
നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുമ്പ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോയിലും തെരഞ്ഞെടുപ്പ് റാലിയിലും സ്മൃതി പങ്കെടുത്തു. 2014 ല്‍ ഗാന്ധി കുടുംബത്തിന്‍റെ ശക്തികേന്ദ്രമായ അമേഠിയില്‍ രാഹുല്‍ ഗാന്ധിയോട് പരാജയപ്പെട്ടെങ്കിലും രാഹുലിന്‍റെ ഭൂരിപക്ഷം കുറയ്ക്കാന്‍ സ്മൃതി ഇറാനിക്ക് കഴിഞ്ഞിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി നിരന്തരം മണ്ഡലത്തില്‍ സന്ദര്‍ശനം നടത്തുന്ന സ്മൃതി ഇറാനി കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ട തോക്ക് നിര്‍മ്മാണ കേന്ദ്രം ഉള്‍പ്പെടെ നിരവധി കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളും നടപ്പിലാക്കിയിരുന്നു. രാഹുല്‍ ഗാന്ധി അമേഠിയോട് അവഗണന കാണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി പ്രധാനമായി പ്രചരണത്തില്‍ സജീവമാകുന്നത്. രാഹുലിന്‍റെ വയനാട് സ്ഥാനാര്‍ഥിത്വം അമേഠിയില്‍ നിന്ന് മത്സരിക്കാനുള്ള ഭയം കാരണമാണെന്ന ആക്ഷേപവും സ്മൃതി ഇറാനി നേരത്തേ ഉയര്‍ത്തിയിരുന്നു. മെയ് അഞ്ചിനാണ് അമേഠിയില്‍ വോട്ടെടുപ്പ് നടക്കുന്നത്.