ഗാന്ധിനഗർ:ഓഗസ്റ്റ് 14ന് രാജസ്ഥാനിൽ നിയമസഭാ സമ്മേളനം നടക്കാനിരിക്കെ ആറ് ബിജെപി എംഎൽഎമാർ ഗുജറാത്തിലെ പോർബന്ദറിൽ എത്തി. രാജസ്ഥാനിൽ നിന്ന് കൂടുതൽ ബിജെപി നിയമസഭാംഗങ്ങൾ ഗുജറാത്തിൽ എത്തുമെന്ന് നിയമസഭാംഗങ്ങളിൽ ഒരാൾ പറഞ്ഞു. രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ പ്രതിപക്ഷ എംഎൽഎമാരെ ഉപദ്രവിക്കുകയാണെന്ന് ആരോപിച്ച ബിജെപി എംഎൽഎ നിർമ്മൽ കുമാവത് സമാധാനം ലഭിക്കാൻ സോംനാഥിലേക്ക് തീർത്ഥാടനത്തിന് എത്തിയതാണ് തങ്ങളെന്ന് പറഞ്ഞു.
രാജസ്ഥാനിലെ ആറ് എംഎല്‍എമാര്‍ ഗുജറാത്തിലെത്തി
രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ പ്രതിപക്ഷ എംഎൽഎമാരെ ഉപദ്രവിക്കുകയാണെന്ന് ആരോപിച്ച ബിജെപി എംഎൽഎ നിർമ്മൽ കുമാവത് സമാധാനം ലഭിക്കാൻ സോംനാഥിലേക്ക് തീർത്ഥാടനത്തിന് എത്തിയതാണ് തങ്ങളെന്ന് പറഞ്ഞു
കോൺഗ്രസിലെ വിഭാഗീയത മൂലം കഴിഞ്ഞ ഒരു മാസമായി രാജസ്ഥാൻ രാഷ്ട്രീയം സമ്മര്‍ദ്ദത്തിലാണ്. മുഖ്യമന്ത്രി അശോക് ഗെലോട്ടിന് ഭൂരിപക്ഷമില്ലെന്നും ബി.ജെ.പി എംഎൽഎമാരെ എസ്.ഒ.ജി (സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ്), ഡിപ്പാർട്ട്‌മെന്‍റൽ റെയ്‌ഡുകള്‍ എന്നിവ ഉപയോഗിച്ച് ഉപദ്രവിക്കുകയും മാനസിക സമ്മർദ്ദത്തിലാക്കുകയും ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു. ഇത് കണക്കിലെടുത്ത് സോമനാഥ് സന്ദർശിച്ച് മാനസിക സമ്മര്‍ദ്ദം കുറയ്ക്കാൻ തീരുമാനിച്ചതായും വോട്ടുചെയ്യാൻ സമ്മർദ്ദം ചെലുത്തുന്ന കോൺഗ്രസ് സർക്കാരിൽ നിന്ന് സ്വയം രക്ഷ നേടാനാണ് ഗുജറാത്തില്‍ എത്തിയതെന്നും ബിജെപി എംഎൽഎ കൂട്ടിച്ചേർത്തു.
ബിജെപിയുടെ ഉന്നത തല തീരുമാനപ്രകാരമാണ് എംഎൽഎമാര്‍ ഗുജറാത്തിലെത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ആറ് എംഎൽഎമാര്‍ അടങ്ങുന്ന സംഘം രണ്ട് ദിവസം ഗുജറാത്തിൽ താമസിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റും അദ്ദേഹത്തിന്‍റെ പക്ഷത്തുള്ള 18 എംഎൽഎമാരും നടത്തിയ കലാപത്തെത്തുടർന്ന് ബിജെപി കുതിരക്കച്ചവടം നടത്തുകയാണെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി കോൺഗ്രസ് എംഎൽഎമാരെ സര്‍ക്കാര്‍ ജയ്‌സാൽമർ ഹോട്ടലിൽ താമസിപ്പിച്ചിരിക്കുകയാണ്. ബിജെപി നിയമസഭാംഗങ്ങളായ നിർമ്മൽ കുമാവത്, ഗോപിചന്ദ് മീന, ജബ്ബാർ സിംഗ് ശൻഖ്ല, ധർമേന്ദ്ര കുമാർ മോച്ചി, ഗോപാൽ ലാൽ ശർമ, ഗുരുദീപ് സിംഗ് ഷാപിനി എന്നിവരാണ് പ്രത്യേകം ഏര്‍പ്പെടുത്തിയ വിമാനത്തില്‍ ഗുജറാത്തില്‍ എത്തിയത്.