ലക്‌നൗ:ഒറ്റത്തവണ പ്ലാസ്റ്റിക് വിമുക്തമാകാനൊരുങ്ങി ഉത്തര്‍പ്രദേശിലെ വാരാണസി റെയില്‍വെ സ്റ്റേഷന്‍. ഇതിനോടനുബന്ധിച്ച് പ്ലാസിറ്റിക്കിന് പകരം ടെറക്കോട്ട നിര്‍മിത ഗ്ലാസുകളും പാത്രങ്ങളും ഉപയോഗിക്കാന്‍ റെയില്‍വെ സ്റ്റേഷനിലെ കച്ചവടക്കാര്‍ക്ക് നിര്‍ദേശം നല്‍കി. പ്ലാസ്റ്റിക്കിന്‍റെ ഉപയോഗം കുറക്കുന്നതിനൊപ്പം തന്നെ മണ്‍പാത്ര നിര്‍മാണതൊഴിലാളികൾക്ക് കൂടുതല്‍ അവസരം നല്‍കാനും ഇതിലൂടെ സാധിക്കുമെന്നാണ് റെയില്‍വെ അധികൃതരുടെ പ്രതീക്ഷ.
പ്ലാസ്റ്റിക്കിനെ വിലക്കി വാരാണസി റെയില്‍വെ സ്റ്റേഷന്‍ - മണ്‍പാത്ര നിര്‍മാണതൊഴിലാളികൾ
വാരാണസി റെയില്‍വെ സ്റ്റേഷനെ പൂർണമായും പ്ലാസ്റ്റിക് വിമുക്ത സ്റ്റേഷനായി മാറ്റാനാണ് ലക്ഷ്യം

ഐആർസിടിസിയുടെ ഭാഗമായി പ്രവർത്തിക്കുന്ന കച്ചവടസ്ഥാപനങ്ങളില്‍ ഇതോടെ ഭക്ഷണവിതരണം പൂര്‍ണമായും പ്ലാസ്റ്റിക് മുക്തമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയില്‍ അദ്ദേഹത്തിന്‍റെ തന്നെ നേതൃത്വത്തിലാണ് ഇതിനായുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നത്. വാരാണസി റെയില്‍വെ സ്റ്റേഷനെ പൂർണമായും പ്ലാസ്റ്റിക് വിമുക്ത സ്റ്റേഷനായി മാറ്റാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. റെയില്‍വെ സ്റ്റേഷനിലെ സ്റ്റാളുകളില്‍ ഭക്ഷണവിതരണത്തിനായി പേപ്പര്‍ ബാഗുകളും മറ്റും സജ്ജീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ഒക്‌ടോബര്‍ രണ്ട് മുതല്‍ 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക്കിന് റെയില്‍വെ മന്ത്രാലയം നിരോധനമേര്‍പ്പെടുത്തിയിരുന്നു.