ശ്രീനഗർ: തിരക്ക് നിറഞ്ഞ ഞായറാഴ്ച ചന്ത, എല്ലാവരും സാധനങ്ങൾ വാങ്ങുന്നതിന്‍റെയും വിൽക്കുന്നതിന്‍റെയും തിരക്കിലാണ്. തിരക്കു നിറഞ്ഞ സമയങ്ങളിൽ മാർക്കറ്റിൽ കൂടി കടന്നു പോകുന്നത് തന്നെ അസാധ്യമായിരുന്നു. മസാല റൊട്ടിക്ക് വേണ്ടി തയ്യാറാക്കുന്ന മസാലയുടെ സുഗന്ധം അവിടെയെങ്ങും തങ്ങിനിന്നിരുന്നു. കശ്‌മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പുണ്ടായിരുന്ന ഒരു തെരുവിനെപ്പറ്റിയാണ് പറഞ്ഞത്.
തിരക്കേറിയ തെരുവുകള്‍ ഇന്ന് നിശബ്ദതയുടെ താഴ്‌വര - ശ്രീനഗർ
കശ്‌മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതോടെയാണ് ഇവിടെ പ്രതിസന്ധി ആരംഭിച്ചത്.
കശ്‌മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയെന്ന് ഓഗസ്റ്റ് അഞ്ചിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ രാജ്യസഭയില്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം ഈ ചിത്രം അപ്രത്യക്ഷമായി. ഇന്ന് ഇത് വിജനമായ ഒരു വഴിമാത്രമാണ്. സാധനങ്ങൾ വിൽക്കാൻ വരുന്നവരോ വാങ്ങാൻ വരുന്നവരോ ഇവിടെ ഇല്ല. മസാല റൊട്ടിയുടെ മണവും കശ്‌മീരിന്‍റെ പലഹാരങ്ങളുടെ മണവും കൈത്തറിയിൽ തുന്നിയെടുത്ത ഷാളുകളും ഇവിടെ നിന്ന് പൂർണമായും അപ്രത്യക്ഷമായി. ഞായറാഴ്ച ചന്ത നിലച്ചതോടെ പലരുടെയും ഉപജീവനമാർഗ്ഗങ്ങൾ തന്നെ ഇല്ലാതായി. ഒരു സമയത്ത് ഉപഭോക്താക്കാളെ ആകർഷിക്കാനായി അലങ്കരിച്ചു വച്ചിരുന്നവയൊക്കെ ഇന്ന് പൊടിപിടിച്ച് കിടക്കുകയാണ്. കശ്‌മീരിന്‍റെ നിശബ്ദതയുടെയും വിജനതയുടെയും ഒരു ചെറിയ ദൃശ്യം മാത്രമാണിത്.