കേരളം

kerala

ETV Bharat / bharat

'മഹാ'നാടകത്തില്‍ ശിവസേന - എന്‍സിപി - കോണ്‍ഗ്രസ് സഖ്യം - മഹാരാഷ്‌ട്ര

സഖ്യത്തിന് തയാറാകണമെങ്കില്‍ ശിവസേന ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് ശരദ് പവാര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ശിവസേന എംപി അരവിന്ദ് സാവന്ത് കേന്ദ്രമന്ത്രി സ്ഥാനം രാജിവയ്‌ക്കുന്നത്

രാജിവയ്‌ക്കുമെന്ന് അരവിന്ദ് സാവന്ത് : മഹാരാഷ്‌ട്രയില്‍ ശിവസേന - എന്‍സിപി - കോണ്‍ഗ്രസ് സഖ്യം

By

Published : Nov 11, 2019, 9:34 AM IST

Updated : Nov 11, 2019, 9:42 AM IST

മുംബൈ: രാഷ്ട്രീയ അനിശ്ചിതത്വത്തിനൊടുവില്‍ മഹാരാഷ്‌ട്രയില്‍ ശിവസേന - എന്‍സിപി - കോണ്‍ഗ്രസ് സഖ്യം അധികാരത്തിലേറാനുള്ള കളമൊരുങ്ങുന്നു. ശിവസേന എം.പി അരവിന്ദ് സാവന്ത് ഇന്ന് കേന്ദ്രമന്ത്രി സ്ഥാനം രാജിവയ്‌ക്കുമെന്ന് പ്രഖ്യാപിച്ചു. "ശിവസേന സത്യത്തിന്‍റെ പക്ഷത്താണ്, ആ സാഹചര്യത്തില്‍ ഞാന്‍ എന്‍ഡിഎ സര്‍ക്കാരില്‍ മന്ത്രിയായി തുടരേണ്ട കാര്യമില്ല. അതിനാല്‍ ഞാന്‍ മന്ത്രിസ്ഥാനം രാജിവയ്‌ക്കുകയാണ്" - കേന്ദ്ര ഖനന വ്യവസായ, പൊതുസംരഭ ഭരണവകുപ്പ് മന്ത്രി അരവിന്ദ് സാവന്ത് പ്രഖ്യാപിച്ചു. ഇന്ന് രാവിലെ 11 മണിക്ക് നടക്കാനിരിക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ പറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശിവസേനയുമായി സഹകരിക്കണമെങ്കില്‍ എന്‍ഡിഎ വിടാന്‍ പാര്‍ട്ടി തയാറാകണമെന്ന ആവശ്യമാണ് എന്‍സിപി നേതാവ് ശരദ് പവാര്‍ മുന്നോട്ട് വച്ചത്. അതിന് പിന്നാലെയാണ് കേന്ദ്രമന്ത്രി സ്ഥാനം ഉപേക്ഷിക്കാന്‍ സേന തയാറായത്. പാര്‍ട്ടി എന്‍ഡിഎ വിടുന്നതിന്‍റെ മുന്നോടിയായാണ് രാജി എന്നാണ് സൂചന.

സര്‍ക്കാര്‍ രൂപീകരിക്കാനില്ലെന്ന് ബിജെപി നേരത്തെ മഹാരാഷ്‌ട്ര ഗവര്‍ണറോട് വ്യകതമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ രണ്ടര വര്‍ഷക്കാലം മുഖ്യമന്ത്രി സ്ഥാനം വേണമെന്ന് ശിവസേന ആവശ്യപ്പെട്ടതോടെയാണ് സേന - ബിജെപി സംഘര്‍ഷം ഉടലെടുത്തത്. മുഖ്യമന്ത്രിസ്ഥാനം നല്‍കാന്‍ കഴിയില്ലെന്ന് ബിജെപി വ്യക്‌തമാക്കിയതോടെ എന്‍സിപിയും, കോണ്‍ഗ്രസുമായി സഹകരിക്കാന്‍ ശിവസേന തയാറാകുകയായിരുന്നു. തെരഞ്ഞെടുപ്പില്‍ ആകെയുള്ള 288 സീറ്റുകളില്‍ ബിജെപി 105 സീറ്റുകള്‍ നേടിയപ്പോള്‍ ശിവസേന 56 എണ്ണം സ്വന്തമാക്കിയിരുന്നു. പിന്നിലുള്ള എന്‍സിപി 54 സീറ്റുകളും, കോണ്‍ഗ്രസ് 44 സീറ്റുകളും നേടി. ശിവസേന - കോണ്‍ഗ്രസ് - എന്‍സിപി സഖ്യം രൂപപ്പെടുകയാണെങ്കില്‍ അവര്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കാനാകും.

കൗതുകകരമായ സംഭവങ്ങളാണ് മഹാരാഷ്‌ട്രയില്‍ സംഭവിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ പ്രതിപക്ഷത്തിരിക്കാനാണ് തങ്ങളോട് ജനങ്ങള്‍ ആവശ്യപ്പെട്ടതെന്ന പ്രസ്‌താവനുമായി രംഗത്തെത്തിയ ആളാണ് ശരദ് പവാര്‍. ഒരു കാരണവശാലും, ശിവസേനയ്‌ക്കൊപ്പം പോകില്ലെന്നും ശരദ് പവാര്‍ പ്രഖ്യാപിച്ചിരുന്നു. പുതിയ നീക്കങ്ങള്‍ സംസ്ഥാനത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നഷ്‌ടപ്പെട്ട അധികാരം ഒരു പരിധി വരെ തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസിനും, എന്‍സിപിക്കും വഴിയൊരുക്കും.

Last Updated : Nov 11, 2019, 9:42 AM IST

ABOUT THE AUTHOR

...view details