ഡൽഹി: ഡൽഹി മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിത്തിന്‍റെ മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ രാജ്യതലസ്ഥാനത്ത് സംസ്കരിച്ചു. ഡൽഹിയുടെ വികസന നായികയ്ക്ക് അന്തിമോപചാരം അർപ്പിക്കാൻ എത്തിയത് ആയിരങ്ങളാണ്. കശ്മീരി ഗേറ്റിന് സമീപം നിഗംബോദ് ഘട്ടിലാണ് സംസ്കാര ചടങ്ങുകൾ നടത്തിയത്. ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ദിവസം 3:55 നായിരുന്നു മരണം.
ഷീല ദീക്ഷിത്തിന് രാജ്യതലസ്ഥാനത്ത് അന്ത്യവിശ്രമം - sheila-dikshit
ഡൽഹി മുൻ മുഖ്യമന്ത്രിയും കേരളാ ഗവർണറുമായിരുന്ന ഷീലാ ദീക്ഷിത്തിന്‍റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ നിഗംബോദ് ഘട്ടിൽ സംസ്കരിച്ചു

തുടർന്ന് മൃതദേഹം വസതിയിലും ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്തും പൊതുദർശനത്തിന് വച്ചിരുന്നു. യു പി എ അധ്യക്ഷ സോണിയ ഗാന്ധി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കോൺഗ്രസ് നേതാവ് പ്രിയങ്കഗാന്ധി, മുഖ്യമന്ത്രിമാരായ ഭൂപേഷ് ബാഗേൽ, കമൽനാഥ്, അരവിന്ദ് കെജ്‌രിവാൾ, ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ തുടങ്ങിയ പ്രമുഖർ ചടങ്ങില്‍ പങ്കെടുത്തു. മരിക്കുമ്പോൾ ഡൽഹി പി സി സി അധ്യക്ഷയായി പ്രവർത്തിക്കുകയായിരുന്നു ഷീല ദീക്ഷിത്.
1998 മുതൽ 2013 വരെ 15 വർഷം തുടർച്ചയായി മുഖ്യമന്ത്രിയായിരുന്ന ഷീല ദീക്ഷിത്ത് ആധുനിക ഡല്‍ഹിയുടെ സൃഷ്ടാവെന്നാണ് അറിയപ്പെട്ടത്. ഡല്‍ഹി മുഖ്യമന്ത്രി പദം ഒഴിഞ്ഞ ശേഷം കേരള ഗവർണറായും സേവനമനുഷ്ഠിച്ചു.