ഷഹീൻ ബാഗ് പ്രതിഷേധത്തിനെതിരെ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് - ഷഹീൻ ബാഗ് പ്രതിഷേധം
നിശബ്ദ ഭൂരിപക്ഷത്തെ അടിച്ചമർത്താൻ ശ്രമിക്കുന്ന നൂറുകണക്കിന് പേരുടെ പ്രതിഷേധമായി ഷഹീൻ ബാഗ് പ്രതിഷേധം ഉയർന്നുവരികയാണെന്നും ഇന്ത്യയെ വിഘടിപ്പിക്കാൻ ശ്രമിക്കുന്ന ഘടകങ്ങൾക്ക് ഇത് ഒരു വേദി ഒരുക്കുകയാണെന്നും കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് ആരോപിച്ചു

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിമയത്തിനെതിരെ ഷഹീൻ ബാഗില്‍ നടക്കുന്ന പ്രതിഷേധങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദ്. ഡല്‍ഹി ഷഹീൻ ബാഗിലെ പ്രതിഷേധം നിശബ്ദ ഭൂരിപക്ഷത്തെ അടിച്ചമർത്താൻ ശ്രമിക്കുന്ന ഏതാനും ചില ആളുകളുടെ പ്രതിഷേധമായി മാറുകയാണ്. ഇന്ത്യയെ വിഘടിപ്പിക്കാൻ ശ്രമിക്കുന്നവർക്ക് മറയാവുകയാണ് ഷഹീൻ ബാഗിലെ സമരം. പൗരത്വ നിയമത്തിനെതിരായ തുക്ഡേ തുക്ഡേ സംഘത്തിനുള്ള വേദിയാണ് ഈ സമരം. ഈ പ്രതിഷേധം സിഎഎയ്‌ക്കെതിരായ പ്രതിഷേധം മാത്രമല്ല, നരേന്ദ്ര മോദിക്കെതിരായ പ്രതിഷേധമാണെന്നും രവിശങ്കര്‍ പ്രസാദ് പത്രസമ്മേളനത്തിൽ പറഞ്ഞു. ഷഹീൻ ബാഗ് പ്രതിഷേധക്കാരുടെ റോഡ് ഉപരോധം മൂലം ലക്ഷക്കണക്കിന് ആളുകൾക്ക് ഓഫീസുകളിൽ പോകാൻ സാധിക്കുന്നില്ല. കടകള്‍ അടച്ചിടുന്നതുമൂലം പലരും ദുരിതത്തിലാണ്. കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ സാധിക്കുന്നില്ലെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.