ന്യൂഡൽഹി: 'ഉംപുൻ' ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഒഡീഷ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മമതാ ബാനർജി, നവീൻ പട്നായിക്ക് എന്നിവരുമായുള്ള ടെലിഫോൺ സംഭാഷണത്തിനിടെ സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് അമിത് ഷാ ഉറപ്പ് നൽകി.
'ഉംപുൻ' ചുഴലിക്കാറ്റ്; സാധ്യമായതെല്ലാം ചെയ്യുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ
സ്ഥിതിഗതികൾ പരിശോധിക്കുന്നതിനായി ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്ക്, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി എന്നിവരുമായി അമിത് ഷാ ടെലിഫോണിലൂടെ സംസാരിച്ചു
'ഉംപുൻ' ബുധനാഴ്ച തീരത്തടുക്കാമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. തീരദേശ ജില്ലകളിൽ വൻ നാശനഷ്ടത്തിന് സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. പശ്ചിമ ബംഗാളിലെ ദിഖക്കും ബംഗ്ലദേശിലെ ഹതിയ ദ്വീപിനും ഇടയിൽ മെയ് 20 ന് ഉച്ചതിരിഞ്ഞ് ചുഴലിക്കാറ്റ് വീശിയടിക്കുമെന്നാണ് മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ തീര പ്രദേശത്തുള്ള എല്ലാ ജനങ്ങളേയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
പട്നായിക്കുമായുള്ള ഫോൺ സംഭാഷത്തിൽ ഒഡീഷയിലെ സ്ഥിതിഗതികൾ അമിത് ഷാ അവലോകനം ചെയ്തു. ചുഴലിക്കാറ്റ് ഒഡീഷയിലെ പാരദ്വീപിന് 600 കിലോമീറ്റർ അടുത്തെത്തിയതായി റിപ്പോർട്ടുകൾ ഉണ്ട്. ഉംപുൻ ചുഴലിക്കാറ്റിന്റെ സ്ഥിതിഗതികൾ പരിശോധിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ഉന്നതതല യോഗം വിളിച്ചിരുന്നു.