ന്യൂഡല്‍ഹി:രാജ്യ തലസ്ഥാനത്തെ കൊവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തി കേന്ദ്ര സര്‍ക്കാര്‍. ഡല്‍ഹിയുടെ സ്ഥിതി മോശമായിക്കൊണ്ടിരിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് കേന്ദ്രത്തിന്‍റെ ഇടപെടല്‍. വിഷയത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ലെഫ്റ്റനന്‍റ് ഗവർണർ അനിൽ ബൈജൽ എന്നിവരുമായി ആഭ്യന്തര മന്ത്രി അമിത് ഷാ ചര്‍ച്ച നടത്തി.
കൊവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ രണ്ടാം തവണയാണ് ഉന്നതതല യോഗം ഡല്‍ഹിയില്‍ നടക്കുന്നത്. യോഗത്തില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ, കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ധൻ, ആരോഗ്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ഡല്‍ഹി ദുരന്ത നിവാരണ അതോറിറ്റി, ഡൽഹിയിലെ നോർത്ത് ഈസ്റ്റ് മുനിസിപ്പൽ കോർപ്പറേഷനുകളുടെ മേയർമാരായ അവ്താർ സിംഗ്, അഞ്ജു കമൽകാന്ത്, സൗത്ത് ഡല്‍ഹി മുനിസിപ്പൽ കോർപ്പറേഷന്‍റെ പ്രതിനിധി, മൂന്ന് മുനിസിപ്പൽ കോർപ്പറേഷനുകളുടെ കമ്മീഷണർമാര്‍ എന്നിവരും പങ്കെടുത്തിരുന്നു.