ശാരദാ ചിട്ടിതട്ടിപ്പ് കേസില്‍ സിബിഐ ചോദ്യം ചെയ്ത കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ സ്ഥലം മാറ്റിയേക്കും.
തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഉത്തരവ് പ്രകാരമാണ് സ്ഥലം മാറ്റം. ഫെബ്രുവരി 20 ന് മുന്‍പ് രാജീവ് കുമാറിനെ സ്ഥലം മാറ്റിയേക്കുമെന്നാണ് വിവരം. ശാരദാ ചിട്ടിതട്ടിപ്പുമായി ബന്ധപ്പെട്ട് സിബിഐ ഇദ്ദേഹത്തിനെതിരെ സുപ്രീം കോടതിയില്‍ കോടതിയലക്ഷ്യത്തിന് ഹര്‍ജി നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ കോടതി ഈമാസം 20 ന് വാദം കേള്‍ക്കും.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കാന്‍ നിലവിലെ പല ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെടാറുണ്ട്. ഇതനുസരിച്ചാണ് സ്ഥലം മാറ്റം. ജനുവരി 20 ന് ഇതുസംബന്ധിച്ച ഉത്തരവ് വിവിധ സംസ്ഥാനങ്ങള്‍ക്ക് കമ്മീഷന്‍ കൈമാറിയിരുന്നു. മൂന്ന് വര്‍ഷം തുടര്‍ച്ചയായി ഒരു സ്ഥലത്ത് ജോലി ചെയ്ത ഉദ്യോഗസ്ഥരെ ഉറപ്പായും സ്ഥലം മാറ്റണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നത്. ഫെബ്രുവരി 28 ന് മുമ്പ് ഇത് പൂര്‍ത്തിയാക്കണമെന്നായിരുന്നു നിര്‍ദ്ദേശമുണ്ടായിരുന്നത്. എന്നാല്‍ ഉത്തരവ് നടപ്പാക്കേണ്ട അവസാന തിയതി ഫെബ്രുവരി 20 ആണെന്ന് ഉദ്യോഗസ്ഥര്‍ പിന്നീട് അറിയിക്കുകയായിരുന്നു.
ശാരദാ ചിട്ടിതട്ടിപ്പ് കേസ്: പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ സ്ഥലം മാറ്റിയേക്കും - Rajeev Kumar
സബ് ഇന്‍സ്‌പെക്ടര്‍ മുതലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കും 2017 മെയ് 31 ന് ശേഷം നടന്ന തെരഞ്ഞെടുപ്പുകളില്‍ റിട്ടേണിങ് ഓഫീസര്‍, അസിസ്റ്റന്‍റ് റിട്ടേണിങ് ഓഫീസര്‍, ഡെപ്യൂട്ടി ഇലക്ഷന്‍ ഓഫീസര്‍ എന്നീ ചുമതലകള്‍ വഹിച്ച ഉദ്യോഗസ്ഥര്‍ക്കും സ്ഥലം മാറ്റം ബാധകമാകും.
![ശാരദാ ചിട്ടിതട്ടിപ്പ് കേസ്: പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ സ്ഥലം മാറ്റിയേക്കും](https://etvbharatimages.akamaized.net/etvbharat/images/768-512-2451375-228-5cd7a249-3b24-4dfe-af85-97993759cf8e.jpg)
2016 ലെ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് രാജീവ് കുമാറിനെ കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ സ്ഥാനത്തുനിന്ന് സ്ഥലം മാറ്റിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ് 2016 മെയ് 21 ന് ഇദ്ദേഹത്തെ മമതാ ബാനര്‍ജി സര്‍ക്കാര്‍ വീണ്ടും കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ സ്ഥാനത്തേക്ക് കൊണ്ടുവരികയായിരുന്നു. തിരികെ എത്തിയതിനാല്‍ കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ സ്ഥാനത്ത് രാജീവ് കുമാര്‍ വീണ്ടും മൂന്നുവര്‍ഷം തികയ്ക്കുന്നതിനാലാണ് സ്ഥലം മാറ്റം അനിവാര്യമായത്. രാജീവ് കുമാറിന് പകരം ആരാണ് ഈ സ്ഥാനത്തേക്ക് വരികയെന്നത് വ്യക്തമായിട്ടില്ല.