പനാജി:ഗോവയിൽ ഏഴ് പേർക്ക് പുതുതായി കൊവിഡ് ബാധയുണ്ടെന്ന് കണ്ടെത്തി. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയവരുടെ സാമ്പിളുകൾ പോണ്ട സബ് ജില്ലാ ആശുപത്രിയിൽ ട്രൂനാറ്റ് എന്ന ഉപകരണത്തിൽ പരിശോധന നടത്തിയപ്പോഴാണ് പോസിറ്റീവെന്ന് കണ്ടെത്തിയത്. എന്നാൽ, ഗോവ മെഡിക്കൽ കോളജിലെ വൈറോളജി ലാബിലെ പരിശോധനാ ഫലം വന്നതിന് ശേഷമേ വൈറസ് ബാധ സ്ഥിരീകരിക്കൂവെന്ന് ഗോവ ആരോഗ്യമന്ത്രി വിശ്വജിത് റാണെ അറിയിച്ചു.
ഗോവയിൽ ഏഴ് പുതിയ കൊവിഡ് കേസുകൾ കണ്ടെത്തി - ഗോവയിൽ ദ്രുതപരിശോധന
ട്രൂനാറ്റ് പരിശോധനയിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്. എന്നാൽ, ഗോവ മെഡിക്കൽ കോളജിലെ വൈറോളജി ലാബിൽ നിന്നുള്ള ഫലത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും രോഗബാധ സ്ഥിരീകരിക്കുന്നത്
ഏഴ് കേസുകളും പുറത്തു നിന്ന് സംസ്ഥാനത്തേക്ക് മടങ്ങിവന്ന ഗോവ സ്വദേശികളുടേതാണെന്നും ഇതിൽ ആറു പേർ മുംബൈയിൽ യാത്ര ചെയ്‌തിരുന്നവരാണെന്നും മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് വ്യക്തമാക്കി. ശേഷിക്കുന്ന ഒരാൾ ഗുജറാത്തിൽ നിന്ന് മടങ്ങിയെത്തിയ ഒരു ലോറി ഡ്രൈവറാണ്. നാട്ടിലേക്ക് തിരിച്ചെത്തിയപ്പോൾ തന്നെ ഇവരുമായി സമ്പർക്കത്തിൽ വന്ന കുടുംബാംഗങ്ങളെയും നിരീക്ഷണത്തിലാക്കിയതിനാൽ, വൈറസ് വ്യാപനം തടയാൻ സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് പൊതുജനങ്ങൾ ജാഗ്രതയും മുൻകരുതലുകളും സ്വീകരിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
ഗോവയിൽ ഏഴു രോഗബാധിതരും സുഖം പ്രാപിച്ചതോടെ ഈ മാസം ഒന്ന് മുതൽ സംസ്ഥാനത്തെ കേന്ദ്രം ഗ്രീൻ സോണായി പ്രഖ്യാപിച്ചിരുന്നു. കൂടാതെ, വ്യവസായങ്ങൾ ഉൾപ്പെടെ മിക്ക സാമ്പത്തിക പ്രവർത്തനങ്ങളും പുനരാരംഭിക്കാനും സംസ്ഥാന സർക്കാർ അനുമതി നൽകിയിരുന്നു.