ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിൻ പരീക്ഷണവുമായി ബന്ധപ്പെട്ട് ഡ്രഗ് കൺട്രോളർ ജനറലിന്‍റെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ സംഭവത്തില്‍ വിശദീകരണവുമായി പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട്. പരീക്ഷണം നിർത്തിവെക്കാൻ തങ്ങളോട് ഡിസിജിഐ ആവശ്യപ്പെട്ടിരുന്നില്ലെന്നും ഡ്രഗ് കൺട്രോൾ ജനറലിന് ഇതില്‍ ആശങ്കയുണ്ടെങ്കില്‍, നല്‍കുന്ന നിർദേശങ്ങൾ പാലിക്കാമെന്നും പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
വാക്‌സിൻ നിർമാതാക്കളായ ബഹുരാഷ്‌ട്ര മരുന്നു കമ്പനി അസ്‌ട്ര സെനേക്ക അമേരിക്ക, യുകെ, ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളില്‍ പരീക്ഷണം നിർത്തിവച്ച പശ്ചാത്തലത്തിലാണ് വാക്‌സിൻ പരീക്ഷണത്തില്‍ ഏർപ്പെട്ടിരുന്ന സിറം ഇൻസ്റ്റിറ്റ്യൂട്ടിന് ഡ്രഗ് കൺട്രോളർ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. മറ്റ് രാജ്യങ്ങൾ പരീക്ഷണം നിർത്തിവച്ചിട്ടും ഇന്ത്യയില്‍ തുടരാനുണ്ടായ സാഹചര്യമെന്ത്, വാക്‌സിൻ പരീക്ഷണത്തിന്‍റെ പാർശ്വഫലങ്ങളെ കുറിച്ച് എന്തുകൊണ്ട് മുന്നറിയിപ്പ് നല്‍കിയില്ല, മറ്റ് രാജ്യങ്ങൾ പരീക്ഷണം നിർത്തിവച്ചത് എന്തുകൊണ്ട് തങ്ങളെ അറിയിച്ചില്ല എന്നീ ചോദ്യങ്ങൾ ഉന്നയിച്ചാണ് ഡിസിജിഐ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.